മുരളി ശ്രീശങ്കർ
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളശ്രീ. മലയാളികളായ മുരളി ശ്രീശങ്കറും മുഹമ്മദ് ബേസിലും വെള്ളി സ്വന്തമാക്കിയതോടെയാണിത്. പാരാഗെയിംസ് പുരുഷ 100 മീറ്റര്‍ ടി47ലാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ബേസിലിന്റെ വെള്ളി നേട്ടം. ഈയിനത്തില്‍ ഇന്ത്യയുടെ ദിലീപ് ഗാവിത് സ്വര്‍ണം നേടി.
പുരുഷ ലോംഗ്ജംപില് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യതാരമെന്ന ചരിത്രനേട്ടം കുറിച്ചാണ് മുരളി ശ്രീശങ്കര്‍ വെള്ളിയണിഞ്ഞത്. 8.09 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ഈ പാലക്കാട് സ്വദേശിയുടെ വെള്ളി നേട്ടം. രണ്ടാം ശ്രമത്തിലായിരുന്നു ശ്രീശങ്കര്‍ 8.09 മീറ്റര്‍ ക്ലിയര്‍ ചെയ്തത്. യോഗ്യതാ റൗണ്ടില്‍ 8.01 മീറ്ററുമായാണ് ശ്രീശങ്കര്‍ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.
ജമൈക്കയുടെ തജേ ഗെയ്ലിനാണ് സ്വര്‍ണം. 8.15 മീറ്ററാണ് ഗെയ്ല് ചാടിയത്. മൂന്നാം ശ്രമത്തില്‍ ജമൈക്കന്‍ താരം സ്വര്‍ണത്തിലേക്കുള്ള ഈ ദൂരം കുറിച്ചു. സ്കോട്ലന്ഡിന്റെ സ്റ്റീഫന്‍ (8.08) വെങ്കലം സ്വന്തമാക്കി.
രണ്ടാം വെള്ളി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാലക്കാട് സ്വദേശിയായ മുരളി ശ്രീശങ്കറിന്റെ രണ്ടാം വെള്ളി മെഡല്‍ നേട്ടമാണിത്. 2022 ബിര്‍മിംഗ്ഹാം ഗെയിംസിലും ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ലോംഗ്ജംപില് രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡ് ശ്രീശങ്കര്‍ കുറിച്ചു. സുരേഷ് ബാബു (1978, പുരുഷ വെങ്കലം), അഞ്ജു ബോബി ജോര്‍ജ് (2002, വനിത വെങ്കലം), എം. പ്രജുഷ (2010, വനിത വെള്ളി) എന്നിവര്‍ മാത്രണ് ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ലോംഗ്ജംപില് ശ്രീശങ്കറിനു മുമ്പ് മെഡല്‍ നേടിയത്.
8.03 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ശ്രീശങ്കര്‍ ഫൈനല്‍ പോരാട്ടം തുടങ്ങിയത്. രണ്ടാം ശ്രമത്തില്‍ 8.09 കുറിച്ചു. എന്നാല്‍, മൂന്നും നാലും ശ്രമങ്ങള്‍ ഫൗളായി. 7.94, 7.97 എന്നിങ്ങനെ അവസാന രണ്ട് ചാട്ടത്തോടെ മത്സരം പൂര്‍ത്തിയാക്കി. 2024ല്‍ കാല്‍മുട്ടിനേറ്റ ഗുരുതര പരിക്കില്‍നിന്നു തിരിച്ചെത്തിയാണ് ശ്രീശങ്കര്‍ ഇന്ത്യക്കായി മെഡല്‍ നേടിയതെന്നതും ശ്രദ്ധേയം.

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് പാരാഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ദിലീപ് ഗാവിതും മുഹമ്മദ് ബേസിലും സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 10.71 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തായിരുന്നു ദിപീല് സ്വര്‍ണത്തില്‍ മുത്തമിട്ടത്. 10.83 സെക്കന്‍ഡുമായി മലയാളി താരം മുഹമ്മദ് ബേസില്‍ വെള്ളിയുമണിഞ്ഞു. ഇംഗ്ലണ്ടിന്റെ കെവിന് സാന്റോസിനാണ് (10.85) വെങ്കലം.
വെളിയങ്കോട് സ്വദേശി
മലപ്പുറം വെളിയങ്കോട് സ്വദേശിയാണ് 21കാരനായ മുഹമ്മദ് ബേസില്‍. ജന്മനാ വലതു കൈമുട്ടിനുതാഴേക്ക് ഇല്ലാത്തവന്. എന്നാല്‍, തന്റെ പരിമിതിയില്‍ ജീവിക്കാന്‍ മുഹമ്മദ് ബേസില്‍ തയാറല്ലായിരുന്നു.ചെറുപ്പത്തില്‍ത്തന്നെ പാരാഅത്ലറ്റിക്സിലേക്കു തിരിഞ്ഞു. മികച്ച പ്രകടനങ്ങളിലൂടെ തിരുവനന്തപുരം സായിയില്‍ എത്തി. അവിടെവച്ചാണ് സ്പ്രിന്റ് ഇനത്തില്‍ ശ്രദ്ധ ചെലുത്തിയത്. ആ കുതിപ്പ് ഇപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിയില്‍ എത്തിനില്‍ക്കുന്നു. മുഹമ്മദ് ബേസിലിന്റെ കന്നി രാജ്യാന്തര മെഡല്‍.
അപകടം കവര്‍ന്ന കരം
മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ദിലീപ് ഗാവിത് 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ 400 മീറ്റര്‍ ടി47ല്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 23കാരനായ താരത്തിന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണ്.
അഞ്ചാം വയസില്‍ മരത്തില്‍നിന്നു വീണുപരിക്കേറ്റതോടെ വലതു കൈ മുട്ടിനു താഴെവച്ച് മുറിച്ചു മാറ്റേണ്ടിവന്നു. 2019 ഖേലൊ ഇന്ത്യ യൂത്ത് ഗെയിംസ് മുതല്‍ ദേശീയ തലത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തി.
Tags : CommonwealthGames MuraliSreeshankar Glasgow Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash