Kerala
കോട്ടയം: അധ്യാപന ജീവിത കാലഘട്ടത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് റോണി കെ. ബേബി എംഎൽഎ.
അദ്ദേഹം അധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായിരുന്നു ഇന്നത്തെ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവമായിരുന്നെന്ന് എംഎൽഎ പറയുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്ര ശാസ്ത്ര വിഷയത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം തന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.
കലാകാരന്റെ ഉള്ളിലെ രാഷ്ട്രീയ ബോധത്തെ അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിന്റെ രാഷ്ട്രീയ വഴിയെ പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തിയതിൽ അഭിമാനം, സന്തോഷം.
ഡിബി കോളജിലെ താത്കാലിക ജോലിക്കു ശേഷം നിയമനം ലഭിച്ചതു വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു ബിഎ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എംഎൽഎ കെ. ബിനിമോൻ. ഇക്കണോമിക്സ് വിഷയത്തിന്റെ സബ്സിഡിയറിയായിരുന്നു ഞാൻ പഠിപ്പിച്ച പൊളിറ്റിക്കൽ സയൻസ്.
കോളജിലെ കെഎസ്യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിന്റെ കോട്ടയിൽനിന്നു യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത് ഇന്നും ഓർക്കുന്നു. അതേ അദ്ഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുന്നു
അന്നൊരിക്കൽ കെഎസ്യു സമരകാലത്തു സമരം നയിച്ച് ക്ലാസിൽ എത്തിയ ബിനിമോനെ ക്ലാസിൽ നിന്ന് ഇറക്കിവിട്ടതിന്റെ പേരിൽ ഇന്നും ബിനിമോൻ തന്നോടു പരിഭവം പറയാറുണ്ടെന്നും റോണി കെ. ബേബി ഫേസ്ബുക്കിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. ഫലം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം വലിയൊരു പാഠമാണ് . ജനവിധി എപ്പോഴും വ്യക്തമായ ചില സന്ദേശങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും അരുൺ കുമാർ പറഞ്ഞു.
വി.എസ് എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്ന ജനപക്ഷ രാഷ്ട്രീയം , അഴിമതിക്കെതിരായ പോരാട്ടം, സാധാരണക്കാരന്റെ നീതി എന്നിവയിൽ നിന്നുള്ള ഏതൊരു വ്യതിചലനവും ജനങ്ങൾ കൃത്യമായി തിരിച്ചറിയുമെന്നതി തെളിവാണ് ഈ ഫലം. പ്രസ്ഥാനങ്ങൾ അടിസ്ഥാന മൂല്യങ്ങളിലേക്ക് തിരികെപ്പോകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ ഉയരുന്ന ചില പ്രവണതകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. നമ്മുടെ സർവകലാശാലകളെയും വിദ്യാഭ്യാസ കേന്ദ്രങ്ങളെയും വർഗീയ അജണ്ടകൾക്ക് പരോക്ഷമായി വിട്ട് കൊടുക്കുന്ന തരത്തിലുള്ള സമരസപ്പെടലുകൾ ഏത് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാലും അത് ഗൗരവമുള്ളതാണ്.
കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ച മതനിരപേക്ഷ-ശാസ്ത്രബോധ ചിന്തകളെ തകർക്കുന്ന ഒരു നീക്കത്തോടും ജനാധിപത്യ വിശ്വാസികൾക്ക് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇന്ധനവില വർധനയിലൂടെ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി കുറയ്ക്കാത്ത സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് ആദ്യദിനംതന്നെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിനാൽ സംസ്ഥാന വിഹിതം ഉടനടി കണക്കാക്കുന്നതിനുള്ള അനിശ്ചിതത്വം കേന്ദ്രം അവസാനിപ്പിച്ചാൽ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി.
തെരഞ്ഞെടുപ്പുഫലം വന്ന ശേഷം നാലു തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചത്. അധിക നികുതി സംസ്ഥാനം കണക്കാക്കി വരുമ്പോഴേക്കും വീണ്ടും കൂട്ടും. ഇന്ധനവില വർധനയിലൂടെ കേരളത്തിനു കിട്ടുന്ന അധിക നികുതി വരുമാനം കുറയ്ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക് പറഞ്ഞിരുന്നു.
മുൻ ധനമന്ത്രി പറഞ്ഞത് സഭാ രേഖകളിലുണ്ട്. ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. പാചക വാതക വിലക്കയറ്റം മൂലം ഹോട്ടലുകൾ പലതും പൂട്ടി. വില വർധനയുണ്ട്. ഗ്യാസ് കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരേ റെയ്ഡ് തുടരുന്നുണ്ട്.
വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. 3000 കോടിയോളം രൂപ സിവിൽ സപ്ലൈസിന് കൊടുക്കാനുള്ളത് കൊടുത്തില്ല.
ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്നു വച്ചു. കഴിഞ്ഞ സർക്കാർ ഒരു രൂപ കുറച്ചില്ലെന്നു മാത്രമല്ല, രണ്ടു രൂപ ഇന്ധന സെസായി ഈടാക്കിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.
National
ലക്നോ: ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ പരാജയം ആണ് നേരിടാൻ പോകുന്നതെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സമാജ്വാദി പാർട്ടി വൻ വിജയം നേടി അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.
"യോഗിയുടെ സർക്കാർ പൂർണ പരാജയമാണ്. സംസ്ഥാനത്തെ എല്ലാ മേഖലകളും തകർന്നിരിക്കുകയാണ്. വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണ്. ബിജെപി എംപിമാരും എംഎൽഎമാരും വരെ സംസ്ഥാന സർക്കാരിനെതിരാണ്.'-അഖിലേഷ് വിമർശിച്ചു.
"സംസ്ഥാനത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്. എങ്ങനെയെങ്കിലും സർക്കാർ മാറിയാൽ മതിയെന്നാണ് അവർ ആഗ്രഹിക്കുന്നത്. ബിജെപിക്കെതിരെ വിധിയെഴുതാൻ അവർ കാത്തിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ അവരുടെ ആഗ്രഹം സഫലമാകും.'-അഖിലേഷ് പറഞ്ഞു.
Leader Page
ജനങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങൾകൂടി നിയമസഭയിൽ പരിഗണിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിലവിൽ ജനപ്രതിനിധിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ജനങ്ങള്‍ക്കുവേണ്ടി നിയമസഭയിൽ ചോദ്യം ചോദിക്കേണ്ട ചുമതല അവര്‍ക്കാണ്. അതിലുപരിയായി എന്തുകൊണ്ട് ജനങ്ങള്‍ക്കു സഭയില്‍ നേരിട്ടു ചോദ്യം ചോദിക്കാനുള്ള ഒരു ചെറിയ സമയം അനുവദിച്ചു കൊടുത്തുകൂടാ എന്നൊരു ചിന്ത തനിക്കുണ്ടെന്നും അദ്ദേഹം ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് കോട്ടയത്ത് ദീപിക കേന്ദ്ര ഓഫീസിൽ സന്ദർശനത്തിന് എത്തിയതായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
വലിയ കെട്ടിടത്തില്‍ പരമാവധി സൗകര്യങ്ങളുടെ സ്ഥലത്ത് ഒതുങ്ങിക്കൂടേണ്ടതല്ല ജനപ്രതിനിധിസഭ. അതു ജനങ്ങളിലേക്ക് ഇറങ്ങണം. നിലവിൽ ഒരു മണിക്കൂർ ചോദ്യോത്തരവേളയുണ്ട്. അതുകൂടാതെ ജനങ്ങളുടെ നേരിട്ടുള്ള ചോദ്യം സഭയ്ക്കു പരിഗണിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. എങ്കിലും ഇതൊക്കെ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
? കേരള നിയമസഭയില്‍ ഇപ്പോള്‍ യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷനിരയും അത്ര മോശമല്ല. സ്പീക്കറെന്ന നിലയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടോ?
നിയമസഭയെ സംബന്ധിച്ച് ഒരു സ്പീക്കറുടെ ഏറ്റവും വലിയ ഗൈഡ് ലൈന്‍ എന്നു പറയുന്നത് ഒരു റൂള്‍ ബുക്കാണ്. ആ റൂള്‍ ബുക്ക് ഭൂരിപക്ഷ-ന്യൂനപക്ഷമനുസരിച്ച് മാറുന്നതല്ല. അതനുസരിച്ച് പോകുക എന്നുള്ളതാണ് സ്പീക്കറുടെ ചുമതല. നിയമസഭയിലെ ഏറ്റവും അവസാന വാക്ക് സ്പീക്കറുടേതാണ്. അതനുസരിച്ച് മുന്നോട്ടു പോകുമ്പോഴും അതു നീതിബോധത്തോടെ ചെയ്യണം. അതു കൃത്യമായി ചെയ്യുക എന്നതാണ് എന്റെ മനസിലുള്ള ചിന്ത.
? ഇത്തവണ ഒരു ബിജെപി നിരകൂടി സഭയിലുണ്ട്. അവരെയും പരിഗണിക്കേണ്ടിവരില്ലേ?
തീര്‍ച്ചയായും. സഭയിലെ അധ്യക്ഷന്റെ ആദ്യ ചുമതല നെസസറ്റീസ് പാസാക്കിക്കൊടുക്കുക എന്നുള്ളതാണ്. അതേസമയം സഭയില്‍ നമ്മള് എടുക്കുന്ന നടപടികള്‍ അംഗസംഖ്യ അനുസരിച്ചല്ലല്ലോ ചെയ്യുന്നത്. അവര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ സ്ഥാനം മാന്യമായി കൊടുക്കുക എന്നുള്ളതാണ്. അതല്ലേ എനിക്കു ചെയ്യാന്‍ സാധിക്കൂ. ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ എപ്പോഴും റിയാക്ഷന് ഉണ്ടാകുന്നത് ആക്ഷനു ശേഷമായിരിക്കും. ആക്ഷന്‍ പോസിറ്റീവാണെങ്കില്‍ റിയാക്ഷനും പോസിറ്റീവായിരിക്കും.
? കേരള നിയമസഭയിലെ ഡയസ് ഒരുപാട് കലാപത്തിനു വേദിയായതാണ്. അതൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ?
അതുണ്ടാകരുതെന്നാണ് എന്റെ താത്പര്യം. നിയമസഭയ്ക്കകത്തെ ഏറ്റവും പ്രധാന കാര്യം നിയമത്തെ വ്യാഖ്യാനിക്കുകയും നിയമപരമായി പെരുമാറുകയും ചെയ്യുക എന്നുള്ളതാണ്. ശബ്ദഘോഷംകൊണ്ടും മസില്പവറുകൊണ്ടും നിയമസഭയെ കീഴ്പെടുത്താന്‍ സാധിക്കില്ലല്ലോ. അതിനു കൂട്ടുനില്‍ക്കാനും പറ്റില്ലല്ലോ. ആ ഒരു പോയിന്റാണ് നമുക്കുള്ളത്. ഓരോരുത്തര്‍ക്കും നല്കുന്ന സമയമനുസരിച്ച് അവര്‍ക്കു പറയാനുള്ള കാര്യം പറഞ്ഞുതീര്‍ക്കാന്‍ സാധിക്കും. മാത്രമല്ല നിയമസഭയുടെ ഒരു പ്രത്യേകത അവിടെ വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടായിരിക്കും എന്നതാണ്. ഒരു പ്രശ്നത്തെ സംബന്ധിച്ച് എല്ലാവരും ഒരേ പോയിന്റില്‍ വരണമെന്നു ശഠിക്കാന്‍ പറ്റുമോ? വ്യത്യസ്താഭിപ്രായം മാനിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സാധിക്കും.
? ജനപ്രതിനിധികള്‍ നിയമസഭയിൽ പലപ്പോഴും വളരെ മോശമായി പെരുമാറുന്ന സാഹചര്യം നാം കണ്ടിട്ടുണ്ട്. വിദ്യാസമ്പന്നരായ നിരവധി പുതുമുഖങ്ങള്‍ കടന്നുവന്നിരിക്കുന്ന ഈ സഭയില്‍ അതിനൊക്കെ മാറ്റം വരുമോ?
തീര്‍ച്ചയായും. വിദ്യാസമ്പന്നതയുടെ മികവുകൊണ്ട് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു സംസ്ഥാനമാണല്ലോ കേരളം. പുതിയ സഭയിൽ 140ല്‍ 71 പേര് പുതിയ അംഗങ്ങളാണ്, ചെറുപ്പക്കാരാണ്. അവരെ നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാപ്തരാക്കണം. അവര്‍ക്ക് പരിശീലനത്തെക്കാളുപരിയായി ഇന്ററാക്ഷനുള്ള സമയം കൊടുക്കും. സംശയങ്ങള്‍ ദൂരീകരിച്ചു കൊടുത്ത് മികച്ച സാമാജികരാക്കി മാറ്റാന്‍ ശ്രമിക്കും. തങ്ങളുടെ പ്രവൃത്തികൾ ലോകം മുഴുവൻ കാണുന്നുണ്ടെന്ന ബോധ്യം ജനപ്രതിനിധികൾക്കും വേണം.
? സ്പീക്കറുടെ രാഷ്ട്രീയത്തെക്കുറിച്ച്?
സ്പീക്കര്‍ നിയമസഭയില്‍ അരാഷ്ട്രീയവാദിയായിരിക്കണം എന്നു പറയുന്നത് ശരിയല്ല. അതിലുപരിയായി പോസിറ്റീവ് എനര്‍ജി പകര്‍ന്നുകൊടുക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കണം. കേരളത്തിലെ നിയമസഭാ സ്പീക്കര്‍മാരുടെ പശ്ചാത്തലമെടുത്താല്‍ അവരാരും അവരുടെ രാഷ്ട്രീയപാര്‍ട്ടികളോടുള്ള പ്രതിബദ്ധത ഉപേക്ഷിച്ചതായി കേട്ടിട്ടില്ല. സ്പീക്കറുടെ രാഷ്ട്രീയതാത്പര്യവും നീതിയുക്തമായ തീരുമാനങ്ങളും രണ്ടും രണ്ടാണ്. നീതിബോധത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സ്പീക്കറുടെ രാഷ്ട്രീയം തടസമാകാതിരുന്നാല്‍ മതി. നമ്മുടെ സമീപനം നീതിബോധത്തോടെയായിരിക്കണം. ഇത്തവണത്തെ നിയമസഭ പല നല്ല കാര്യങ്ങളിലും റിക്കാര്‍ഡ് ഉണ്ടാക്കുന്ന ഒരു സഭയാക്കി മാറ്റാന്‍ പറ്റുമെന്നുള്ളതാണ് പ്രതീക്ഷ.
Kerala
കാക്കനാട്: കുടിയേറ്റം സീറോമലബാർ സഭയുടെ ചരിത്രത്തെയും സാമൂഹിക-ആത്മീയ ജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികവളർച്ച എന്നിവയ്ക്ക് കുടിയേറ്റം വഴിയൊരുക്കിയപ്പോൾത്തന്നെ അതു ഗൗരവമേറിയ സാംസ്കാരികവും കുടുംബപരവുമായ വെല്ലുവിളികളും ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (എൽആർസി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ തട്ടിൽ.
സമൂഹത്തെയും സഭയെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളിൽ അക്കാദമികവും ദൈവശാസ്ത്രപരവുമായ ഗൗരവമേറിയ ചർച്ചകൾക്ക് എൽആർസി നേതൃത്വം നൽകുന്നതിനെ മേജർ ആർച്ച്ബിഷപ് അഭിനന്ദിച്ചു.
ലിറ്റർജിക്കൽ റിസർച്ച് സെന്റർ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ മുഖ്യപ്രഭാഷണവും മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും നടത്തി. സീറോമലബാർ സഭാ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ പ്രസംഗിച്ചു. എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ സ്വാഗതമാശംസിച്ചു.
‘കുടിയേറ്റം: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന സെമിനാറിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട 12 ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.
വൈദികർ, സന്യസ്തർ, ഗവേഷണ വിദ്യാർഥികൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, വിവിധ മേഖലകളിൽനിന്നുള്ള അല്മായ ഉൾപ്പെടെയുള്ള പ്രതിനിധികളാണു സെമിനാറിൽ പങ്കെടുക്കുന്നത്. സെമിനാർ ഇന്നു സമാപിക്കും.
Kerala
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇത്തരം ഘട്ടം എൽഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമായി ആരും കാണേണ്ട. തങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയിൽ പിണറായി വിജയൻ പറഞ്ഞു. മാലിന്യ പ്രശ്നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിന്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു.
പുതിയ സർക്കാറിന്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അങ്ങനെ അല്ലെങ്കിൽ എതിർക്കുമെന്നും പിണറായി പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയുടെ സ്പീക്കറായി ബിജെപി എംഎൽഎ രതീന്ദ്ര ബോസിനെ തെരഞ്ഞെടുത്തു. രതീന്ദ്ര ബോസിനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.
ദക്ഷിണ കൂച്ച്ബെഹാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രതീന്ദ്ര ബോസ്. തെരഞ്ഞെടുപ്പിൽ 23284 വോട്ടുകൾക്ക് ടിഎംസി സ്ഥാനാർഥി അവിജിത് ഡി ഭൗവ്മിക്കെനെയാണ് പരാജയപ്പെടുത്തിയത്.
Kerala
കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രൂപത എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് കുട്ടിക്കാനം മരിയന്‍ കോളജില്‍ തുടക്കമായി. നാലു ദിവസത്തെ അസംബ്ലിയില്‍ വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും 175 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ഇന്നലെ രാവിലെ ഫാ. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ ധ്യാനചിന്തകള്‍ പങ്കുവച്ചു. തുടര്‍ന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സിഞ്ചെല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ജോസ് വെള്ളമറ്റവും പൊതുനിര്‍ദേശങ്ങള്‍ നല്കി.
വിശ്വാസപരിശീലന ജീവിതം സംബന്ധിച്ച് ഫാ. ഡോ. ആന്‍ഡ്രൂസ് പാണംപറമ്പിലും, ദൈവവചനം വിശ്വാസജീവിതപരിശീലനത്തില് എന്നതില്‍ ഫാ. ഡോ. ആന്റണി ചെല്ലംതറയിലും വിഷയാവതരണം നടത്തി. ഫാ. ഡോ. വര്‍ഗീസ് കൊച്ചുപറമ്പില്‍ മോഡറേറ്ററായിരുന്നു.
ദൈവാരാധനയും ക്രൈസ്തവജീവിതവും എന്നതില്‍ ഫാ. ഡോ. ജേക്കബ് കിഴക്കേവീട് വിഷയാവതരണം നടത്തി. ഫാ. ഡോ. ജയിംസ് ചവറപ്പുഴ മോഡറേറ്ററായിരുന്നു. എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും.
National
തിരുവനന്തപുരം: എൽഡിഎഫിന്റെ പരാജയ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എൽഡിഎഫിൽ ആരും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചർച്ചയിൽ വന്നിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആൾ വേണമെന്ന് എൽ ഡി എഫിൽ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രാമകൃഷ്ണൻ.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐ ചോദിച്ചതായി മാധ്യമങ്ങളിൽ നിന്നാണറിഞ്ഞത്. പാർട്ടിയുടെ തോൽവി സംബന്ധിച്ച് താഴ്ഘടകങ്ങളിൽ ചർച്ച ചെയ്തതിനുശേഷം ജൂൺ അവസാനമേ തീരുമാനംഉണ്ടാകൂ. ആശാ സമരം ഉദ്ദേശശുദ്ധിയുളളതായിരുന്നില്ല. അതുകൊണ്ടാണ് അതിനെ തള്ളിപ്പറഞ്ഞത്.
ഗവൺമെന്റ് വന്നില്ലെങ്കിലും സപ്ലെകോയിൽ അരിക്കു വില കൂട്ടികൊണ്ട് ജനദ്രോഹത്തിന് യു വിഎഫ് തുടക്കമിട്ടു കഴിഞ്ഞു. സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങുംമാറ്റി തുടങ്ങി. എന്നിട്ടും. മുഖമന്ത്രി ആരെന്ന് പോലും തീരുമാനിച്ചിട്ടില്ലെന്ന് എകെജി സെന്ററിൽ നടന്ന പത്രസമ്മളനത്തിൽ രാമക്യഷ്ണൻ വിമർശിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ ചൊല്ലി ചർച്ച വേണ്ടെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിൽ പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ആദ്യ ദിനങ്ങളിൽ മുഖ്യമന്ത്രി വിജയ്യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള വാക്പോരും സൗഹൃദവും വാർത്തകളിൽ ഇടംപിടിച്ചു. ജെസിഡി പ്രഭാകറെ സ്പീക്കറായി തെരഞ്ഞെടുത്ത ചടങ്ങിൽ വിജയ് പങ്കുവെച്ച കഥയും ഉദയനിധി നടത്തിയ രാഷ്ട്രീയ പരാമർശവുമാണ് ചർച്ചയാകുന്നത്.
ജെസിഡി പ്രഭാകറെ സ്പീക്കർ കസേരയിലേക്ക് ആനയിക്കുന്ന വേളയിൽ, തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരു 'കുട്ടി സ്റ്റോറി' പറഞ്ഞാണ് വിജയ് സഭയെ കയ്യിലെടുത്തത്. സ്പീക്കർ പദവിക്ക് പണ്ട് ആരും തയ്യാറാകാതിരുന്ന ഒരു കാലത്തെക്കുറിച്ചാണ് വിജയ് വിവരിച്ചത്.
പണ്ട് ബ്രിട്ടീഷ് പാർലമെന്റിൽ സ്പീക്കർ പദവി എന്നത് അതീവ അപകടം പിടിച്ച ഒന്നായിരുന്നു. പാർലമെന്റിന്റെ തീരുമാനങ്ങൾ രാജാവിനെ അറിയിക്കേണ്ട ചുമതല സ്പീക്കർക്കായിരുന്നു. സഭയുടെ നിലപാട് രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്പീക്കറുടെ തല കൊയ്യാൻ വരെ അന്ന് രാജാവിന് അധികാരമുണ്ടായിരുന്നു.
അതുകൊണ്ടാണ് പുതിയ സ്പീക്കറെ കസേരയിലേക്ക് 'വലിച്ചു കൊണ്ടുപോകുന്ന' ഒരു രീതി ബ്രിട്ടീഷ് പാർലമെന്റിൽ ഉണ്ടായത്. ആ പാരമ്പര്യത്തിന്റെ ബാക്കിയായാണ് ഇന്നും സ്പീക്കറെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ചേർന്ന് ആനയിക്കുന്നത്. തന്റെ പഴയ കോളേജ് സഹപാഠികൂടിയായ ഉദയനിധി സ്റ്റാലിൻ, പ്രഭാകറെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചപ്പോൾ സഭയിൽ ചിരിപടർത്തിയ ഒരു മുഹൂർത്തമായിരുന്നു ഇത്.
സഭയിൽ വിജയ് സാന്നിധ്യമറിയിച്ച അതേ വേളയിൽ തന്നെ, തന്റെ വിവാദമായ 'സനാതന ധർമ' പരാമർശം ആവർത്തിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ ഭരണപക്ഷത്തെ ഞെട്ടിച്ചു. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണം എന്ന തന്റെ പഴയ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു:
ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമത്തെ ഇല്ലാതാക്കണമെന്നും സാമൂഹിക നീതിക്ക് അത് തടസമാണെന്നും ഉദയനിധി പറഞ്ഞു.വിജയ്യും താനും ഒരേ കോളേജിൽ പഠിച്ചവരാണെങ്കിലും ഭരണകാര്യത്തിൽ താനാണ് സീനിയറെന്നും പുതിയ സർക്കാരിന് കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ ഡിഎംകെ സജ്ജമാണെന്നും അദ്ദേഹം പരിഹസിച്ചു. ഉദയനിധിയുടെ ഈ തമാശ കലർന്ന വെല്ലുവിളിയെ പുഞ്ചിരിയോടെയാണ് മുഖ്യമന്ത്രി വിജയ് സ്വീകരിച്ചത്.
സിനിമയിലെ രണ്ട് വമ്പൻ താരങ്ങൾ ഇപ്പോൾ തമിഴ്നാട് നിയമസഭയിൽ രണ്ട് ചേരികളിലായി എത്തുമ്പോൾ, വരും ദിവസങ്ങളിൽ സഭാനടപടികൾ കൂടുതൽ ആവേശം നിറഞ്ഞതാകുമെന്ന് ഉറപ്പാണ്. പാരമ്പര്യവും ചരിത്രവും ഓർമ്മിപ്പിച്ചുകൊണ്ട് വിജയ് തന്റെ രാഷ്ട്രീയ പക്വത തെളിയിച്ചപ്പോൾ, തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് ഉദയനിധിയും വ്യക്തമാക്കി.
Kerala
കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി അതിരൂപതയുടെ കിഴക്കൻ മേഖല വിഭജിച്ച് 1977ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലിവർഷത്തിൽ. രണ്ടാമത് എപ്പാർക്കിയൽ അസംബ്ലിയോടെ രൂപതയുടെ സുവർണ ജൂബിലി വർഷാചരണത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതല്‍ വെള്ളി വരെ കുട്ടിക്കാനം മരിയന്‍ കോളജില്‍ നടക്കുന്ന രൂപത അസംബ്ലിയിൽ വിവിധ തലങ്ങളിൽനിന്നു 180 പ്രതിനിധികൾ പങ്കെടുക്കും.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന അസംബ്ലിയിൽ രൂപതയുടെ അജപാലന സാമൂഹിക സേവനാഭിമുഖ്യങ്ങൾ വിലയിരുത്തി കാലോചിത നവീകരണ ശിപാർശകൾ നൽകപ്പെടും. രൂപതയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്ത മാർഗരേഖയുടെ വെളിച്ചത്തിൽ തയാറാക്കിയ വിഷയാവതരണരേഖയാണ് അസംബ്ലിയിൽ ചർച്ച ചെയ്യുന്നത്. മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലിയുടെയും എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. മാർ മാത്യു അറയ്ക്കൽ സന്ദേശം നൽകും. 15ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും.
അസംബ്ലി ക്രമീകരണങ്ങൾ സംബന്ധിച്ച് രൂപതാ സിഞ്ചെല്ലൂസും അസംബ്ലി ജനറൽ കോ-ഓർഡിനേറ്ററുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, അസംബ്ലി നടപടികള്‍ സംബന്ധിച്ച് പ്രോട്ടോ സിഞ്ചെല്ലൂസും അസംബ്ലി ജനറല്‍ കണ്‍വീനറുമായ ഫാ.ഡോ. ജോസഫ് വെള്ളമറ്റം എന്നിവർ നിര്‍ദേശങ്ങള്‍ നല്‍കും. രൂപതാ ചാൻസലർ ഫാ.ഡോ.മാത്യു ശൗര്യാംകുഴി അസംബ്ലി പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
ക്രൈസ്തവ വിശ്വാസം, ദൈവാരാധന, സഭ, ജീവകാരുണ്യ, സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ ഫാ.ഡോ. ജേക്കബ് കിഴക്കേവീട്, ഫാ.ഡോ. കുര്യൻ താമരശേരി, ഫാ.ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ, ഫാ.ഡോ. ആന്റണി ചെല്ലന്തറ, ഫാ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ, ഷേർളി ചെറിയാൻ, ഹാരി ജോസഫ്, ഫാ. റോയി വടക്കേൽ, സിസ്റ്റർ ഡോ. സെലിൻ കൂനംപാറയിൽ, ഡോ. ബിനോ പെരുന്തോട്ടം, ഫാ. സാബു കുമ്പുക്കൽ, ഫാ.ഡോ. ഫ്രാൻസിസ് ഇലവത്തുങ്കൽ എന്നിവർ വിഷയാവതരണങ്ങൾ നടത്തും
അസംബ്ലി ക്രമീകരണങ്ങൾക്ക് ജൂബിലി വർഷാചരണത്തിന്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാൾ ഫാ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, രൂപത പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, കുട്ടിക്കാനം മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഞള്ളിയിൽ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പേഴുംകാട്ടിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പെരുന്തോട്ടം, ഡെപ്യൂട്ടി സെക്രട്ടറി അഡ്വ. ഷാൻസി മോൾ ഫിലിപ്പ്, പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ നേതൃത്വം നൽകും.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അണികളെ നേതാക്കൾ നിയന്ത്രിക്കണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ വിജയം കൂട്ടായ്മയുടെ ഭാഗമാണിതെന്നും അടൂർ പ്രകാശ് പറഞ്ഞു.
വിജയം ആരുടെയും ഒറ്റയ്ക്ക് ഉള്ള നേട്ടം അല്ല, കൂട്ടായ നേട്ടം. തെരുവ് യുദ്ധത്തിൽ ആരും പങ്കാളികളാക്കരുത്. നേതാക്കൾ നിയന്ത്രിക്കണം. ശെരിയോ തെറ്റോ എന്ന് നേതാക്കൾ തീരുമാനിക്കണം.
വിഷയത്തിൽ ഘടകകക്ഷികൾക്ക് അഭിപ്രായം പറഞ്ഞുകൂടാ എന്നില്ല. ഘടകക്ഷികളിൽ നിന്ന് അഭിപ്രായങ്ങൾ തേടും. ഇന്ന ആള് വരണമെന്നുള്ള അഭിപ്രായം ഘടകകക്ഷികളിൽ നിന്ന് ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോട്ടയം: സിപിഎമ്മിനും എൽഡിഎഫ് നേതാക്കൾക്കും കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വിമർശനം. സിപിഎം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തു.
സാധാരണ ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്.
തോൽവിയുടെ കാരണം മുഖ്യമന്ത്രിയാണ്. ഇനിയും പിണറായി തന്നെ നയിച്ചു മുന്നോട്ട് പോയാൽ കനത്ത തിരിച്ചടി ഉണ്ടാകും. ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് പോകും. അത് കൊണ്ട് തന്നെ പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാവണമെന്ന സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് നല്ലതാവുമെന്നും അഭിപ്രായം ഉയര്‍ന്നു.
Kerala
തിരുവനന്തപുരം: കേരളത്തിൽ നേരിട്ട കനത്ത തിരിച്ചടിയിൽ വിലയിരുത്തലുമായി സിപിഐ . സിപിഐ നയങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിച്ച ഉണ്ടായെന്ന് പാർട്ടി വിലയിരുത്തൽ.
ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനം തോൽവിക്ക് പ്രധാന കാരണമായി. കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും പ്രാഥമിക വിലയിരുത്തൽ മാത്രമാണ് നടത്തിയതെന്ന് നേതാക്കൾ അറിയിച്ചു.
പിഎം ശ്രീ, ഇലപ്പുള്ളി ബ്രൂവറി പ്രശ്നങ്ങൾ നിർണായകമായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പാർട്ടി പല വിഷയങ്ങളിലും ശക്തമായി വിയോജിപ്പറിയിച്ചെങ്കിലും പുറത്ത് ജനങ്ങൾ അറിഞ്ഞത് പിഎം ശ്രീയും, ഇലപ്പുള്ളിയും മാത്രമാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.
അതേസമയം സിപിഎം പല തീരുമാനങ്ങളും ഘടക കക്ഷികളെ ബോധ്യപ്പെടുത്തിയില്ലെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. സംസ്ഥാനത്തെ 24 സീറ്റുകളിൽ മത്സരിച്ച സിപിഐയ്ക്ക് എട്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), മുഹമ്മദ് മുഹ്സിൻ (പട്ടാമ്പി), കെ. രാജൻ (ഒല്ലൂർ), ഗീതാ ഗോപി (നാട്ടിക), കെ.കെ. വത്സരാജ് (കയ്പ്പമംഗലം), പി പ്രസാദ് (ചേർത്തല), സി അജയപ്രസാദ് (പുനലൂർ), ജി ആർ അനിൽ (നെടുമങ്ങാട്) എന്നിവരാണ് വിജയിച്ചത്.
2021ൽ 17 സീറ്റുകളിലാണ് പാർട്ടി വിജയിച്ചിരുന്നത്. ഇക്കുറി ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും മത്സരിച്ച സിപിഐ മന്ത്രിമാരിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഐയ്ക്ക് ആശ്വാസമായി. സിറ്റിംഗ് സീറ്റായിരുന്ന ചടയമംഗലത്ത് മത്സരിച്ച മുൻ മന്ത്രി ജെ. ചിഞ്ചുറാണി മാത്രമാണ് പരാജയപ്പെട്ടത്.
Kerala
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നടപടിയുമായി മുസ്ലിം ലീഗ്. മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ. ഷാഹുല്‍ ഹമീദ്, ഭാര്യ നദീറ ഷാഹുല്‍ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി.
കൂത്തുപറമ്പിലെ പരാജയം പഠിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു. ഷാഹുല്‍ ഹമീദ് വോട്ടുമറിച്ചെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി.കെ. പ്രവീണ്‍ 1,286 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജയന്തി രാജന് 69,182 വോട്ടുകളാണ് ലഭിച്ചത്.
ജയന്തി രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഷാഹുല്‍ വിട്ടു നിന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നദീറയുടെ വാട്സാപ്പ് സ്റ്റാറ്റസിൽ പ്രവീണിനായി വോട്ട് തേടിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഷാഹുലിനെതിരെ യൂത്ത് ലീഗിന്റെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഷാഹുലിന്റെ കോലം കത്തിക്കുന്നതുൾപ്പെടെ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ പരാജയപ്പെട്ടത് കേരളത്തിൽ ആകമാനം ഉണ്ടായ യുഡിഎഫ് തരംഗത്തിന്റെ ഭാഗമായാണെന്ന് ഐഎൻഎൽ നേതാവും എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന അഹമ്മദ് ദേവർകോവിൽ. വൈകാരികമായ വിഷയങ്ങളിൽ ഊന്നിയുള്ള യുഡിഎഫ് പ്രചാരണം ക്ലച്ച് പിടിച്ചു എന്നാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അതേസമയം, കോഴിക്കോട് സൗത്തിൽ ബിജെപിയുടെ വോട്ട് വർധിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
9,422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോഴിക്കോട് സൗത്തിൽ യുഡിഎഫിന്റെ ഫൈസൽ ബാബു വിജയിച്ചത്. ടി. റെനീഷായിരുന്നു മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി.
Kerala
തൃശൂർ: എൽഡിഎഫിന്റെ പരാജയകാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐ നേതാവും നിയുക്ത ഒല്ലൂർ എംഎൽഎയുമായ കെ. രാജൻ. വിമോചന സമരത്തിന് സമാനമായ പ്രവർത്തനം പിണറായി സർക്കാരിന് എതിരെ നടന്നു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം എറ്റെടുക്കാൻ സിപിഐ തയാറല്ലെന്നും കെ. രാജൻ പറഞ്ഞു. തി
രുത്തലുകൾ വരുത്തിയും പഠിച്ചും ഇടതുപക്ഷ മുന്നണി തിരിച്ചു വരുമെന്നും രാജൻ വ്യക്തമാക്കി. പരാജയത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രിയല്ലന്ന് സിപിഐ വ്യക്തമാക്കി കഴിഞ്ഞുവെന്ന് രാജൻ പറഞ്ഞു.
പരാജയവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിക്കെതിരായ പ്രചാരണങ്ങൾ ഏറ്റെടുക്കാൻ തങ്ങൾ തയ്യാറല്ല. ഭരണവിരുദ്ധ വികാരമാണ് പരാജയത്തിന് കാരണമെന്ന് അഭിപ്രായവും സിപിഐക്കില്ല. 59ലെ വിമോചന സമരത്തിന് തുല്യമായ നിലയിലുള്ള പ്രവർത്തനം സർക്കാരിനെതിരെ നടന്നു. അത് ഏത് നിലയിൽ വളർന്നു എവിടം വരെ പോയി എന്ന് അടക്കമുള്ള കാര്യങ്ങൾ ആഴത്തിൽ പഠിക്കും.
മുന്നണിക്കെതിരെ സംഘം ചേർന്നവരുടെ ചരിത്രവും പാരമ്പര്യവും വിശകലനത്തിന് വിധേയമാക്കുമെന്നും രാജൻ വ്യക്തമാക്കി. രും ദിവസങ്ങളിൽ പാർട്ടികൾക്കുള്ളിലും മുന്നണിക്ക് ഉള്ളിലും പ്രവർത്തകർക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും കേൾക്കും. കേവലമായ വിലയിരുത്തുകൾ അല്ല തിരുത്തലുകൾ വരുത്തിയും പഠിച്ചും ഇടതുപക്ഷ മുന്നണി തിരിച്ചു വരുമെന്നും രാജൻ പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ഇത്തരമൊരു വിധിയുണ്ടാകുമെന്ന് കണക്കാക്കിയില്ല. എല്ലാ രംഗങ്ങളിലും കേരളം വളർച്ച ഉണ്ടാക്കിയ കാലഘട്ടമാണ് കടന്നുപോയതെന്നും ജയരാജൻ പറഞ്ഞു.
ഇടതുപക്ഷം കേരളത്തിൽ ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും. ഭരണവിരുദ്ധ വികാരമല്ലെന്നും കഴിഞ്ഞ സർക്കാർ എന്തെങ്കിലും ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്നും ജയരാജൻ ചോദിച്ചു.
കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണ്. അത്യന്തം തകർച്ചയിലാണ് കോൺഗ്രസ്. 102 സീറ്റ് നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകുന്നില്ല. ബിജെപി മൂന്ന് സീറ്റ് നേടിയത് ദുഃഖത്തിന്റെ ആരംഭമാണ്.
ഗ്രൂപ്പ് തിരിഞ്ഞു മുഖ്യമന്ത്രി ആയാൽ ഒരു ഭരണം ഉണ്ടാകുമോ. ഉദ്യോഗസ്ഥ തലത്തിലും ഗ്രൂപ്പ് ഉണ്ടാകും. 10 വർഷത്തിനിടെ ഒരു പിശകും ഉണ്ടായില്ലെന്ന് പറയുന്നില്ല. സിപിഎം മനുഷ്യരുടെ പാർട്ടി ആണ്. ഭാവിയിൽ തെറ്റ് പറ്റാതിരിക്കാൻ ശ്രമിക്കും. ഇടതുപക്ഷം തകർന്നു എന്ന് കരുതരുത്. ചോർന്നു പോയ ജനകീയ ശക്തി തിരിച്ചു പിടിക്കാൻ ശ്രമിക്കുമെന്നും ജയരാജൻ പറഞ്ഞു.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആര്.എന്‍. രവി നിയമസഭ പിരിച്ചുവിട്ടത്. അതേസമയം മമത ബാനർജി രാജിവയ്ക്കാൻ തയാറായിരുന്നില്ല.
നിയമസഭ തെരഞ്ഞെടുപ്പിൽ 207 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചെങ്കിലും മമത ഒഴിയാൻ തായറാകാത്തത് വലിയ പ്രതിസന്ധിയാണ് ബംഗാളിൽ സൃഷ്ടിക്കുന്നത്. ശനിയാഴ്ച ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മമത രാജിയ്ക്ക് തയാറാകാതെ നിൽക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നാണ് മമതയുടെ നിലപാട്. ഗവർണർ തന്നെ പുറത്താക്കട്ടെ എന്നാണ് മമതയുടെ വാദം. വെള്ളിയാഴ്ച ഗവർണർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നാണ് വിവരം. 294 അംഗ സഭയിൽ 80 സീറ്റുകൾ മാത്രമാണ് മമതയുടെ തൃണമൂൽ കോൺഗ്രസിനു നേടാനായത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ബിജെപിയുടെ മുന്നേറ്റമാണ് തന്റെ പരാജയത്തിന് കാരണമെന്ന് സിപിഎം സ്ഥാനാർഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ. പാർട്ടി വോട്ട് ഉൾപ്പെടെ ബിജെപിക്ക് ലഭിച്ചു. ഈ പോക്കാണ് പോകുന്നതെങ്കിൽ സംസ്ഥാനത്ത് ബിജെപി കൂടുതൽ മുന്നേറ്റം നടത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് സ്ഥാനാർഥികളും മണ്ഡലത്തിൽ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി കുറച്ചുകൂടി കടന്നു പ്രവർത്തിച്ചു എന്നുവേണം കരുതാൻ. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ഒമ്പതിനായിരത്തോളം വോട്ടുകൾ അവർ അധികം നേടിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.
കടുത്ത പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ. ജയന്ത് 1483 വോട്ടുകൾക്കാണ് തോട്ടത്തിൽ രവീന്ദ്രനെ വീഴ്ത്തിയതെങ്കിലും ബിജെപിയുടെ കുതിപ്പാണ് തന്റെ പരാജയത്തിന് കാരണമെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറയുന്നു.
2021ൽ എംടി രമേശ് 30952 വോട്ടുകൾ നേടിയ സ്ഥാനത്ത് ഇക്കുറി നവ്യ ഹരിദാസ് 39899 വോട്ടുകളാണ് നേടിയത്. ഇതിൽ വലിയൊരു പങ്കും പാർട്ടി വോട്ടുകളാണെന്നും തോട്ടത്തിൽ രവീന്ദ്രൻ തുറന്നു പറയുന്നു. മാത്രമല്ല കാര്യങ്ങൾ ഇത്തരത്തിലാണ് പോകുന്നതെങ്കിൽ ബിജെപിയുടെ സ്വാധീനം വർധിക്കുമെന്നാണ് തോട്ടത്തിൽ രവീന്ദ്രന്റെ വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതൊരു പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഈ പരാജയം കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിയാനോ മാറത്തടിച്ച് നിലവിളിക്കാനോ പോകുന്നില്ലെന്നും പാഠങ്ങള്‍ പഠിച്ച് മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ട് മാത്രമേ പോകാനാവുകയുളളു എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരു പരാജയമാണ്. അതിന് വേറൊരു പേരില്ല. പേരൊന്ന് മാത്രം. പരാജയം. അങ്ങനെ സംഭവിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിഞ്ഞ് പോകുന്നില്ല. മാറത്തടിച്ച് നിലവിളിക്കാനും പോകുന്നില്ല. ഞങ്ങള്‍ അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും.
എവിടെയാണ് വീഴ്ച്ചയുണ്ടായതെന്ന് പരിശോധിക്കും. മാറ്റങ്ങള്‍ വരുത്തും. തിരുത്തലുകള്‍ വരുത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ടേ പോകാനാവൂ. ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും'- ബിനോയ് വിശ്വം പറഞ്ഞു.
Kerala
കൊല്ലം: ഇത്തവണ കൂടി തോറ്റിരുന്നെങ്കിൽ ആർഎസ്പി ഇല്ലാതാകുമായിരുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തം തന്റെ ചുമലിൽ വരുമായിരുന്നുവെന്നും പാർട്ടി പഴയ പ്രതാപകാലത്തേക്ക് തിരിച്ചുവന്നു എന്നും പ്രേമചന്ദ്രൻ പറഞ്ഞു.
വി.എസ്. അച്യുതാനന്ദൻ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പിന് സിപിഎം അത്ര പ്രാധാന്യം നൽകിയില്ല. വിഎസിനെ പാർശ്വവത്ക്കരിച്ചതിനുള്ള തിക്തഫലമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ തോൽവിയിൽ അതൃപ്തി പരസ്യമാക്കി എല്‍ഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും പ്രതിഭ പറഞ്ഞു.
പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും പ്രതിഭ പറയുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭയുടെ വിമര്‍ശനം.
സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ ആയില്ലെന്നാണ് പ്രതികരിച്ച പ്രതിഭ, ആധികാരികമായി പാർട്ടി പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്.
കായംകുളത്ത് തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു എന്നാണ് പ്രതിഭയുടെ ആരോപണം. ഇത് എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായി. കേരളത്തിൽ മൊത്തം ഇത്തരത്തിൽ പ്രതി പ്രവർത്തനം നടന്നിട്ടുണ്ടെന്നും പ്രതിഭ പ്രതികരിച്ചു.
എൽഡിഎഫ് സ്ഥാനാർഥിയായ അഡ്വ. യു പ്രതിഭ 77,348 വോട്ടുകളായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയത്. യുഡിഎഫിന്റെ അരിത ബാബു 71,050 വോട്ടുകൾ (44.06%) നേടി മികച്ച പ്രകടനം മത്സരം നൽകിയിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ നടന്നത്. 6,298 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രതിഭ അന്നു ജയിച്ചുകയറിയത്. എന്നാല്‍, ഇത്തവണ 15,572 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി എം. ലിജു മണ്ഡലം പിടിച്ചു.
76,651 വോട്ടുകൾ നേടിയാണ് യുഡിഎഫ് സ്ഥാനാർഥി എം. ലിജു വിജയിച്ചത്. യു. പ്രതിഭയ്ക്ക് 61079 വോട്ടുകളും ബിഡിജെഎസ് സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്ക് 16,973 വോട്ടുകളുമാണ് ലഭിച്ചത്.
Kerala
കണ്ണൂർ: സിപിഎം തിരുത്തലിന് തയാറായില്ലെങ്കിൽ കേരളം ബംഗാൾ ആകുമെന്ന് പയ്യന്നൂർ നിയുക്ത എംഎൽഎ വി.കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി കുടുംബങ്ങൾ ഉൾപ്പെടെ തനിക്ക് വോട്ട് ചെയ്തെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വിജയിച്ചശേഷം പ്രാദേശിക സിപിഎം നേതാക്കൾ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുക അസാധ്യമായിരുന്നു. ഞാൻ ഉന്നയിച്ച വിഷയം ശരിയാണെന്ന് ബോധ്യമായിരുന്നു വോട്ടർമാർക്കെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അടിയൊഴുക്ക് ഇത്രത്തോളം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഒന്നാം റൗണ്ട് എണ്ണിയപ്പോൾ തന്നെ സൂചന കിട്ടിയിരുന്നു. എല്ലാ പഞ്ചായത്തിലും പ്രതീക്ഷിച്ചതിലും വോട്ട് കിട്ടി. ധനരാജിന്റെ നാട്ടിൽ മൂവായിരത്തിലധികം വോട്ടിന് ലീഡ് കിട്ടിയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Kerala
ആലപ്പുഴ: എല്‍ഡിഎഫിനേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് സജി ചെറിയാന്. പരാജയത്തെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുമെന്നും തിരുത്തലിലൂടെ തിരിച്ചുവരുമെന്നും സജി ചെറിയാൻ പറഞ്ഞു.
"ഭരണവിരുദ്ധ വികാരമില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നു. സര്‍ക്കാരിന്റെ വികസനം ജനങ്ങളില്‍ എത്തിയില്ല. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപി ധാരണ ഉണ്ടായിട്ടുണ്ട്.'-സജി ചെറിയാൻ.
അമ്പലപ്പുഴയും ചെങ്ങന്നൂരും ബിജെപിയുടെ വോട്ട് കുറഞ്ഞു. ബിജെപി ജയിച്ചിടത്ത് യുഡിഎഫിനും വോട്ടും കുറഞ്ഞു. എല്‍ഡിഎഫ് ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം ഫലം കണ്ടു. മൈല്‍ക്കുറ്റിക്ക് പോലും പണം കൊടുത്തു എന്നതാണ് സാഹചര്യം എന്നും സജി ചെറിയാന് പറഞ്ഞു.
വോട്ട് ചെയ്ത ജനങ്ങള്‍ ആറുമാസത്തിനകം യുഡിഎഫിനെ തള്ളിപ്പറയും. ബിജെപി വിജയം ആശങ്കയുണ്ടാകുന്നു. വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ ലീഗും ബിജെപിയും ശ്രമിക്കും. പ്രതിപക്ഷ നേതാവിനെ നാളെ തീരുമാനിക്കും. അമ്പലപ്പുഴ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ പരാജയം പരിശോധിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
Kerala
കൊച്ചി: ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് ആയുധം വച്ച് കീഴടങ്ങിയിരിക്കുകയാണ് പി. രാജീവ്. എന്നാല്‍ മാളത്തില്‍ ഒളിക്കാനില്ല. ജനവിശ്വാസം ആര്‍ജ്ജിച്ച് ശക്തമായി തിരിച്ചു വരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും എന്നു പറഞ്ഞു കൊണ്ടാണ് തിരികെ പോക്ക്. സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാവായി ഖ്യാതി നേടിയ പി. രാജീവിന് അടിപതറിയത് എവിടെയാണ്?
വ്യവസായ മന്ത്രിയായി കൊണ്ടുവന്ന വികസനങ്ങള്‍ എണ്ണി പറയുമ്പോഴും താന്‍ നില്ക്കുന്ന ഭൂമിയിലെ മണ്ണൊലിച്ചു പോകുന്നത് രാജീവ് അറിഞ്ഞിരുന്നില്ല. കേരളത്തിലെ മികച്ച മന്ത്രിമാരില്‍ ഒരാള്‍, കഴിഞ്ഞ സര്‍ക്കാരിലെ ഏറെ ജനകീയനായ വ്യക്തി എന്ന നിലകളില്‍ പേരെടുത്ത ആളാണ് പി. രാജീവ്. എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ രാജീവിന് കാലിടറി.
അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂറിലൂടെ മുസ്ലീം ലീഗ് കളമശേരി മണ്ഡലത്തില്‍ തിരിച്ചെത്തി. പി. രാജീവിനെ 16,312 വോട്ടുകള്‍ക്കാണ് ഗഫൂര്‍ പരാജയപ്പെടുത്തിയത്. 2021ല്‍ നേരിട്ട തോല്‍വിക്ക് എല്‍ഡിഎഫിന് അതേ നാണയത്തില്‍ തന്നെ യുഡിഎഫ് മറുപടി നല്കി.
സ്വന്തം മണ്ഡലത്തില്‍ പ്രദേശികമായ ഇടപെടലുകള്‍ കുറഞ്ഞത് രാജീവിന് വിനയായി മാറുകയായിരുന്നു. ഒപ്പം എന്ന പേരില്‍ വികസന പദ്ധികള്‍ നടപ്പാക്കി മുന്നേറിയെങ്കിലും മണ്ഡലത്തില്‍ സജീവമായി ഇടപെടുകയോ താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയോ രാജീവ് ചെയ്തിരുന്നില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
പാര്‍ട്ടി അണികളുമായും പ്രദേശിക പ്രവര്‍ത്തകരുമായും രാജീവ് വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താഴേക്കിടയില്‍ ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ രാജീവിനായില്ല. പാര്‍ട്ടിക്കകത്തും രാജീവിനോട് വിരോധമുള്ളവര്‍ ഉണ്ടായിരുന്നു. വിയോജിപ്പുള്ള പാര്‍ട്ടി അണികളെ കൂടെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല.
കളമശേരിയില്‍ തന്റെ വിശ്വസ്തരായി രാജീവ് കൂടെ കൂട്ടിയവര്‍ പാര്‍ട്ടിയില്‍ സ്വീകാര്യതയില്ലാത്ത ആളുകളായിരുന്നു എന്നും ആക്ഷേപമുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട, പിന്നീട് തിരിച്ചുവന്ന ചിലര്‍ ആയിരുന്നു രാജീവിന്റെ വിശ്വസ്തര്‍. സ്വീകാര്യത കുറഞ്ഞ ആളുകളെ വിശ്വാസത്തിലെടുത്ത് നയിച്ചു എന്നതും രാജീവിന്റെ വീഴ്ചയ്ക്ക് കാരണമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജീവും ഗഫൂറും ഏറ്റുമുട്ടിയപ്പോള്‍ 15,336 വോട്ടിനായിരുന്നു പി. രാജീവ് വിജയിച്ചത്. 2011ല്‍ മണ്ഡലം രൂപീകൃതമായ ശേഷം ലീഗിനെ മാത്രം ജയിപ്പിച്ച കളമശേരിില് അപ്രതീക്ഷിത വിജയം ആയിരുന്നു രാജീവിന്റെത്. രണ്ടാം പിണറായി സര്‍ക്കാരില്‍ വ്യവസായ വകുപ്പ് മന്ത്രിയായി.
വ്യവസായ നഗരമായ കളമശേരിയില്‍ വ്യവസായ മന്ത്രിയായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആത്മവിശ്വാസത്തിലായിരുന്നു രാജീവ്. എന്നാല്‍ ആ വിശ്വാസം തകര്‍ന്നു. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ലീഡ് നേടിയത് അബ്ദുല്‍ ഗഫൂര്‍ ആയിരുന്നു. ഇതോടെ ജില്ലയിലെ ആകെയുള്ള ഒരു മന്ത്രി ദയനീയമായി പരാജയപ്പെട്ടു.
2008ല്‍ രൂപീകരിച്ച കളമശേരി മണ്ഡലത്തില്‍ 2011ല്‍ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 2011ലും 2016ലും വി.കെ. ഇബ്രാഹിംകുഞ്ഞാണ് മണ്ഡലം പിടിച്ചെടുത്തത്. എന്നാല്‍ പാലാരിവട്ടം പാലം അഴിമതി ആരോപണവും വികസന വിരുദ്ധ വികാരവും രാഷ്ട്രീയ ചിത്രം മാറ്റിയെഴുതി. ഇബ്രാഹിംകുഞ്ഞിന്റെ മകന് അബ്ദുല്‍ ഗഫൂര്‍ സ്ഥാനാര്‍ഥി ആയപ്പോള്‍ പി. രാജീവ് മണ്ഡലം പിടിച്ചെടുത്തു. ഒടുവില്‍ കളമശേരി വീണ്ടും ലീഗ് എടുത്തു.
Kerala
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചകളിലേയ്ക്ക് കടന്ന് കോൺഗ്രസ്. മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ ഇന്ന് നിർണായക യോഗം ചേരും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകുന്നേരം മൂന്നിനാണ് യോഗം. രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നെത്തുന്ന കെ.സി. വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ശ്രമം. അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്.
എംഎല്‍എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് സതീശൻ വിഭാഗത്തിന്റെ നിലപാട്. ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേയ്ക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഇതിനെല്ലാം പുറമെ, സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗം വാദിക്കുന്നത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് ജനം വിധിയെഴുതിയതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഭരണവിരുദ്ധ വികാരം തന്നെയാണ് യുഡിഎഫ് തരംഗത്തിന് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വിജയം കണ്ണൂരിലാണ്. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന് വിജയിച്ചത് യുഡിഎഫിന്റെ വിജയത്തിന്റെ വലിപ്പം വ്യക്തമാക്കുന്നതാണെന്നും പയ്യന്നൂരില്‍ മെറിറ്റ് മറന്ന് സിപിഐഎം പ്രതിക്കൊപ്പം നില്ക്കുന്ന സ്ഥിതിയാണ് ഉണ്ടായത് എന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പ്രതീക്ഷിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകില്ല. മുഖ്യമന്ത്രി ആരാകും എന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കാതിരിക്കുന്നതാണ് എല്‍ഡിഎഫിന് നല്ലതെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് യുഡിഎഫ് വോട്ടുകൾ ചോർന്നു എന്ന് യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി. യുഡിഎഫിന് കിട്ടേണ്ട വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി. ബിജെപിയുടെ വോട്ട് ഗണ്യമായി ഉയർന്നതിൽ അസ്വാഭാവികതയുണ്ടെന്നും ശശി പറഞ്ഞു.
ആയിരക്കണക്കിന് വോട്ടുകൾ കൂടുതൽ പോൾ ചെയ്തിട്ടും സിപിഎം വോട്ടുകളിൽ വർധനയുണ്ടായില്ല. ഇതിലൊക്കെ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും പി കെ ശശി ആവശ്യപ്പെട്ടു.
വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവരെ പോലെ താനും വിമതൻ അല്ല കമ്മ്യൂണിസ്റ്റാണ്. പാലക്കാട് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ, സിപിഎമ്മിൽ നിന്ന് തനിക്കൊപ്പം വന്നവർ നിർണായക ഘടകമായി. ടീം യുഡിഎഫ് ആയി മുന്നോട്ട് പോകുമെന്നും പി.കെ. ശശി പറഞ്ഞു.
Kerala
അമ്പലപ്പുഴ: സിപിഎമ്മിൽ കന്നുകാലികളെപ്പോലെ ചിലരെ അഴിച്ചു വിട്ടിരിക്കുകയാണെന്ന് ജി. സുധാകരൻ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
"മന്ത്രിയാകണമെന്ന് തനിക്ക് ആഗ്രഹമില്ല. തനിക്ക് അത് വലിയ കാര്യവുമല്ല.താൻ മന്ത്രിയായിരുന്നതിന്റെ ഗുണം ഈ മന്ത്രിസഭയും അനുഭവിച്ചിട്ടുണ്ട്. അഞ്ച് വർഷം ജനകീയ സ്വതന്ത്ര എംഎൽഎയായി തുടരും.'-സുധാകരൻ പറഞ്ഞു.
82 വയസായ പിണറായിയുടെ അനുയായികളാണ് തന്റെ പ്രായം പറഞ്ഞു നടക്കുന്നത്. സിപി എം ശിഖണ്ഡിയായി മാറി. രാഷ്ട്രീയപ്പാർട്ടിയുടെ വ്യക്തിത്വം സിപിഎമ്മിനില്ല. സിപിഎമ്മിൽ നിയന്ത്രിക്കാൻ ആരുമില്ലെന്നും സുധാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിലും കലാപം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമർശനമാണ് ഉയര്‍ന്നത്.
സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും. എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങൾ ബുധനാഴ്ച ചേരും. സ്ഥാനാർഥി നിർണയം പാളിയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമായെന്നാണ് വിലയിരുത്തൽ. നാദാപുരം, തൃശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം തിരിച്ചടിയായി. സെക്രട്ടറിയുടെ കടുംപിടുത്തം തോൽവിക്ക് ആക്കം കൂട്ടിയെന്നും വിലയിരുത്തലുണ്ട്.
Kerala
കോഴിക്കോട്: ബിജെപി-സിപിഎം ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റതെന്ന് യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. മുഖ്യമന്ത്രിക്ക് എത്രത്തോളം ശത്രുവാണോ താന്‍ അത്ര തന്നെ ബിജെപിക്കും ശത്രുവാണെന്നും അൻവർ കൂട്ടിച്ചേർത്തു.
റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനാണ് താന്‍ റിസ്കെടുത്ത് മത്സരിച്ചത്. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞയാളാണ് വി.ഡി.സതീശന്.
ഇത്ര ത്രാണി കാണിച്ച ക്യാപ്റ്റന്റെ നിലപാട് മതേതര കേരളം ഏറ്റെടുത്തു. സിപിഎം വിട്ടവരും വിടാന്‍ നില്ക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും യുഡിഎഫ് അനുമതിയോടെ ഇവര്‍ക്കായി പുതിയ പ്ലാറ്റ് ഫോം ഒരുക്കുമെന്നും അന്‍വര്‍.
Kerala
പാലാ: തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതോടെ കേരള കോണ്‍ഗ്രസ്-എം പിളര്‍പ്പിലേക്കെന്ന് സൂചന. 12 സീറ്റുകളിലും തോറ്റതോടെ അണികള്‍ ആശങ്കയിലാണ്. മുന്നണി മാറ്റം എതിര്‍ത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
യുഡിഎഫില്‍ പോകണമെന്ന നിലപാടിലാണ് ജോസ് കെ മാണി അനുകൂല വിഭാഗം. ഈ സാഹചര്യത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേരിട്ടത്. യുഡിഎഫിന്റെ തേരോട്ടത്തില്‍ പാർട്ടിക്ക് മധ്യകേരളത്തില്‍ നിലം തൊടാനായില്ല. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി.
Kerala
തിരുവനന്തപുരം: ചാത്തന്നൂരിനും നേമത്തിനും പിന്നാലെ കഴക്കൂട്ടവും പിടിച്ചെടുത്ത് ബിജെപി. മുൻ കേന്ദ്രമന്ത്രിയായ വി. മുരളീധരനാണ് കഴക്കൂട്ടത്ത് വിജയിച്ചത്.
മുൻ മന്ത്രിയായ കടകംപ്പള്ളി സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയും ടി. ശരത്ചന്ദ്രപ്രസാദ് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിലും ജയിക്കാതിരുന്ന ബിജെപി ഇത്തവണ മൂന്ന് സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നേമം വീണ്ടും പിടിച്ചെടുത്ത് ബിജെപി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 3800 വോട്ടുകൾക്ക് വിജയിച്ചു.
2016ൽ ബിജെപി വിജയിച്ച നേമം കഴിഞ്ഞ തവണ നഷ്ടപ്പെട്ടിരുന്നു. വി. ശിവൻകുട്ടി എൽഡിഎഫ് സ്ഥാനാർഥിയും കെ.എസ്. ശബരീനാഥൻ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു.
Kerala
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ആദ്യ വിജയം യുഡിഎഫ് സ്വന്തമാക്കി. ഹരിപ്പാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല 23,327 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശ്രദ്ധേയ വിജയം നേടി.
15 റൗണ്ടുകൾ പൂർത്തിയായ വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് നിലനിർത്തിയ ചെന്നിത്തല, ശക്തമായ മുന്നേറ്റത്തോടെ വിജയത്തിലേക്ക് കടന്നുകയറുകയായിരുന്നു. സി.പി.ഐ സ്ഥാനാർഥിയായ ടി.ടി. ജിസ്മോൻ ഉൾപ്പെടെയുള്ള എതിരാളികളെ പിന്നിലാക്കി ചെന്നിത്തലയുടെ വിജയം യുഡിഎഫിന് ജില്ലയിൽ ആത്മവിശ്വാസം പകരുന്നതായി മാറി.
ബി.ജെ.പി സ്ഥാനാർഥിയായ സന്ദീപ് വാചസ്പതി, മറ്റ് സ്ഥാനാർഥികളായ വിദ്യ വി.പി (എസ്യുസിഐ), രമേഷ് സി (സ്വതന്ത്രൻ), സൗമ്യ.വി. ശശിധരൻ (സ്വതന്ത്രൻ) എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. നോട്ടയ്ക്ക് 465 വോട്ടുകൾ ലഭിച്ചു.
ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങളിൽ ആദ്യമായി എത്തുന്ന ഈ വിജയം യുഡിഎഫിന് വലിയ രാഷ്ട്രീയ ഉണർവ്വാണ് നൽകുന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും യു ഡിഎഫ് സ്വാധീനം ശക്തമാക്കിയ വിജയമാണുള്ളത്.
Kerala
കൊല്ലം: കേരള നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറാണ് വിജയിച്ചത്.
നേമത്ത് രാജീവ് ചന്ദ്രശേഖറും മുന്നിലാണ്. കഴക്കൂട്ടത്ത് വി. മുരളീധരൻ ശക്തമായ മത്സരം നടത്തുന്നുണ്ട്.
Kerala
പാലക്കാട്: യുഡിഎഫ് തരംഗലത്തിനിടയിലും ആലത്തൂർ മണ്ഡലം നിലനിർത്തി സിപിഎം. ടി.എം. ശശി 8553 വോട്ടുകൾക്കാണ് വിജയിച്ചത്.
കെ.എം. ഫെബിൻ ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. കെ.വി. പ്രസന്നകുമാറാണ് എന്‍ഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ ചരിത്ര ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാര്‍ഥി മനോജ് മൂത്തേടന്. 22001 വോട്ടുകള്‍ക്കാണ് മനോജ് മൂത്തേടന് ലീഡ് ചെയ്യുന്നത്. തനിക്ക് ലഭിച്ച വലിയ ഭൂരിപക്ഷം ഭയപ്പെടുത്തുകയാണെന്നും ഇനി മുഴുവന്‍ സമയവും പെരുമ്പാവൂരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മനോജ് മൂത്തേടന് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിജയം ഉറപ്പിച്ചു. ഏഴു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ ലീഡ് കൂടി. പെരുമ്പാവൂരില്‍ ഏറ്റവും വലിയ ചരിത്ര ഭൂരിപക്ഷത്തിലേക്കാണ് പോകുന്നത്. ജനങ്ങള്‍ മുഴുവന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് സ്വീകരിച്ചത്. ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരമുണ്ടായപ്പോള്‍ വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി പറയുകയാണ്.
എനിക്ക് സീറ്റ് നല്കിയ പാര്‍ട്ടിയോടും ഹൃദയത്തില്‍ ഏറ്റുവാങ്ങിയ എല്ലാവരോടും ദൈവത്തോടും നന്ദി പറയുകയാണ്. എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റി നിര്‍ത്തിയപ്പോള്‍ ആദ്യത്തെ ഒരു ദിവസത്തെ ആശങ്ക മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് എല്ലാവരും ഒറ്റ കെട്ടായി ഇറങ്ങി.
ആദ്യ ദിവസത്തെ റോഡ് ഷോയോട് കൂടി കളം നമുക്ക് അനുകൂലമായി മാറി. എല്ലായിടത്തും വലിയ സ്വീകാര്യതയുണ്ടായി. അതുകൊണ്ടാണ് ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചത്. വലിയ അംഗീകാരമാണത്. ഇത് എന്നെ ഭയപ്പെടുത്തുകയാണ്. കാരണം ഇത്രയും സ്വീകാര്യത ജനങ്ങള്‍ നല്കിയപ്പോള് മുഴുവന്‍ സമയവും പെരുമ്പാവൂരിന് വേണ്ടി നില്‍ക്കണം എന്ന തീരുമാനത്തിലേക്ക് വരികയാണ്.
മുഴുവന്‍ സമയവും ഇനി പെരുമ്പാവൂരില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും വികസനത്തിനും വേണ്ടി നില്ക്കാന് തീരുമാനിച്ച് ഇന്നു മുതല്‍ ഇറങ്ങുകയാണ് എന്ന് മനോജ് മൂത്തേടന് പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിയുടെ പരിഭവം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ല എന്നാണ് വ്യക്തമാകുന്നത്. ബേസില്‍ പോള്‍ ആണ് പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി പാത്തിക്കലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Kerala
പത്തനംതിട്ട : വൻ പരാജയത്തിലേയ്ക്ക് നീങ്ങുകയാണ് ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ്. തുടർച്ചയായ മൂന്നാം വിജയം പ്രതീക്ഷിച്ചു മത്സരിക്കാൻ ഇറങ്ങിയ മന്ത്രി വീണ ജോർജ് കോൺഗ്രസ് യുവ നേതാവ് അബിൻ വർക്കിക്കു മുമ്പിൽ മുട്ടു കുത്തി.
പത്ത് റൗണ്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ അബിന്റെ ലീഡ് 10,000ലെത്തി. ബി ജെ പി സ്ഥാനാർഥി കുമ്മനം രാജശേഖരനും പ്രതീക്ഷിച്ച വോട്ടുകൾ നേടാൻ ആയിട്ടില്ല. എൽഡിഎഫിന്റെ കോട്ടകളിൽ പോലും വീണ ജോർജിന്റെ വോട്ടുകളിൽ വൻ ഇടിവുണ്ടായി.
Kerala
കൊച്ചി: തൃക്കാക്കരയില്‍ ഉമ തോമസ് ലീഡ് ഉയര്‍ത്തുന്നതിനിടെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി എന്‍ഡിഎ സ്ഥാനാര്‍ഥിയായ അഖില്‍ മാരാര്‍. നിങ്ങള്‍ ആഘോഷിക്ക് ഞങ്ങള്‍ ആശുപത്രിയിലാണ് എന്ന് പറഞ്ഞു കൊണ്ടാണ് അഖില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഭാര്യ ജയലക്ഷ്മിക്ക് അസുഖം വന്നതോടെയാണ് അഖില്‍ വോട്ടെണ്ണല്‍ ദിവസം ആശുപത്രിയിലായത്. എല്ലാവരും ഇലക്ഷന് ആഘോഷത്തിലായിരിക്കും. റിസല്‍ട്ട് ഒക്കെ ആഘോഷിക്ക്, ഞങ്ങളും ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം.
ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും. അപ്പോള്‍ ആഘോഷിക്ക് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ അഖില്‍ പറയുന്നത്. അതേസമയം, തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ആണ് ലീഡ് ചെയ്യുന്നത്. 22242 വോട്ടുകള്‍ക്കാണ് ഉമ തോമസ് ലീഡ് ചെയ്യുന്നത്. അഡ്വ. പുഷ്പ ദാസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
Kerala
കൊച്ചി: എറണാകുളം തൂത്തുവാരി യുഡിഎഫ്. ജില്ലയില്‍ 14 മണ്ഡലങ്ങളിലും ലീഡ് ഉയര്‍ത്തിയിരിക്കുകയാണ് യുഡിഎഫ്. വി.ഡി. സതീശന് നേരത്തെ പ്രഖ്യാപിച്ചതു പോലെ തന്നെ കംപ്ലീറ്റ് സ്വീപ് എന്ന നിലയിലേക്കാണ് എറണാകുളം കടന്നിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ലീഡ് ഉയര്‍ത്തിയെങ്കിലും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
പറവൂരില്‍ ലീഡ് നില മാറി മറിയുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ ഘട്ടത്തില്‍ വി.ഡി. സതീശന് ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ മുന്നില്‍ എത്തി. എന്നാല്‍ നിലവില്‍ വി.ഡി. സതീശന് ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്. 5312 ആണ് ലീഡ് നില. വത്സല പ്രസന്നകുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
മൂവാറ്റുപുഴയില്‍ 26,000 വോട്ടുകള്‍ക്കാണ് മാത്യു കുഴല്നാടന് ലീഡ് ചെയ്യുന്നത്. എന്‍. അരുണ്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ട്വന്റി 20യുടെ സണ്ണി കടുത്താഴെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
വൈപ്പിന്‍ മണ്ഡലത്തില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തിയത്. എന്നാല്‍ അഡ്വ. എം.ബി. ഷൈനിയെ പിന്നിലാക്കി നിലവില്‍ ടോണി ചമ്മിണി ലീഡ് ഉയര്‍ത്തി. 2649 ആണ് ലീഡ് നില. ട്വന്റി 20യുടെ അനിത തോമസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
കളമശേരിയില്‍ പി. രാജീവ് ആദ്യം ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ലീഡ് നില കുറയുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി വി.ഇ. അബ്ദുല്‍ ഗഫൂര്‍ ലീഡ് ഉയര്‍ത്തിയിരിക്കുന്നത്. 2497 വോട്ടുകള്‍ക്കാണ് അബ്ദുല്‍ ഗഫൂര്‍ ലീഡ് ചെയ്യുന്നത്. എം.പി. ബിനു ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
പെരുമ്പാവൂരില്‍ മനോജ് മൂത്തേടന് 11443 വോട്ടുകള്‍ക്കാണ് ലീഡ് ഉയര്‍ത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിയുടെ പരിഭവം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ല എന്നാണ് വ്യക്തമാകുന്നത്. ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി പാത്തിക്കലാണ് എംന്ഡിഎ സ്ഥാനാര്‍ഥി.
അങ്കമാലിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം ജോണ്‍ ആണ് ലീഡ് ഉയര്‍ത്തിയിരിക്കുന്നത്. 7662 വോട്ടുകളാണ് ലീഡ് നില. സാജു പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പ്രോമി കുര്യാക്കോസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് ആണ് ലീഡ് ചെയ്യുന്നത്. 1885 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. സിറ്റിംഗ് എംഎല്‍എയായിരുന്ന കെ.ജെ. മാക്സി പിന്നിലാണ്. സേവ്യര്‍ ജൂലപ്പന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
കുന്നതതുനാട്ടില് വി.പി. സജീന്ദ്രന് 6823 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. സിറ്റിംഗ് എംഎല്‍എയായ എല്‍ഡിഎഫിന്റെ പി.വി. സജീന്ദ്രന് പിന്നിലാണ്. ബാബു ദിവാകരന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
കോതമംഗലത്ത് ഷിബു തെക്കുംപുറം 5945 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഷിബുവിന്റെ അതേ പേരില്‍ രണ്ടു വിതമ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും ഷിബു തെക്കുംപുറം ലീഡ് ഉയര്‍ത്തുകയാണ്. ആന്റണി ജോണ്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അജി നാരായണ്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
ആലുവയില്‍ എ.എം. ആരിഫിനെ കടത്തി വെട്ടി അന്‍വര്‍ സാദത്ത് 4370 വോട്ടുകള്‍ക്ക് മുന്നിലാണ്. എം.എ. ബ്രഹ്മരാജ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് 6312 വോട്ടുകള്‍ക്ക് മുന്നിലാണ്. എല്‍ഡിഎഫിന്റെ കെ.എന്‍. ഉണ്ണികൃഷ്ണനെ കടത്തിവെട്ടിയാണ് ദീപക് ജോയ് മുന്നില്‍ എത്തിയിരിക്കുന്നത്. ട്വന്റി 20യുടെ അഞ്ജലി നായര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
തൃക്കാക്കരയില്‍ 15174 വോട്ടുകള്‍ക്ക് ഉമ തോമസ് ലീഡ് ചെയ്യുകയാണ്. അഡ്വ. പുഷ്പ ദാസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ട്വന്റി 20യുടെ അഖില്‍ മാരാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
പിറവത്ത് ലീഡ് ഉയര്‍ത്തുകയാണ് അനൂപ് ജേക്കബ്. 16354 വട്ടുകള്ക്കാണ് അനൂപ് ജേക്കബ് ലീഡ് ഉയര്‍ത്തിയിരിക്കുന്നത്. സാബു കെ. ജേക്കബ് ആണ് എല്‍ഡിഎഫ് സ്ഥാര്‍ഥി. ജിബി എബ്രഹാം ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
എറണാകുളത്ത് ടി.ജെ. വിനോദ് 21630 വോട്ടുകള്‍ക്ക് മുന്നിലാണ്. സാബു ജോര്‍ജ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി.ആര്. ശിവശങ്കര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Kerala
കൊച്ചി: കോതമംഗലത്ത് ലഭിക്കുന്ന വിജയം ഐക്യ ജനാധിപത്യ മുന്നണിക്കും കോതമംഗലത്തെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം. 3701 വോട്ടുകള്‍ക്കാണ് ഷിബു തെക്കുംപുറം ലീഡ് ചെയ്യുന്നത്.
ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയ വലിയ പ്രവര്‍ത്തനങ്ങള്‍, എല്ലാ കാര്യങ്ങളിലും ഇടപെട്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞ വലിയ നേട്ടമാണ് തെരഞ്ഞെടുപ്പിലെ ഫലം. ഈ വിജയം ഐക്യ ജനാധിപത്യ മുന്നണിക്കും കോതമംഗലത്തെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നു. ചരിത്ര ഭൂരിപക്ഷം കോതമംഗലത്തു നിന്നും കിട്ടും. യുഡിഎഫിന്റെ വലിയൊരു മുന്നേറ്റമാണ് കേരളത്തില്‍ ഉടനീളം കാണാന്‍ കഴിയുന്നത്.
100 സീറ്റുകള്‍ക്ക് മുന്നില്‍ യുഡിഎഫ് മുന്നിലെത്തും. ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചാണ് ഓരോ പഞ്ചായത്തും എണ്ണുമ്പോള്‍ ലീഡ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഐക്യജനാധിപത്യ മുന്നണി കോതമംഗലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഉജ്ജ്വല വിജയത്തിലേക്ക് എത്തിച്ചിരിക്കുന്നത് എന്ന് ഷിബു തെക്കുംപുറം മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, ഷിബുവിന്റെ അതേ പേരില്‍ രണ്ടു വിതമ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അദ്ദേഹം ലീഡ് ഉയര്‍ത്തുകയായിരുന്നു. ആന്റണി ജോണ്‍ ആണ് കോതമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അജി നാരായണ്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാകാതെ എൻഡിഎ. വോട്ടെണ്ണൽ മൂന്ന് മണിക്കൂറിനോടടുക്കുന്പോൾ നേമത്ത് മാത്രമാണ് എൻഡിഎയ്ക്ക് ലീഡുള്ളത്.
തിരുവല്ല, ചാത്തന്നൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ മുന്നിൽ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നിൽ പോയി.
Kerala
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറ്റ പ്രയോഗം നേരിട്ട ജി. സുധാകരൻ്റെ സ്വാധീനം ആലപ്പുഴയിലെ ഇടതു കോട്ടയിൽ വിള്ളൽ വീഴ്ത്തുന്നു. അത് സംസ്ഥാനത്ത് ആകെ വ്യാപിക്കുന്നു. വയലാർ പുന്നപ്ര സമര ചരിത്രത്തിന്റെ ചുവന്ന അദ്ധ്യായങ്ങൾ ചേർന്ന ആലപ്പുഴയുടെ മനസ്സ് വലതിനൊപ്പം. അതേ വികാരം സംസ്ഥാനത്താകെ വ്യാപിക്കുന്ന ചിത്രം ഭൂരിപക്ഷ നിലയിൽ ഇതുവരെ പ്രതിഫലിക്കുന്നു.
രമേശ് ചെന്നിത്തലയും ജി.സുധാകരനും തുടങ്ങി ജില്ലയിലാകെ വലതുപക്ഷ കാറ്റ് ആഞ്ഞു വീശുന്നു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനും ഇടതുപക്ഷവും എന്നോടൊപ്പം എന്ന് പറഞ്ഞ ജി സുധാകരൻ്റെ വാക്കുകൾ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ഇതുവരെ വന്നഫലം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ 14 മന്ത്രിമാരാണ് നിലവിൽ പിന്നിൽ നിൽക്കുന്നത്. ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്.
97 സീറ്റുകളിൽ യുഡിഎഫും 38 സീറ്റുകളിൽ എൽഡിഎഫും 4 സീറ്റുകളിൽ ബിജെപിയും ലീഡ് നേടിയിട്ടുണ്ട്. പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വിഎന്‍ വാസവനും പിന്നിലാണ്.
ഇരിങ്ങാലക്കുടയില്‍ ആര്. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒ ആര് കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില് വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്മാന്,ചേർത്തലയിൽ പി പ്രസാദ്, ധർമ്മടത്ത് പിണറായി വിജയൻ എന്നിവര്‍ പിന്നിലാണ്.
കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളില്‍ യുഡിഎഫ് ലീഡുയര്‍ത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലുള്ളത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന് മത്സരിക്കുന്ന പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ മുന്നിലാണ്.
Kerala
ചാരുംമൂട് : വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഒരു ഭക്തൻ വഴിപാട് നടത്തി. ഇന്ന് രാവിലെയാണ് പിണറായി വിജയന്റെ പേരിൽ വെട്ടിക്കോട് നാഗരാജസ്വാമി ക്ഷേത്രത്തിൽ കദളിപ്പഴം പാൽ വഴിപാട് നടത്തിയത്.
Kerala
കൊച്ചി: കൊച്ചി മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസ് ലീഡ് ചെയ്യുന്നു. 2000 വോട്ടുകൾക്കാണ് ഷിയാസ് ലീഡ് ചെയ്യുന്നത്.
കൊച്ചി എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. കെ.ജെ. മാക്സിയാണ് മുന്നിലുള്ളത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 134 മണ്ഡലങ്ങളിലെ ലീഡ് വരുന്പോൾ ഇരു മുന്നണികളും 65 സീറ്റുകൾ വീതം നേടിയിട്ടുണ്ട്. എൻഡിഎയ്ക്ക് നാല് സീറ്റുകളിൽ ലീഡ് ഉണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയോടെ വോട്ടിംഗ് മെഷിനുകളിലെ വോട്ടുകൾ എണ്ണി തുടങ്ങും.
Kerala
തിരുവനന്തപുരം: ഇടതുമുന്നണി തുടർഭരണം നേടുമെന്നും തങ്ങൾക്കൊരാശങ്കയുമില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ ചിലർ ചില കാട്ടിക്കൂട്ടലുകൾ നടത്തുന്നുണ്ടെന്നും രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. കെപിസിസി ആസ്ഥാനത്ത് പന്തലിട്ടെങ്കിൽ അവരാണ് മറുപടി പറയേണ്ടത്.
മുഖ്യമന്ത്രി ആദ്യമായല്ല മണ്ഡലത്തിലേക്ക് പോകുന്നതെന്നും എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച ജനപിന്തുണ ഭരണവിരുദ്ധ വികാരമില്ല എന്നതിന് തെളിവാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. പിണറായിയുടേത് കരുത്തുറ്റ നേത്യത്വമാണ്. ഫലം വരും മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ല.
ബേപ്പൂരിൽ പി.വി. അൻവർ തോൽക്കുമെന്ന് പറഞ്ഞ ടി.പി. രാമകൃഷ്ണൻ തോറ്റാലും അദ്ദേഹം മൊട്ടയടിക്കരുതെന്നും കൂട്ടിച്ചേർത്തു. പേരാമ്പ്രയിൽ ആശങ്കയില്ല. ജനപ്രതിനിധിയായി പ്രവർത്തിച്ചത് എല്ലാവർക്കും വേണ്ടിയാണെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.
Kerala
ഇടുക്കി: സംസ്ഥാനത്ത് നൂറിൽ കൂടുതൽ സീറ്റ് നേടി എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സിപിഎം നേതാവ് എം.എം. മണി. ഇടുക്കിയിൽ നാലു സീറ്റും നിലനിർത്തുമെന്ന് പറഞ്ഞ മണി തൊടുപുഴയിൽ എൽഡിഎഫ് ജയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും കൂട്ടിച്ചേർത്തു.
പി ജെ ജോസഫ് മാറിയത് ഗുണമാകും. അപ്പൻ ഒന്നും ചെയ്യാത്തിടത്ത് മകനെ നിർത്തി എന്നൊരു പ്രശ്നവും യുഡിഎഫ് നേരിടുന്നുണ്ട്. ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പാണ്.
ഇടുക്കിയിൽ കൈപ്പത്തിയിൽ യുഡിഎഫ് മത്സരിച്ചത് കൊണ്ട് ജയിക്കണം എന്നില്ല. കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്നും മണി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സുധീര്‍ കരമന. കണക്കുകളെല്ലാം അനുകൂലമാണെന്നും ഇടതുപക്ഷത്തോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുധീര്‍ കരമന പറഞ്ഞു.
ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന എന്ത് ചുമതലും നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്തെന്നും അപ്പോള്‍ ഒരു തുടര്‍ഭരണം ഉണ്ടാകേണ്ടതല്ലേ എന്നും സുധീര്‍ കരമന ചോദിച്ചു. ജനങ്ങള്‍ വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊല്ലം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് കെ.ബി. ഗണേഷ്കുമാർ. മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരുമെന്നും മന്ത്രി ചർച്ചയും പ്രൈവറ്റ് സെക്രട്ടറി ചർച്ചയും തുടങ്ങിക്കഴിഞ്ഞെന്നും ഗണേഷ്കുമാർ പരിഹസിച്ചു.
അതേസമയം, പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ മുഖ്യമന്ത്രിക്ക് കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും. അഞ്ച് മുതൽ ആറ് പേർ വരെ ഉണ്ട്. മൂന്ന് പേർ രംഗത്തുണ്ട്.
മുഖ്യമന്ത്രി ചർച്ച കൂടാതെ മന്ത്രി ചർച്ചയും പ്രൈവറ്റ് സെക്രട്ടറി ചർച്ചയും ആരംഭിച്ചുകഴിഞ്ഞു. ഒരു മാസം സമയം പോയത് അറിഞ്ഞില്ലെന്നും ടെലിവിഷനിൽ നല്ല കണ്ടൻ്റ് കിട്ടുകയാണ് ചെയ്തതെന്നും ഗണേഷ്കുമാർ പറഞ്ഞു.
പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പത്തനാപുരത്തെ ജനങ്ങൾ ചേർത്തു നിർത്തും. സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടാകുമെന്നും നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും അധികാരത്തിൽ വരുമെന്നും ഗണേഷ്കുമാർ പറഞ്ഞു.
Kerala
കോട്ടയം: പാലായിൽ മികച്ച വിജയമുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർഥി ഷോൺ ജോർജ്. ജോസ് കെ മാണി പാലായിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ഷോൺ ജോർജ് പറഞ്ഞു. പാലായിലെ മത്സരം യുഡിഎഫും എൻഡിഎയും തമ്മിലായിരുന്നു.
എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകൾ അനുകൂലം ആകുമെന്നും ഷോൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എഫ്സിആർഎ സാധാരണക്കാരനെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഷോൺ ഇക്കാര്യത്തിൽ സഭകൾക്ക് ആകുലതകൾ ഉണ്ടെങ്കിൽ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് എട്ട്-15 വരെ സീറ്റ് ബിജെപി നേടും. പൂഞ്ഞാറിൽ പി .സി.ജോർജ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഷോൺ പറഞ്ഞു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. തനിക്ക് തന്റെതായ കാരണങ്ങളുണ്ട്. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്. അതിൽ ആരും പരിഭവം കാണണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
എൽഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവർ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം ഉറപ്പാണെന്നും ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് അവസ്ഥയെന്നും അദേഹം പറഞ്ഞു
തുടർച്ചയായ 10 വർഷത്തെ ഭരണം എൽഡിഎഫിന്റെ താഴെ തട്ടിലെ അണികളെ ആലസ്യത്തിലാക്കി. താഴെ തട്ടിൽ ഇത്തവണ പ്രവർത്തനം ശക്തമല്ല. എൽഡിഎഫ് വന്നാൽ മുഖ്യമന്ത്രി പിണറായി തന്നെയാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അവർ അക്കൗണ്ട് തുറന്നാൽ പ്രശ്നമില്ല. തിരുത്തൽ ശക്തിയായി ഉണ്ടാകും. തിരുവനന്തപുരം ജില്ലയിലാവും ജയമെന്ന് അദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: പേരാവൂരിലും കേരളത്തിലും എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സ്ഥാനാര്‍ഥിയുമായ കെ.കെ. ശൈലജ. പേരാവൂരില്‍ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും. 75മുതല്‍ 80 സീറ്റ് വരെ എല്‍ഡിഎഫ് വിജയിക്കുമെന്നും ശൈലജ അവകാശപ്പെട്ടു.
പേരാവൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നതാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് ശൈലജ പറഞ്ഞു. 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാകാം ജയം. ബാക്കി കാര്യം വോട്ടെണ്ണി കഴിഞ്ഞാലേ പറയാന്‍ സാധിക്കൂ.
പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനവും ക്ഷേമ പ്രവര്‍ത്തനവും തന്നെയാണ് എടുത്തു പറയാനുള്ളത്. പൊളിറ്റിക്കലായിട്ട് ചിന്തിക്കുന്ന ഒരു വ്യക്തിക്ക് എല്‍ഡിഎഫിന് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ-ശൈലജ പറഞ്ഞു.