അസീസിയിലെ സെന്റ് ഫ്രാന്സിസ് ബസിലിക്ക.
അസീസി (ഇറ്റലി): വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാർഷികാഘോഷങ്ങൾക്ക് ഇറ്റലിയിലെ അസീസി നഗരത്തിൽ തുടക്കമായി. ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ച ഫ്രാൻസിസ്കൻ ജൂബിലിവർഷത്തിന്റെ ഭാഗമായി ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് ആയിരക്കണക്കിനു തീർഥാടകരും സഭാ-രാഷ്ട്രീയ നേതാക്കളുമാണ് ആഘോഷങ്ങളിൽ പങ്കുചേരുന്നത്.
ഇന്നലെയും ഇന്നുമായി നടക്കുന്ന തിരുനാൾ ആഘോഷങ്ങൾ ഈ ജൂബിലിവർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്.
വിശുദ്ധ ഫ്രാൻസിസ് നിത്യതയിലേക്കു പ്രവേശിച്ചതിനെ അനുസ്മരിക്കുന്ന ‘ട്രാൻസിത്തുസ്’ പ്രാർഥനാശുശ്രൂഷയോടെയാണ് ചടങ്ങുകൾക്കു തുടക്കമായത്. വിശുദ്ധൻ അന്തരിച്ച ചാപ്പൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദ ഏഞ്ചൽസ് ബസിലിക്കയിൽനിന്ന് നഗരം ചുറ്റി ആരംഭിച്ച പ്രദക്ഷിണം സെന്റ് ഫ്രാൻസിസ് ബസിലിക്കയിൽ സമാപിച്ചു.
തുടർന്ന് ഇന്നലെ രാത്രി 11.59ന് സെന്റ് ഫ്രാൻസിസ് ബസിലിക്കയിലെ മണികൾ മുഴങ്ങിയതോടെ തിരുനാൾ ദിനത്തിന് തുടക്കമായി. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർത്തിമെ മുഖ്യകാർമികത്വം വഹിച്ചു. കർദിനാളിന്റെ നേതൃത്വത്തിൽ കല്ലറയിൽ പ്രാർഥനയും ഉണ്ടായിരുന്നു.
പ്രധാന തിരുനാൾ ദിനമായ ഇന്നു രാവിലെ സെന്റ് ഫ്രാൻസിസ് ബസിലിക്കയിൽ ഔദ്യോഗിക തിരുനാൾ വിശുദ്ധ കുർബാന നടക്കും. ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് കർദിനാൾ മത്തെയോ സുപ്പി മുഖ്യകാർമികത്വം വഹിക്കും. അസീസി ആർച്ച്ബിഷപ് ഫെലീച്ചെ അക്രോക്ക സന്ദേശം നൽകും. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല, രാഷ്ട്രീയ നേതാക്കൾ, നയതന്ത്ര പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
യുദ്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്ത്, സമാധാനവും സഹോദര്യവും കെട്ടിപ്പടുക്കാൻ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതം വലിയൊരു പ്രചോദനമാണെന്ന് കർദിനാൾ മത്തെയോ സുപ്പിയും ആർച്ച്ബിഷപ് അക്രോക്കയും ഓർമിപ്പിച്ചു.
ഇറ്റലിയിൽ പൊതു അവധി
രാജ്യത്തിന്റെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാൾദിനമായ ഇന്ന് ഇറ്റലിയിൽ പൊതു അവധിയാണ്. അരനൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇറ്റലി ഈ ദിവസം വീണ്ടും ദേശീയ അവധിയായി പുനഃസ്ഥാപിച്ചത്.
വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം ചരമവാർഷികാഘോഷങ്ങളുടെ ഭാഗമായി കൂടിയാണ് ഇറ്റാലിയൻ പാർലമെന്റ് നിയമനിർമാണം നടത്തി ഈ തീരുമാനം പ്രാബല്യത്തിൽ വരുത്തിയത്. സാമ്പത്തിക കാരണങ്ങളാൽ 1977ലായിരുന്നു ഇറ്റലി ഈ അവധി റദ്ദാക്കിയിരുന്നത്. പുതിയ തീരുമാനത്തോടെ ഇറ്റലിയിലെ ദേശീയ അവധികളുടെ എണ്ണം 12 ആയി ഉയർന്നു.
ദേശീയ അവധിക്കൊപ്പം വിശുദ്ധ ഫ്രാൻസിസ് മുന്നോട്ടുവച്ച സമാധാനം, സഹോദര്യബോധം, പരിസ്ഥിതി സംരക്ഷണം എന്നീ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനായുള്ള സാംസ്കാരിക പരിപാടികൾ സ്കൂളുകളിലും ഓഫീസുകളിലും ഇനിമുതൽ ഈ ദിനത്തിൽ സംഘടിപ്പിക്കും.
ഇന്ന് അസീസി ബസിലിക്കയിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്ന ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല, തിരുക്കർമ്മങ്ങൾക്കുശേഷം വിശുദ്ധന്റെ കല്ലറയിൽ ദീപം തെളിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.
Tags : SaintFrancisAssisi DeathAnniversary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash