ലെയോ പതിനാലാമൻ മാർപാപ്പ
റോം: പരിസ്ഥിതിസംരക്ഷണ രംഗത്തും സാമൂഹികക്ഷേമത്തിലും വേറിട്ട സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരിൽ അന്താരാഷ്ട്ര ബഹുമതി പ്രഖ്യാപിച്ചു.
അമേരിക്കയിലെ പെൻസിൽവാനിയയിലെ വില്ലനോവ സർവകലാശാല ഏർപ്പെടുത്തിയ "പോപ്പ് ലെയോ പതിനാലാമൻ സസ്റ്റൈനബിലിറ്റി മെഡൽ' അടുത്ത ഒക്ടോബറിൽ റോമിൽ നടക്കുന്ന ചടങ്ങിൽ മാർപാപ്പതന്നെ നേരിട്ട് വിജയിക്കു സമ്മാനിക്കും.
ഒക്ടോബർ 12 മുതൽ 15 വരെ റോമിലെ പാട്രിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ട് അഗസ്റ്റീനിയാനത്തിലും മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗാണ്ടാൾഫോയിലെ ലൗദാത്തോ സീ ഉദ്യാനത്തിലുമായാണ് അന്താരാഷ്ട്ര പരിസ്ഥിതിസമ്മേളനം നടക്കുന്നത്. ഒക്ടോബർ 13ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
ലെയോ പതിനാലാമൻ മാർപാപ്പ അംഗമായ അഗസ്റ്റീനിയൻ സന്യാസസഭ 1842ൽ സ്ഥാപിച്ചതാണ് വില്ലനോവ സർവകലാശാല. ലെയോ മാർപാപ്പ പഠിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനംകൂടിയാണിത്.
1977ൽ ഇവിടെനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് 2014ൽ സർവകലാശാല ഓണററി ഡോക്ടറേറ്റും നൽകിയിരുന്നു. സർവകലാശാലയുടെ ഈ മുൻ വിദ്യാർഥിയോടുള്ള ആദരസൂചകമായാണ് രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ആദ്യ പുരസ്കാരജേതാവിനെ സെപ്റ്റംബറിൽ പ്രഖ്യാപിക്കും. ഏതു മേഖലയിലുള്ളവർക്കും പരിസ്ഥിതി-സാമൂഹിക സുസ്ഥിരതയ്ക്കായി നൽകിയ സംഭാവനകൾ മുൻനിർത്തി പുരസ്കാരത്തിന് അർഹതയുണ്ടായിരിക്കും.
Tags : protection International award Pope environmental LeoXIV Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash