പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് തുടർ നിർദേശങ്ങൾ നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിനായി തസ്തികകൾ മാറ്റിവച്ചിട്ടുള്ള മാനേജുമെന്റുകളിൽ ഭിന്നശേഷി സംവരണ നിയമത്തിന് വിധേയമായി താത്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരെ ശന്പള സ്കെയിലിൽ ക്രമീകരിക്കുന്നതിന് തുടർ നിർദേശങ്ങൾ നൽകിയാണ് ഉത്തരവ്.
ഈ ഉത്തരവ് പ്രകാരം സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനത്തിന് ഒഴിവുകൾ മാറ്റിവയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടും, നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യരായ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമനത്തിന് ലഭിച്ചില്ലെങ്കിൽ ഈ ഒഴിവുകൾ നികത്തുന്നതിന് 2016 ലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശനിയമം സെക്ഷൻ 34(2) അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.
കൂടാതെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിനുവേണ്ടി ആദ്യം വിട്ടുനൽകിയ തസ്തികയ്ക്ക് പകരം ഒഴിവുള്ള മറ്റൊരു അനുയോജ്യമായ തസ്തിക മാറ്റിവയ്ക്കുന്നതിന് അനുമതി തേടിക്കൊണ്ട് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് തീരുമാനം കൈകൊള്ളാൻ ജില്ലാതല സമിതി കണ്‍വീനർമാരെ ചുമതലപ്പെടുത്തി.
ഇതനുസരിച്ച് തസ്തികമാറ്റം നൽകുന്നതിനുള്ള അനുമതി ഒരു തവണത്തേക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Tags : AidedSchools recommendations response issued regulations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash