കലിപലിൻ പൈലോസസ്പെഡിസ് എന്ന കടൽച്ചിലന്തി.
ജലത്തിന്റെ ആഴങ്ങളിലെ ഇരുളിൽ തിളങ്ങിനിൽക്കുന്ന ചോരക്കണ്ണുകൾ, രോമങ്ങൾ നിറഞ്ഞ ഭയപ്പെടുത്തുന്ന കാലുകൾ, ഇരയെ അപ്പാടെ പിടിച്ചെടുക്കാൻ ശേഷിയുള്ള കൂർത്തനഖങ്ങൾ... കേൾക്കുമ്പോൾ ഏതെങ്കിലും ഹൊറർ സിനിമയിലെ ജീവിയായോ അല്ലെങ്കിൽ അന്യഗ്രഹജീവിയായോ തോന്നും. അല്ലെങ്കിൽ നാടോടിക്കഥകളിലെ ദുർമന്ത്രവാദികൾ സൃഷ്ടിച്ച ഭീകരസത്വത്തെയോ ഓർമ വരാം. എന്നാൽ, അവർ വെറും കെട്ടുകഥകളിലെ വില്ലന്മാരല്ല ! പസഫിക് സമുദ്രത്തിന്റെ തീരപ്രദേശങ്ങളിൽ ജീവിക്കുന്ന 'കടൽച്ചിലന്തി'കളാണ്! അടുത്തിടെ കണ്ടെത്തിയ ഈ അപൂർവ കടൽജീവികളാണ് ഇപ്പോൾ ശാസ്ത്രലോകത്തിന്റെയും ജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്.
വടക്കുപടിഞ്ഞാറൻ പസഫിക്-സാലിഷ് കടലിൽ ആണ് 'കടൽച്ചിലന്തി'കളെ കണ്ടെത്തിയത്. ഹൊറർ സിനിമകളിലെ ജീവികളെപ്പോലെ ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും ഇവ വലിപ്പത്തിൽ വളരെ ചെറുതാണ്. കാനഡ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പരിണാമ ജീവശാസ്ത്രജ്ഞനായ കോർമാക് ടോളർ സ്കോട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണു കണ്ടെത്തലിനു പിന്നിൽ. 2023 സെപ്റ്റംബർ-2024 ഓഗസ്റ്റ് കാലയളവിൽ നടന്ന സ്കൂബ ഡൈവിംഗുകളിലൂടെ അറുപത് അടി വരെ ആഴത്തിൽനിന്നാണ് ഇവർ 150-ലേറെ കടൽച്ചിലന്തികളെ ശേഖരിച്ചത്. ഇവയുടെ ശാരീരിക സവിശേഷതകളും ഡിഎൻഎയും വിശദമായി പരിശോധിച്ച ശേഷമാണ് ഇതിൽ രണ്ടിനങ്ങൾ ഇതുവരെ ശാസ്ത്ര ലോകത്തിന് അപരിചിതമായിരുന്ന പുതിയ ജീവികളാണെന്നു സ്ഥിരീകരിച്ചത്. താഴെപ്പറയുന്നവയാണ് ആ 'കടൽച്ചിലന്തി'കൾ:
കലിപലിൻ പൈലോസസ്പെഡിസ് (Callipallene pilosuspedes)
ചുവന്ന കണ്ണുകളും, ഇരപിടിക്കാൻ സഹായിക്കുന്ന നഖങ്ങളുള്ള പ്രൊബോസിസും, മൂന്നു ചുണ്ടുകളുള്ള ത്രികോണാകൃതിയിലുള്ള വായയും ഈ ജീവിയുടെ സവിശേഷതകളിൽപ്പെടുന്നു. കാലുകളിൽ സൂക്ഷ്മമായ മുള്ളുകൾപോലെയുള്ള രോമങ്ങൾ ഉള്ളതിനാൽ ലാറ്റിൻ ഭാഷയിലെ 'രോമമുള്ള പാദങ്ങൾ' എന്ന അർഥം വരുന്ന 'പിലോസിപെഡെസ്' എന്ന പേരാണ് അതിനു നൽകിയിരിക്കുന്നത്.
ടാനിസ്റ്റൈലം കീക്സിൻ (Tanystylum kiixin)
കുറുകിയ കാലുകൾ കാരണം സ്വന്തം ശരീരം വൃത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയിലാണു രണ്ടാമത്തെ ഇനം ചിലന്തികൾ. തന്മൂലം ഇവയുടെ ശരീരത്തിൽ അഴുക്കും ചെളിയും മറ്റു ചെറു പരാന്നഭോജികളും നിറഞ്ഞിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇത്തരത്തിൽ 82 ജീവികളെയാണു സംഘം കണ്ടെത്തിയത്.

'കടൽച്ചിലന്തി'കളുടെ പ്രത്യേകതകൾ
ഏതാണ്ട് അന്പതു കോടി വർഷങ്ങൾക്കു മുൻപു പരിണമിച്ചുണ്ടായവയാണ് കടൽച്ചിലന്തികൾ. കരയിലെ ചിലന്തികൾ, തേളുകൾ എന്നിവയുമായി ബന്ധമുള്ള ഈ ജീവികൾക്ക് 'വയർ' ഇല്ല എന്നതാണു പ്രധാന സവിശേഷത. ശ്വസനം, ദഹനം, പ്രത്യുൽപാദനം എന്നിവയെല്ലാം നടക്കുന്നത് ഇവയുടെ നീളമുള്ള കാലുകൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന അവയവങ്ങൾ വഴിയാണ്. ഹൈഡ്രോയിഡുകൾ എന്നു വിളിക്കുന്ന കടൽ ജീവികളുടെ സാമീപ്യത്തിലാണ് അവ പ്രധാനമായും ജീവിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളും സമുദ്രങ്ങളെ മാറ്റിമറിക്കുന്നതിനുമുൻപ്, ഇനിയും കണ്ടെത്താത്ത ഇത്തരം നിരവധി സമുദ്രജീവികളെ രേഖപ്പെടുത്തേണ്ടതുണ്ടെന്നു ഗവേഷകർ ഓർമിപ്പിക്കുന്നു. ഇത്രയും വ്യക്തമായി പഠിക്കപ്പെട്ട തീരപ്രദേശങ്ങളിൽ പോലും പുതിയ ജീവി വർഗങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വസ്തുത ഇതിനു തെളിവാണെന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
Tags : International ScienceNews SalishSea CormacTolerScott Callipallenepilosuspedes Tanystylumkiixin SeaSpiders