ചെന്നൈ: തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിൽ പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ആദ്യ ദിനങ്ങളിൽ മുഖ്യമന്ത്രി വിജയ്യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള വാക്പോരും സൗഹൃദവും വാർത്തകളിൽ ഇടംപിടിച്ചു. ജെസിഡി പ്രഭാകറെ സ്പീക്കറായി തെരഞ്ഞെടുത്ത ചടങ്ങിൽ വിജയ് പങ്കുവെച്ച കഥയും ഉദയനിധി നടത്തിയ രാഷ്ട്രീയ പരാമർശവുമാണ് ചർച്ചയാകുന്നത്.
ജെസിഡി പ്രഭാകറെ സ്പീക്കർ കസേരയിലേക്ക് ആനയിക്കുന്ന വേളയിൽ, തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരു 'കുട്ടി സ്റ്റോറി' പറഞ്ഞാണ് വിജയ് സഭയെ കയ്യിലെടുത്തത്. സ്പീക്കർ പദവിക്ക് പണ്ട് ആരും തയ്യാറാകാതിരുന്ന ഒരു കാലത്തെക്കുറിച്ചാണ് വിജയ് വിവരിച്ചത്.
പണ്ട് ബ്രിട്ടീഷ് പാർലമെന്റിൽ സ്പീക്കർ പദവി എന്നത് അതീവ അപകടം പിടിച്ച ഒന്നായിരുന്നു. പാർലമെന്റിന്റെ തീരുമാനങ്ങൾ രാജാവിനെ അറിയിക്കേണ്ട ചുമതല സ്പീക്കർക്കായിരുന്നു. സഭയുടെ നിലപാട് രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്പീക്കറുടെ തല കൊയ്യാൻ വരെ അന്ന് രാജാവിന് അധികാരമുണ്ടായിരുന്നു.
അതുകൊണ്ടാണ് പുതിയ സ്പീക്കറെ കസേരയിലേക്ക് 'വലിച്ചു കൊണ്ടുപോകുന്ന' ഒരു രീതി ബ്രിട്ടീഷ് പാർലമെന്റിൽ ഉണ്ടായത്. ആ പാരമ്പര്യത്തിന്റെ ബാക്കിയായാണ് ഇന്നും സ്പീക്കറെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ചേർന്ന് ആനയിക്കുന്നത്. തന്റെ പഴയ കോളേജ് സഹപാഠികൂടിയായ ഉദയനിധി സ്റ്റാലിൻ, പ്രഭാകറെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചപ്പോൾ സഭയിൽ ചിരിപടർത്തിയ ഒരു മുഹൂർത്തമായിരുന്നു ഇത്.
സഭയിൽ വിജയ് സാന്നിധ്യമറിയിച്ച അതേ വേളയിൽ തന്നെ, തന്റെ വിവാദമായ 'സനാതന ധർമ' പരാമർശം ആവർത്തിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ ഭരണപക്ഷത്തെ ഞെട്ടിച്ചു. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണം എന്ന തന്റെ പഴയ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു:
ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമത്തെ ഇല്ലാതാക്കണമെന്നും സാമൂഹിക നീതിക്ക് അത് തടസമാണെന്നും ഉദയനിധി പറഞ്ഞു.വിജയ്യും താനും ഒരേ കോളേജിൽ പഠിച്ചവരാണെങ്കിലും ഭരണകാര്യത്തിൽ താനാണ് സീനിയറെന്നും പുതിയ സർക്കാരിന് കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ ഡിഎംകെ സജ്ജമാണെന്നും അദ്ദേഹം പരിഹസിച്ചു. ഉദയനിധിയുടെ ഈ തമാശ കലർന്ന വെല്ലുവിളിയെ പുഞ്ചിരിയോടെയാണ് മുഖ്യമന്ത്രി വിജയ് സ്വീകരിച്ചത്.
സിനിമയിലെ രണ്ട് വമ്പൻ താരങ്ങൾ ഇപ്പോൾ തമിഴ്നാട് നിയമസഭയിൽ രണ്ട് ചേരികളിലായി എത്തുമ്പോൾ, വരും ദിവസങ്ങളിൽ സഭാനടപടികൾ കൂടുതൽ ആവേശം നിറഞ്ഞതാകുമെന്ന് ഉറപ്പാണ്. പാരമ്പര്യവും ചരിത്രവും ഓർമ്മിപ്പിച്ചുകൊണ്ട് വിജയ് തന്റെ രാഷ്ട്രീയ പക്വത തെളിയിച്ചപ്പോൾ, തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് ഉദയനിധിയും വ്യക്തമാക്കി.
Tags : Vijay Udayanidhi Stalin Tamil Nadu Assembly Latest News