പ്രതീകാത്മക ചിത്രം
റിയാദ്: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. അസീർ പ്രവിശ്യ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തെങ്കിലും മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തൊടുത്തുവിട്ട മിസൈലാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന തടഞ്ഞത്. അസീർ പ്രവിശ്യയിലെ അഹദ് റഫീദ ഗവർണറേറ്റിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണശ്രമങ്ങൾ നേരിടാൻ സൗദിയുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം മദീനയിലെ തൈബ സിവിലിയൻ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയതായും സഖ്യസേന അറിയിച്ചു. കഴിഞ്ഞ 29ന് പുലർച്ചെ 5.11നായിരുന്നു ആക്രമണം. ആക്രമണസ്ഥലത്തുനിന്ന് ലഭിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്ന് സ്ഥിരീകരിച്ചതായി സഖ്യസേനാ വക്താവ് പറഞ്ഞു.
Tags : Ballistic Missile Houthi Rebels Riyadh Saudi Arabia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash