പ്രതീകാത്മക ചിത്രം
കണ്ണൂർ: പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുന്പോഴും സംസ്ഥാന സർക്കാരിന്റെ വിവിധ ബോർഡുകൾ, കോർപറേഷൻ എന്നിവിടങ്ങളിലേക്കുള്ള ചെയർപേഴ്സൺ നിയമനം വൈകുന്നു.
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു യുഡിഎഫിലെ ഘടകകക്ഷികളുമായുള്ള ചർച്ചകൾ നീണ്ടു പോകുകയാണ്. വയോജന കമ്മിഷൻ, യുവജന കമ്മിഷൻ, യുവജനക്ഷേമ ബോർഡ്, കെടിഡിസി തുടങ്ങിയവയുടെ ചെയർപേഴ്സൺ സ്ഥാനങ്ങൾ അടക്കം പതിനാറിലധികം സ്ഥാനങ്ങളാണ് ഇനിയും തീരുമാനമാകാതെ കിടക്കുന്നത്.
പിഎസ്സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവിലെ നിയമനവും വൈകുകയാണ്. കഴിഞ്ഞ മാസം 12ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് ബോർഡ്-കോർപറേഷൻ നിയമനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിയമനം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാക്കണമെന്ന ധാരണയിലായിരുന്നു യോഗം പിരിഞ്ഞതെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
സാംസ്കാരികവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് നിയമനം നടന്നത്. ബോർഡ്, കോർപറേഷൻ എന്നിവയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് മുന്പാകെ ജംബോ ലിസ്റ്റുണ്ടെങ്കിലും പാർട്ടിക്കുള്ളിലെ വിവിധ ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ കടുത്ത സമ്മർദമാണ് ചെലുത്തുന്നത്. ഘടകകക്ഷികളുമായി ഇക്കാര്യത്തിൽ തുടങ്ങിവച്ച ചർച്ചയും പിടിവാശി കാരണം നിലച്ച അവസ്ഥയിലാണ്.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ യുവജനകാര്യമന്ത്രി ഒ.ജെ. ജനീഷിന്റെ വകുപ്പിന് കീഴിലുള്ള യുവജന കമ്മിഷൻ ചെയർപേഴ്സൺ സ്ഥാനത്ത് കഴിഞ്ഞ സർക്കാർ നിയോഗിച്ച ഡിവൈഎഫ്ഐ നേതാവ് എം. ഷാജിർ തന്നെയാണ് തുടരുന്നത്. ഇതു സംബന്ധിച്ച് യൂത്ത് കോൺഗ്രസ് നിരവധി തവണ കെപിസിസിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ഈ സ്ഥാനത്തേക്ക് 20 പേരുകളാണ് കെപിസിസിക്ക് ലഭിച്ച പട്ടികയിൽ നിർദേശിച്ചിരിക്കുന്നത്. ഇതിൽ ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ കെപിസിസിക്കുള്ളിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും ചിലർ കടുത്ത സമ്മർദം പ്രയോഗിക്കുന്നതിനാൽ അന്തിമതീരുമാനം നീളുകയാണ്. എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേക്കേറിയ പി.വി. അൻവറിന് കെടിഡിസി ചെയർപേഴ്സൺ സ്ഥാനം നൽകാമെന്ന് ഏതാണ്ട് ധാരണയായിരുന്നു. എന്നാൽ, ഈ സ്ഥാനത്തിനായി കോൺഗ്രസിലെ ചില നേതാക്കൾതന്നെ നേരിട്ട് രംഗത്തെത്തിയതും കെപിസിസിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
വയോജന കമ്മിഷൻ ചെയർപേഴ്സൺ തങ്ങൾക്കു വേണമെന്ന് കേരള കോൺഗ്രസ് യുഡിഎഫിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാബിനറ്റ് പദവിയോടെ സ്ഥാനം വേണമെന്നും അടുത്ത മന്ത്രിസഭാ യോഗത്തിനു മുന്പ് തീരുമാനം അറിയിക്കണമെന്നും ഇവർ മുന്നണിയിൽ ഉന്നയിച്ചിട്ടുണ്ട്.
Tags : UDF BilateralTalks Boards Corporations Leaderless Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash