കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.
കോട്ടയം: എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശൂർ അല്ലെങ്കിൽ ആലപ്പുഴ എന്ന നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളം സമർപ്പിച്ച ഒമ്പത് സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് തൃശൂരിനെ ഒഴിവാക്കിയ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
കോട്ടയത്ത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനയോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എയിംസിന്റെ പേരിൽ തന്നെ ഒരുപാട് ട്രോളിയിട്ടുണ്ട്. താൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ല. തൃശൂരാണ് ഏറ്റവും മികച്ച സ്ഥലം. അതല്ലെങ്കിൽ ആലപ്പുഴ പരിഗണിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
യോഗത്തിൽ വെള്ളൂരിനെ എയിംസിനായി പരിഗണിക്കണമെന്ന ആവശ്യം ഉയർന്നപ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഭൂമിയിൽ 200 ഏക്കറോളം സ്ഥലം എയിംസിനായി പരിഗണിക്കാമെന്ന നിർദേശവും നിലവിലുണ്ട്.
അതേസമയം എയിംസിനായി വ്യവസായവകുപ്പിന്റെ ഭൂമി വിട്ടുനൽകാൻ സംസ്ഥാനം തയാറായിരുന്നുവെന്നും തുടർനടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും മുൻ വ്യവസായമന്ത്രി പി. രാജീവ് ആരോപിച്ചു. എയിംസിനായി ഭൂമി ആരോഗ്യവകുപ്പിന്റെ പേരിലേക്ക് മാറ്റണമെന്ന കേന്ദ്ര നിർദേശപ്രകാരം രേഖകളോടെ കൈമാറിയെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ആലപ്പുഴയ്ക്ക് മുൻഗണന നൽകണമെന്ന നിലപാട് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ആലപ്പുഴയിൽ സാധ്യമല്ലെങ്കിൽ തൃശൂരിനെ പരിഗണിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മുൻ നിലപാട്.
Tags : AIIMS Kerala Suresh Gopi Thrissur Alappuzha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash