കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ അധ്യക്ഷതയിൽ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു.
എസ്ഐആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ആകെ 5,40,698 പുരുഷ വോട്ടര്‍മാരും 5,55,530 സ്ത്രീ വോട്ടര്‍മാരും 13 ട്രാന്‍സ് ജെൻഡര്‍ വോട്ടര്‍മാരുമായി ആകെ 10,96,241 വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരം (2,27, 403), കാസര്‍ഗോഡ് (2,09,732), ഉദുമ (2,27,200), കാഞ്ഞങ്ങാട് (2,22,825), തൃക്കരിപ്പൂര്‍ (2,09,081) എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം. പുതിയതായി പേര് ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിച്ചു വരുന്നുണ്ട്.
മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാസര്‍ഗോഡ് ഗവണ്മെന്റ് കോളജിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്കൂളിലും നടക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസർമാർ ഇവരാണ്: എഡിഎം കെ.വി. ശ്രുതി (മാന്‍പവര്‍ മാനേജ്മെന്റ്, ക്രമസമാധാനം, മാതൃകാ പെരുമാറ്റച്ചട്ടം), ആര്‍ആര്‍ തഹസില്‍ദാര്‍ കെ.ബി. രാമു (പരിശീലന വിഭാഗം), എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു (ഇവിഎം മാനേജ്മെന്റ്), സീനിയര്‍ സൂപ്രണ്ട് കെ. രമേശൻ (മെറ്റീരിയല്‍ മാനേജ്മെന്റ്), ആര്‍ടിഒ ഇന്‍ചാര്‍ജ് ജെ. ജെറാർഡ് (ട്രാന്‍സ്പോര്‍ട് മാനേജ്മെന്റ്), ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ കെ. ലീന (കംപ്യൂട്ടറൈസേഷന്), കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. രതീഷ്കുമാർ (സ്വീപ്), കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രൻ (എക്സ്പെന്‍ഡിച്ചര്‍), ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്. രോഹന് രാജ് (ബാലറ്റ് പേപ്പര്‍), എല്‍എസ്ജിഡി വിജിലന്‍സ് ഓഫീസര്‍ ടി.ടി. സുരേന്ദ്രൻ (പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍, സര്‍വീസ് വോട്ടര്‍ ആന്‍ഡ് ഇഡിസി), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനൻ (മീഡിയ, സോഷ്യല്‍ മീഡിയ), സീനിയര്‍ സൂപ്രണ്ട് വി. ശ്രീകുമാർ (എസ്എംഎസ് മോണിറ്ററിംഗ് ആൻഡ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍), ടിടിപിസി സെക്രട്ടറി കെ. ജിജേഷ് (ഒബ്സര്‍വര്‍), സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഇന്‍ചാര്‍ജ് എം.അബ്ദുള്ള (പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി), ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. ജയൻ (ഗ്രീന്‍ പ്രോട്ടോക്കോള്‍).
ജില്ലയിലെ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു. കളക്ടറുടെ ചേംബറില്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാ പ്രശ്നമുള്ള ഇടങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ അറിയിപ്പുകളും ഉത്തരവുകളും കന്നഡയില്‍ കൂടി നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു, വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, സൂപ്രണ്ട് എ. രാജീവന്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.എം. മുസ്തഫ, ഹരീഷ് ബി. നമ്പ്യാര്‍, ഹാരിസ് ചൂരി, പി. രമേശ്, കെ.എ. മുഹമ്മദ് ഹനീഫ്, വി. രാജന്, കെ.വി. രവീന്ദ്രന്, ഉമ്മര്‍ പാടലടുക്ക എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.