നീറ്റ് ചോദ്യപേപ്പർ ചോർച്ച
ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നിലേക്കു നയിച്ച നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അന്തിമ കുറ്റപത്രം ഉടൻ സമർപ്പിക്കും. കേസിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെയും അവസാനത്തെയും കുറ്റപത്രം സമർപ്പിക്കാനിരിക്കെ, കേന്ദ്രസർക്കാരിലെ അഴിമതി വിരുദ്ധ വിഭാഗത്തിൽനിന്നോ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽനിന്നോ ഉള്ള ഉദ്യോഗസ്ഥരെ സിബിഐ പ്രതിചേർത്തേക്കില്ലെന്നാണു സൂചന.
കേസുമായി ബന്ധപ്പെട്ട് എൻടിഎ നിയമിച്ച വിഷയ വിദഗ്ധർ, കോച്ചിംഗ് സെന്റർ നടത്തിപ്പുകാർ, ഇടനിലക്കാർ, പരീക്ഷാർഥികൾ എന്നിവരുൾപ്പടെ 13 വ്യക്തികളുടെ പങ്ക് മാത്രമാണ് അന്വേഷണത്തിൽ ഇതുവരെ കണ്ടെത്താനായിട്ടുള്ളത്.
ജൂലൈ 28ന് ഫയൽ ചെയ്ത ആദ്യ കുറ്റപത്രത്തിൽ എൻടിഎ നിയമിച്ച മൂന്ന് വിഷയവിദഗ്ധരായ മനീഷ ഗുരുനാഥ് മന്ധാരെ (ബോട്ടണി ആൻഡ് സുവോളജി), പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി (കെമിസ്ട്രി), മനീഷ സഞ്ജയ് ഹവൽദാർ (ഫിസിക്സ്) എന്നിവരുൾപ്പടെ 13 പേരെയാണു പ്രതികളാക്കിയിരുന്നത്.
ഉദ്യോഗസ്ഥതലത്തിലുള്ള ആരുടെയും പങ്ക് തെളിയിക്കാൻ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട എൻടിഎ ഉദ്യോഗസ്ഥരിലേക്കും വിദ്യാഭ്യാസ മന്ത്രാലയത്തിലേക്കും അന്വേഷണം നീണ്ടെങ്കിലും ഇവർക്കു നേരിട്ട് പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അതേസമയം, ഉയർന്ന ഉദ്യോഗസ്ഥരുടെയോ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയോ സഹായമില്ലാതെ ഇത്രയും വലിയ ചോർച്ച സംഭവിക്കില്ലെന്നും ഉത്തരവാദികളായ എൻടിഎ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പരീക്ഷാർഥികളും പ്രതിപക്ഷസംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate NEET Question Paper Leak