പ്രതീകാത്മക ചിത്രം - എഐ
തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിലെ നീന്തൽ മത്സരങ്ങളുടെ സംഘാടനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘാടകർക്കും ഗുരുതര വീഴ്ച പറ്റിയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.
തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ കനത്ത മഴയിലും കാറ്റിലും മത്സരവേദിയുടെ താത്കാലിക മേൽക്കൂര തകർന്നുവീണ് പത്തിലധികം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിക്കേറ്റ പശ്ചാത്തലത്തിലാണു സ്പെഷൽ ബ്രാഞ്ച് സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്.
വേദിയിൽ താത്കാലികമായി നിർമിച്ച പന്തലിന്റെ ഷീറ്റുകൾ കൃത്യമായി ഉറപ്പിക്കാതിരുന്നതാണു കാറ്റിൽ തകർന്നുവീഴാൻ കാരണമായത്. വിവിധ ജില്ലകളിൽനിന്നെത്തിയ കായികതാരങ്ങൾക്കും അവരുടെ രക്ഷിതാക്കൾക്കും ഭക്ഷണം, വിശ്രമകേന്ദ്രം, കുടിവെള്ളം, താമസം എന്നിവ ഒരുക്കുന്നതിലും സംഘാടകർ പരാജയപ്പെട്ടു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻപോലും വേദിയിൽ സംഘാടകർ ഉണ്ടായിരുന്നില്ല. രക്ഷിതാക്കൾ നേരിട്ടാണു കുട്ടികളെ ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടത്തെത്തുടർന്നു മത്സരങ്ങൾ മാറ്റിവച്ച വിവരം കായികതാരങ്ങളെ മുൻകൂട്ടി അറിയിച്ചില്ല. പലരും പിറ്റേന്നു മത്സരവേദിയിലെത്തിയപ്പോഴാണു വിവരം അറിഞ്ഞത്. ഇതു പിന്നീട് വലിയ പ്രതിഷേധങ്ങൾക്കു കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Tags : SchoolGames SwimmingCompetition SpecialBranchReport Organization SeriousLapses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash