വനിതാ ബൗൾസ് ജോഡികളായ രൂപ റാണി ടിർക്കിയും പിങ്കി സിംഗും.
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. പുരുഷന്മാരുടെ ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗിൽ ജണ്ഡു കുമാർ വെങ്കല മെഡൽ നേടിയാണ് ആദ്യ നേട്ടം ഇന്ത്യക്ക് സമ്മാനിച്ചത്.
ബൗൾസിൽ രൂപറാണി, പിങ്കി സഖ്യം തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയപ്പോൾ ബോക്സിംഗിൽ സച്ചിൻ സിവാച്ച് ജയത്തോടെ പ്രീ ക്വാർട്ടറിൽ കടന്നു. അതേസമയം നീന്തലിലും ബാസ്കറ്റ്ബോളിലും ഇന്ത്യക്ക് നിരാശയുടെ ദിനമായി മാറി.
മൂന്നാം ദിനം നീന്തൽ, ബൗൾസ്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ബോക്സിംഗ്, 3ഃ3 വീൽചെയർ ബാസ്കറ്റ്ബോൾ എന്നീ ഇനങ്ങളിലായി 14 താരങ്ങളാണ് ഇന്ത്യക്കായി മത്സരരംഗത്തിറങ്ങിയത്.
പോരാട്ടം ഇന്നലെ ഇടിക്കൂട്ടില്‍ ജയം
കോമണ്‍വെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ബോക്സർ സച്ചിൻ സിവാച്ച് പ്രീ-ക്വാർട്ടർ ഫൈനലിൽ കടന്നു. സ്കോട്ടിഷ് ഇവന്റ് ക്യാന്പസിൽ നടന്ന കടുത്ത പോരാട്ടത്തിനൊടുവിൽ കാനഡയുടെ കിയോമ അൽ-അഹ്മദിയെയാണ് താരം പരാജയപ്പെടുത്തിയത്.
26കാരനും മുൻ കോമണ്‍വെൽത്ത് യൂത്ത് ഗെയിംസ് ചാന്പ്യനുമായ താരം മൂന്ന് റൗണ്ടിലും പൊരുതി 4-1 എന്ന സ്പ്ലിറ്റ് തീരുമാനത്തിൽ വിജയം നേടി. തിങ്കളാഴ്ച വൈകുന്നേരം 4:45ന് നടക്കുന്ന റൗണ്ട് 16ൽ ഇംഗ്ലണ്ടിന്റെ വിൽ ഹെവിറ്റിനെ സച്ചിൻ നേരിടും.
രൂപ റാണി- ടിർക്കി
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ടോംഗയെ ടൈ-ബ്രേക്കറിൽ പരാജയപ്പെടുത്തി ഇന്ത്യയുടെ വനിതാ ലോണ്‍ ബൗൾസ് ജോഡികളായ രൂപ റാണി ടിർക്കിയും പിങ്കി സിംഗും വിജയക്കുതിപ്പ് തുടർന്നു.
ഇന്ത്യൻ സഖ്യം ആദ്യ സെറ്റ് 5-2ന് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റ് 4-6ന് കൈവിട്ടു. ടൈ-ബ്രേക്കറിൽ സമ്മർദത്തിനിടയിലും പിങ്കി മികച്ച പ്രകടനം പുറത്തെടുത്തതോടെ എതിരാളികൾ വീണു.
വനിതാ സഖ്യത്തിന് സെക്്ഷണൽ മത്സരങ്ങളിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. നേരത്തേ മാൾട്ടയെയും ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയ സഖ്യം നിലവിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിലും തോൽവി അറിയാത്ത ടീമാണ് ഇംഗ്ലണ്ടും.
ഗ്രൂപ്പിൽനിന്ന് ഒരു ടീമിന് മാത്രമേ സെമിഫൈനലിലേക്ക് മുന്നേറാൻ കഴിയൂ എന്നതിനാൽ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ഇന്ത്യയും ഇംഗ്ലണ്ടും ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്.
നീന്തൽ കുളത്തിൽ നിരാശ
400 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്സിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളായ ദക്ഷൻ ശശികുമാറിനും (3:58.09 സെക്കൻഡ്) ആര്യൻ നെഹ്റയ്ക്കും (4:00.26 സെക്കൻഡ്) നിരാശ. 27 താരങ്ങൾ മാറ്റുരച്ചതിൽ ഇരുവരും യഥാക്രമം 15, 16 സ്ഥാനങ്ങളിലാണ് ഫിനീഷ് ചെയ്തത്. ഇതോടെ ഇരുവർക്കും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ബാസ്കറ്റിൽ വീണു
ഇന്ത്യൻ വനിതാ 3x3 വീൽചെയർ ബാസ്കറ്റ്ബോൾ ടീം കനത്ത തോൽവി ഏറ്റുവാങ്ങി. ഗ്രൂപ്പ് ബിയിൽ വെയിൽസ് 16-1 സ്കോറിന് ഇന്ത്യയെ പരാജയപ്പെടുത്തി.
കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് നിർണായക ദിനം. സർണ മെഡൽ സാധ്യതയുള്ള ഭാരോദ്വഹന മത്സരങ്ങളിൽ ഇന്ത്യ പോരാട്ടം നടത്തും. ഒപ്പം ബോക്സിംഗ്, നീന്തൽ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് മത്സരങ്ങളിലെ കുതിപ്പ് തുടരും.
സ്വർണ മെഡൽ സാധ്യതയുള്ള മീരാബായ് ചാനുവാണ് ഇന്നത്തെ ശ്രദ്ധേയ സാന്നിധ്യം. ഭാരോദ്വഹനത്തിൽ മറ്റ് വിഭാഗങ്ങളിലായി ഋഷികാന്ത സിംഗ്, എം. രാജ എന്നിവരും മത്സരിക്കും. ബോക്സിംഗിൽ പ്രീതി പവാറും ആദിത്യ പ്രതാപ് യാദവും പോരാടും. പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തിലെ രണ്ടാം റൗണ്ടിൽ ജാദുമണി സിംഗും മത്സരിക്കും.
മത്സരം ഇന്ന്
1 പിഎം: ബൗൾസ് വനിതാ പെയേഴ്സ് വിഭാഗം പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ രൂപ റാണി ടിർക്കി, പിങ്കി സിംഗ് സഖ്യം നമീബിയയെ നേരിടും.
2 പിഎം: ഭാരോദ്വഹനം- പുരുഷന്മാരുടെ 60 കി.ഗ്രാം വിഭാഗം ഫൈനൽ (മെഡൽ മത്സരം).
4:30 പിഎം: ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്- പുരുഷന്മാരുടെ ഓൾ-റൗണ്ട് ഫൈനലിൽ (മെഡൽ മത്സരം) യോഗേശ്വർ സിംഗ്, തപൻ മൊഹന്തി.
4:39 പിഎം: നീന്തൽ- പുരുഷന്മാരുടെ 4 x 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ഹീറ്റ്സിൽ ശ്രീഹരി നടരാജ്, ആര്യൻ നെഹ്റ, അനീഷ് ഗൗഡ, ദക്ഷൻ ശശികുമാർ.
5:30 പിഎം: ഭാരോദ്വഹനം- വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഫൈനലിൽ മീരാബായ് ചാനു (മെഡൽ മത്സരം)
7:15 പിഎം: ബൗൾസ്- പുരുഷന്മാരുടെ സിംഗിൾസ് വിഭാഗം മത്സരത്തിൽ പുതുൽ സോനോവാൾ മാൾട്ടയുടെ ഷോണ്‍ ജെയിംസ് പാർണിസിനെ നേരിടും.
10:30 പിഎം: ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്- വനിതാ ഓൾ-റൗണ്ട് ഫൈനൽ (മെഡൽ മത്സരം).
10:45 പിഎം: ബോക്സിംഗ്- വനിതകളുടെ 54 കിലോഗ്രാം വിഭാഗം പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16): പ്രീതി പവാർ മലാവിയിൽനിന്നുള്ള ഡെബോറ എംടെൻജെയെ നേരിടും.
11:00 പിഎം: ഭാരോദ്വഹനം- പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗം ഫൈനലിൽ (മെഡൽ മത്സരം) എം. രാജ മത്സരിക്കും.
11:45 പിഎം: ബോക്സിംഗ്- പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗം പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) ജാദുമണി സിംഗ്.
12:45 എഎം (ജൂലൈ 26): ബോക്സിംഗ്- പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗം പ്രീ-ക്വാർട്ടറിൽ (റൗണ്ട് ഓഫ് 16) ആദിത്യ പ്രതാപ് യാദവ് ഉഗാണ്ടയുടെ നുഹു ബാറ്റെയെ നേരിടും.
Tags : CommonwealthGames MirabaiChanu Glasgow Sports