District News
പെരിന്തല്മണ്ണ: ഡിജിറ്റല് പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന യുപിഐ സംവിധാനത്തില് കഴിഞ്ഞ ദിവസം കൊണ്ടുവന്ന മര്ച്ചന്റ്് ഡിസ്കൗണ്ട് റേറ്റിനെതിരേ വ്യാപാരികള്ക്കിടയില് പ്രതിഷേധം. അധിക സാമ്പത്തിക ബാധ്യത വരുമെന്നതിനാല് യുപിഐ ഇടപാട് നിര്ത്തിവച്ച് പണം നേരിട്ട് കൈമാറുന്നതിലേക്ക് പൂര്ണമായും മാറാനുള്ള നീക്കത്തിലാണ് ചെറുകിട- ഇടത്തരം വ്യാപാരികള്.
മര്ച്ചന്റ്് ഡിസ്കൗണ്ട് റേറ്റ് കൂടുതലായും തങ്ങളെ ബാധിക്കുമെന്ന ആശങ്ക നിലനില്ക്കേ യുപിഐ ഇടപാട് ഒഴിവാക്കുകയാണെന്ന് പല ചെറുകിട സ്ഥാപനങ്ങളിലും മുന്നറിയിപ്പ് നോട്ടീസും പതിച്ച് തുടങ്ങി.
2,000 രൂപക്ക് മുകളിലുള്ള യുപിഐ വ്യാപാരി ഇടപാടുകള്ക്ക് 0.4 ശതമാനം മര്ച്ചന്റ്് ഡിസ്കൗണ്ട് റേറ്റ് വസൂലാക്കാനാണ് കേന്ദ്ര സര്ക്കാര് തീരുമാനം. ഒക്ടോബര് 15 മുതല് വ്യാപാരികളില്നിന്ന് ഈടാക്കുമെന്ന പ്രഖ്യാപനവും വന്നു കഴിഞ്ഞു . ഡിജിറ്റല് പേയ്മെന്റുകള് പ്രോസസ് ചെയ്യുന്നതിന്റെ ഫീസാണ് 0.4 ശതമാനമായി ഈടാക്കുന്നതെന്ന് കേന്ദ്രം പറയുന്നു. ഈ തുക ഉപഭോക്താക്കള്ക്ക് ഭാരമാകും വിധം അടിച്ചേല്പ്പിക്കരുത് എന്ന താക്കീതും നല്കിയിട്ടുള്ളതിനാല് തുക വ്യാപാരികള് തന്നെ അടക്കണമെന്ന ധ്വനിയാണുള്ളതെന്ന് ഈ മേഖലയിലുള്ളവര് പറയുന്നു.
ബില്ലുകള് താരതമ്യേന ഉയര്ന്ന തുകയിലുള്ള, ടെക്സ്റ്റൈല്, ആ ഭരണ, ഹോട്ടല് വ്യവസായ രംഗങ്ങളില് ബാധകമാക്കുന്നത് വ്യാപാരത്തെ കാര്യമായി ബാധിക്കുമെന്നാണ് ബന്ധപ്പെട്ട മേഖലയിലുള്ളവരുടെ ആശങ്ക. കടുത്ത വ്യാപാര മത്സരവും കുറഞ്ഞ ലാഭ മാര്ജിനും വര്ധിച്ചുവരുന്ന പ്രവര്ത്തന ചെലവുകളും നേരിടുന്ന ചെറുകിട -ഇടത്തരം വ്യാപാരികള്ക്ക് അധിക ചെലവുകള് മറ്റൊരു സാമ്പത്തിക ദുരിതമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡിജിറ്റല് പണമിടപാടുകള് വ്യാപകമായി നടന്നുവരുന്ന നിലവിലെ സാഹചര്യത്തില് യുപിഐ ഇടപാടിനെ പ്രതികൂലമായി ബാധിക്കുമെന്നും വ്യാപാരികള് പറയുന്നു.
യുപി ഫീസ്: നീക്കത്തില് പ്രതിഷേധം
മങ്കട: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വാണിജ്യ ഇടപാടുകള്ക്ക് ഫീസ് ഏര്പ്പെടുത്താനുള്ള കേന്ദ്രസര്ക്കാര് നീക്കം വ്യാപാരികളെയും പൊതുജനങ്ങളെയും ഒരുപോലെ പ്രയാസത്തിലാക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അക്രം ചുണ്ടയില്.
ഡിജിറ്റല് പണമിടപാടുകള് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില് വാണിജ്യ ഇടപാടുകള്ക്ക് അധിക ഫീസ് ഏര്പ്പെടുത്തുന്നത് വ്യാപാര മേഖലക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
ചെറുകിട വ്യാപാരികള് ഉള്പ്പെടെയുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്ക്കാര് ഈ നയം തിരുത്താന് തയാറാകണം. അല്ലാത്തപക്ഷം ഇതിനെതിരേ സംസ്ഥാനത്തുടനീളം വ്യാപാര സമൂഹത്തിന്റെ നേതൃത്വത്തില് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അക്രം ചുണ്ടയില് വ്യക്തമാക്കി.
National
തിരുവനന്തപുരം: യുപിഐ ഇടപാടുകള് ഉപഭോക്താക്കള്ക്ക് തുടര്ന്നും സൗജന്യമായിരിക്കുമെന്ന് നാഷണല് പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്പിസിഐ).
കുടുംബാംഗങ്ങള്ക്കും സുഹൃത്തുക്കള്ക്കും പണം അയയ്ക്കുന്നതിലും കടകളിലും പ്രാദേശിക വിപണികളിലും തെരുവു കച്ചവടക്കാരുടെ ക്യുആര് കോഡ് വഴിയുള്ള പേയ്മെന്റുകളിലും ഉപഭോക്താക്കളില് നിന്ന് ഫീസ് ഈടാക്കില്ല. വ്യാപാരികളും ഫീസ് ഉപഭോക്താക്കളില്നിന്ന് ഈടാക്കാന് പാടില്ലെന്നും എന്പിസിഐ അറിയിച്ചു.
രണ്ടായിരം രൂപ വരെയുള്ള എല്ലാ യുപിഐ വ്യാപാര ഇടപാടുകള്ക്കും മര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്) ഈടാക്കില്ല. ഇതോടെ വ്യാപാരികളുടെ 96 ശതമാനം ഇടപാടുകളും സൗജന്യമായി തുടരും. തെരുവു കച്ചവടക്കാര്, ചെറുകിട കടകള് തുടങ്ങിയവര്ക്ക് ക്യുആര് കോഡ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ഇടപാടുകള്ക്കും എംഡിആര് ഉണ്ടാകില്ല. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യോഗ്യമായ വ്യാപാര ഇടപാടുകള്ക്ക് 0.4 ശതമാനം എംഡിആര് ഈടാക്കും.
ഇന്ധനം, വിദ്യാഭ്യാസം, ഇന്ഷുറന്സ്, റെയില്വേ, ടെലികോം, വൈദ്യുതി, വെള്ളം, പൈപ്പ് വഴി ലഭിക്കുന്ന പ്രകൃതി വാതകം തുടങ്ങിയ അവശ്യസേവനങ്ങള്ക്ക് 2000 രൂപയ്ക്ക് മുകളിലുള്ള പേമെന്റുകളില് ഒരു ഇടപാടിന് അഞ്ച് രൂപ എന്ന ഏകീകൃത എംഡിആര് ആയിരിക്കും. രണ്ടായിരം രൂപയില് താഴെയുള്ള പേമെന്റുകള്ക്ക് ഇവിടെയും എംഡിആര് ഈടാക്കില്ലെന്നും എന്പിസിഐ അറിയിച്ചു.
Leader Page
ഡിജിറ്റല് യുഗത്തിലേക്കുള്ള കുതിപ്പില് ഇന്ത്യക്കാര്ക്ക് ഏറ്റവും ഉപയോഗപ്രദമായ ആപ്പുകളിലൊന്നാണ് യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്ഫേസ്). സമ്പന്നരും സാധാരണക്കാരും പാവപ്പെട്ടവരും യുപിഐ സേവനം പത്തുവര്ഷംകൊണ്ടു വ്യാപകമായി ഉപയോഗിച്ചു. ലോകത്തിലെ ഏറ്റവും വ്യാപകവും ലളിതവുമായ ഡിജിറ്റല് പേയ്മെന്റ് സംവിധാനമുള്ള രാജ്യമെന്ന ഖ്യാതി ഇന്ത്യക്കു സ്വന്തം. വളരെ ലളിതമായിരുന്ന ഡിജിറ്റല് ഇടപാടുകള് ഇനി പഴയതുപോലെയാകില്ല.
സൗജന്യമായിരുന്ന യുപിഐ ഇടപാടുകളില് 2,000 രൂപയ്ക്കു മുകളിലുള്ള വ്യാപാര ഇടപാടുകള്ക്ക് ഫീസ് ഏര്പ്പെടുത്തിയ തീരുമാനമാണു പുതിയ വിവാദം. 2026 ഒക്ടോബര് 15 മുതല് പുതിയ ചാര്ജ് ഈടാക്കും. മര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്) എന്ന പേരിലാണു ഫീസ്. വ്യാപാര ഇടപാടുകള്ക്കു ഫീസ് ബാധകമാകും. വ്യക്തികള് തമ്മിലുള്ള യുപിഐ ഇടപാടുകളും 2,000 രൂപ വരെയുള്ള ഇടപാടുകളും സൗജന്യമായി തുടരും. ഗ്രാമപ്രദേശങ്ങളിലും അര്ധനഗര പ്രദേശങ്ങളിലുമുള്ള ചെറുകിട വ്യാപാരികള്ക്കും പരിരക്ഷയുണ്ടെന്നു സര്ക്കാര് പറയുന്നു.
◄അഞ്ചു രൂപയിലെ ആശങ്ക
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വ്യാപാര ഇടപാടുകള്ക്ക് 0.4 ശതമാനം ഫീസ് ഏര്പ്പെടുത്തിയതു പുറമെ കാണുന്നതുപോലെ നിസാരമല്ല. 75,000 രൂപയ്ക്കും അതിനു മുകളിലുമുള്ള ഇടപാടുകള്ക്കുള്ള ഫീസ് 300 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്വാസം. ഒരു ലക്ഷത്തില് താഴെ ഇടപാടുള്ള ചെറുകിട കച്ചവടക്കാര് ഒഴികെയുള്ളവരെല്ലാം ഫീസ് നല്കണം. ഓണ്ലൈനായി പണം സ്വീകരിക്കുന്നതിനുമുമ്പു വ്യാപാരികളും ഉപഭോക്താക്കളും ഇനി ആശങ്കയിലാകും. ഡിജിറ്റല് ശീലം മാറാനും പണമിടപാടുകളിലേക്കു തിരിച്ചുപോകാനും ചിലര് നിര്ബന്ധിതരായേക്കാം.
പെട്രോള്, ഡീസല് അടക്കമുള്ള ഇന്ധനം, റെയില്വേ ടിക്കറ്റുകള്, ടെലികോം, വൈദ്യുതി, വെള്ളം ബില്ലുകള്, കാര്ഷിക, ഇന്ഷ്വറന്സ് തുടങ്ങിയ വിഭാഗങ്ങള്ക്ക് ഓരോ ഇടപാടിനും അഞ്ചുരൂപ നിരക്കില് ഫ്ളാറ്റ് ഫീസ് ഈടാക്കും. കച്ചവടക്കാരില്നിന്ന് ഈടാക്കുന്ന തുക നേരിട്ട് ഉപഭോക്താവിനു കൈമാറുന്നതു നിരോധിച്ചിരിക്കുന്നുവെന്നാണു സര്ക്കാര് പറയുന്നത്. എന്നാല്, ഇതെങ്ങനെ കൃത്യമായി കണ്ടെത്തി പ്രായോഗികമായി നടപ്പാക്കുമെന്നു വ്യക്തമല്ല.
◄സുപ്രീംകോടതി തീരുമാനം
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകള്ക്കു നിരക്ക് ഈടാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം കഴിഞ്ഞ 14, 15 തീയതികളില് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനങ്ങള് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില് റിട്ട് ഹര്ജി സമര്പ്പിച്ചിട്ടുണ്ട്. പുതുതായി ഏര്പ്പെടുത്തിയ നിരക്കുകള് ആത്യന്തികമായി ഉപഭോക്താവിനെയും ഡിജിറ്റല് പേയ്മെന്റ് സംവിധാനത്തെയും ദോഷകരമായി ബാധിക്കുമെന്നാണു ഹര്ജിക്കാരിയായ അഞ്ജന ദത്ത പറയുന്നത്. നിരക്കുകള്, ഇടപാട് പരിധികള്, മേഖലകളായി തിരിച്ച രീതി അടക്കമുള്ള ചട്ടക്കൂട് ഏകപക്ഷീയവും വിവേചനപരവുമാണെന്നു ഹര്ജിയില് പറയുന്നു.
2007ലെ പേയ്മെന്റ് ആന്ഡ് സെറ്റില്മെന്റ് സിസ്റ്റംസ് നിയമത്തിന്റെ ഭേദഗതി ചെയ്ത 10 എ വകുപ്പിന്റെ ഭരണഘടനാ സാധുതയെ ഹര്ജി ചോദ്യം ചെയ്യുന്നു. ഏത് ഇലക്ട്രോണിക് പേയ്മെന്റ് മോഡുകള്ക്ക് ചാര്ജുകളില്നിന്നു സംരക്ഷണം ലഭിക്കുമെന്നു നിര്ണയിക്കാന് എക്സിക്യൂട്ടീവിന് അനിയന്ത്രിത അധികാരങ്ങള് നല്കുന്നതിനെ ഹര്ജിക്കാരി എതിര്ക്കുന്നു. രാജ്യത്തിന്റെ പേയ്മെന്റ് റെഗുലേറ്റര് എന്ന നിലയില് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ വഹിക്കുന്ന പങ്കില് വെല്ലുവിളി ഉയരുന്നുവെന്നും ഹര്ജിയിലുണ്ട്.
◄എത്ര ലളിതമായിരുന്നു!
പ്രാദേശിക ബാങ്കുകള്ക്കു സ്ഥിരമായ വരുമാനം നല്കാനും സൈബര് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനും ഡിജിറ്റല് ഇക്കോസിസ്റ്റം ഇംപാക്റ്റ് ഫണ്ടുകള്ക്കും ദീര്ഘകാല ഡിജിറ്റല് പേയ്മെന്റ് വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഉയര്ന്ന യുപിഐ വ്യാപാര ഇടപാടുകള്ക്കു ഫീസ് എന്നതാണു സര്ക്കാരിന്റെ വാദം. ഉപഭോക്താവില്നിന്നു പണം ഈടാക്കുന്നില്ല എന്നതാണു വാഗ്ദാനം.
എന്നാല്, ലളിതമായ ഡിജിറ്റല് പേയ്മെന്റുകള് ഇനി കൂടുതല് സങ്കീര്ണമാകും. പണം കൈമാറുന്ന ഇടപാടുകള് നിലവില് ഏതാനും സെക്കന്ഡുകള് കൊണ്ടു പൂര്ത്തിയാകും. ക്യുആര് കോഡ് സ്കാന് ചെയ്യുക, പിന് നല്കുക, പണമടയ്ക്കുക. അടുത്ത മാസം 15 മുതല് സ്ഥിതി മാറും. നാഷണല് പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയാണു ബാങ്കുകളിലൂടെ പുതിയ നിരക്കുകള് ഈടാക്കുക.
◄ഉപഭോക്താക്കളെ പിഴിയും
ഡിജിറ്റല് ഇടപാടുകള്ക്കു വലിയ ഫീസില്ലെന്ന് ഒറ്റനോട്ടത്തില് തോന്നാം. ഉദാഹരണത്തിന് 3,000 രൂപയ്ക്കു 12 രൂപയും 50,000 രൂപയ്ക്ക് 200 രൂപയും 75,000 രൂപയ്ക്കു മുകളില് 300 രൂപയുമാണു ഫീസ്. പുതിയ ചട്ടക്കൂട് അനുസരിച്ച്, പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കു മുകളില് വരുമാനമുള്ള ചെറുകിട വ്യാപാരികളും എംഡിആര് ഫീസ് നല്കണം. ഉപഭോക്താവില്നിന്നു നേരിട്ടു ഫീസ് ഈടാക്കില്ലെങ്കിലും വ്യാപാരികള് സാധനങ്ങളുടെ വില ഉയര്ത്തുമെന്നതാണ് ആശങ്ക. കുറഞ്ഞ ലാഭവിഹിതമുള്ള വ്യാപാരികള് ഡിജിറ്റല് ഇടപാടുകള് അവസാനിപ്പിച്ചു പണം വാങ്ങാനും സാധ്യതയേറും.
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വൈദ്യുതി, വെള്ളം തുടങ്ങിയ പ്രതിമാസ ബില്ലുകള്ക്കും റെയില്വേ, ടെലികോം, ഇന്ഷ്വറന്സ്, ഇന്ധനം തുടങ്ങിയവയ്ക്കും ഓരോ തവണയും വ്യാപാരി അഞ്ചു രൂപ വീതം നല്കേണ്ടിവരും. ഉപഭോക്താവില്നിന്ന് ഇത് ഈടാക്കരുതെന്നാണു നിര്ദേശമെങ്കിലും സാധാരണക്കാരന്റെമേല് വളഞ്ഞ വഴിക്കെങ്കിലും അധികഭാരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഓഹരിവിപണി ഇടപാടുകള്ക്കും ഫീസുണ്ട്. മ്യൂച്വല് ഫണ്ടുകള്, സെക്യൂരിറ്റികള്, സ്റ്റോക്ക് ബ്രോക്കര്മാര്, ഡീലര്മാര് എന്നിവരുമായി ബന്ധപ്പെട്ട പേയ്മെന്റുകള്ക്ക് 0.02 ശതമാനം ആണിത്. നിര്ദിഷ്ട ചട്ടക്കൂടിനു കീഴില് ഓരോ ഇടപാടിനും 300 രൂപ എന്ന പരിധിയില്.
◄ട്രംപിനു മുന്നില് ഇഴയരുത്
യുപിഐ നികുതി ചുമത്തിയതിലൂടെ അമേരിക്കയ്ക്കു വലിയൊരു തുക നല്കി, ഓരോ ഇന്ത്യക്കാരന്റെയും മേല് പ്രധാനമന്ത്രി മോദി നികുതി ചുമത്തിയെന്നാണു പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയുടെ ആരോപണം. പ്രധാനമന്ത്രിയോടു യുഎസിനു മുന്നില് കിടക്കുന്നതു നിര്ത്തുക, നട്ടെല്ലു കാണിക്കുക, എഴുന്നേറ്റു നില്ക്കുക എന്നും യുപിഐ നികുതി പിന്വലിക്കണമെന്നും രാഹുല് പറഞ്ഞു.
◄ജിഎസ്ടിയുടെ പാഠങ്ങള്
യുപിഐ ഇടപാടിനുള്ള അധികചാര്ജ് ഈടാക്കാനായി വ്യാപാരികള് അവരുടെ വിലകളില് മാറ്റം വരുത്തുന്നുണ്ടോയെന്നു ബാങ്കുകള് എങ്ങനെ പരിശോധിക്കണമെന്നു സര്ക്കാര് വ്യക്തമാക്കിയിട്ടില്ല. റിസര്വ് ബാങ്കിന്റെ രണ്ടു ലക്ഷം കോടിയിലേറെ വരുന്ന പ്രതിവര്ഷ മിച്ചത്തില്നിന്ന് യുപിഐ ചെലവുകള്ക്കു പണം കണ്ടെത്തണമെന്ന ആവശ്യത്തോടു കേന്ദ്രം അനുകൂലമായി പ്രതികരിക്കുകയാണു വേണ്ടത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന അപകടങ്ങള് തിരുത്തുകയെന്നതാണു നല്ല ജനാധിപത്യ സര്ക്കാരിന്റെ ചുമതല.
ചെറുകിട ബിസിനസുകളെ പ്രതിസന്ധിയിലാക്കിയ ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) അനുഭവത്തില്നിന്നു പാഠം ഉള്ക്കൊണ്ടു വിവാദ യുപിഐ ഫീസ് നിരക്കു റദ്ദാക്കുകയോ കൂടുതല് ലളിതമാക്കുകയോ ചെയ്യട്ടെ.
Tech
ഒക്ടോബർ 15 മുതൽ യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എന്നാൽ, ഈ പുതിയ പരിഷ്കാരം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല.
₹2,000 രൂപ മുകളിലുള്ള യുപിഐ ഇടപാടുകൾക്കാണ് 0.4% തുക എംഡിആർ ആയി ഈടാക്കുക. ₹75,000ന് മുകളിലുള്ള ഇടപാടുകൾക്ക് പരമാവധി ₹300 വരെ മാത്രമായിരിക്കും ചാർജ്.
സാധാരണക്കാർ നടത്തുന്ന യുപിഐ ഇടപാടുകൾ പൂർണമായും സൗജന്യമായിരിക്കും. വ്യാപാരികൾക്ക് വരുന്ന ഈ അധിക ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ അനുവാദമില്ല.
സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പണം അയക്കുന്നതിനും, സ്വന്തം അക്കൗണ്ടുകൾക്കിടയിൽ തുക മാറ്റുന്നതിനും തുകയുടെ പരിധിയില്ലാതെ സൗജന്യമായിരിക്കും.
പ്രതിമാസം യുപിഐ ക്യൂ ആർ കോഡ് വഴി ഒരു ലക്ഷം വരെ മാത്രം സ്വീകരിക്കുന്ന ചെറുകിട കച്ചവടക്കാരെ എംഡിആർ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റെയിൽവേ, ഇലക്ട്രിസിറ്റി, ഇന്ധനം, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾക്കുള്ള ₹2,000ന് മുകളിലുള്ള ഇടപാടുകൾക്ക് നിശ്ചിത ₹5 മാത്രമായിരിക്കും എംഡിആർ. ഡിജിറ്റൽ ഇടപാടുകളുടെ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റമെന്ന് നാഷണൽ പേയ്മെന്റസ് കോർപറേഷൻ ഓഫ് ഇന്ത്യ.
National
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇതുവഴി രാജ്യത്തെ എല്ലാ പൗരർക്കുമേലും സർക്കാർ നികുതി ചുമത്തുകയാണെന്നും അമേരിക്കയ്ക്ക് വലിയ അളവിലുള്ള പണം നൽകുകയാണെന്നും രാഹുൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ഒരു നട്ടെല്ല് വളർത്താൻ രാഹുൽ പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് ആവശ്യപ്പെട്ടു. മോദിജി ഡോണൾഡ് ട്രംപിനു മുന്നിൽ മലർന്നുകിടക്കാനും സാഷ്ടാംഗം നമസ്കരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
നേട്ടം അമേരിക്കൻ കമ്പനികൾക്കെന്ന് കോൺഗ്രസ്
2000 രൂപയ്ക്കു മേലെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുമ്പോൾ നേട്ടമെത്തുന്നത് അമേരിക്കൻ കമ്പനികൾക്കെന്നു കോൺഗ്രസ് സമൂഹമാധ്യമ അധ്യക്ഷ സുപ്രിയ ശ്രീനേഥ്. കഴിഞ്ഞ സാമ്പത്തികവർഷം 2000 രൂപയ്ക്കു മുകളിലുള്ള പി2എം വ്യാപാര ഇടപാടുകളുടെ മൂല്യം രാജ്യത്ത് 66.22 ലക്ഷം കോടി രൂപയാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രിയ ഇതിന്റെ ഏകദേശം 86 ശതമാനം മാർക്കറ്റ് ഷെയറുകളും ഫോൺ പേ വഴിയും (48.9%), ഗൂഗിൾ പേ വഴിയുമാണെന്നു (37.7%) പറഞ്ഞു.
യുപിഐ ഇടപാടിൽനിന്നുള്ള ചാർജുകൾ പണമിടപാട് ശൃംഖലയിലുൾപ്പെട്ട ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ ആപ്പ് പ്രൊവൈഡർമാർക്ക് പങ്കിടും. ഫോൺപേയുടെ പ്രധാന ഓഹരി ഉടമകൾ അമേരിക്കൻ കമ്പനിയായ വാൽമാർട്ടാണെന്നും ഗൂഗിൾ പേ അമേരിക്കൻ കമ്പനിയാണെന്നും സുപ്രിയ കോൺഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വീസ, മാസ്റ്റർ കാർഡ് തുടങ്ങിയ യുഎസ് അധിഷ്ഠിത പേയ്മെന്റ് ശൃംഖലകളുടെ ആശങ്കകൾ പരിഹരിക്കാനാണ് നയം മാറ്റമെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
Kerala
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്കൻ കമ്പനികൾക്ക് വേണ്ടിയാണെന്ന് കോൺഗ്രസ്. ഡോണൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വ്യക്തികൾക്കിടയിൽ എത്ര തുകയുടെ ഇടപാട് നടന്നാലും ഫീസ് ഉണ്ടാകില്ലെന്ന വാഗ്ദാനം സർക്കാർ ലംഘിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ ബാങ്കുകൾക്കും പണമിടപാട് സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
അതേസമയം പാർലമെന്റ് അടുത്തിടെ പാസാക്കിയ ടാക്സേഷൻ നിയമ ഭേദഗതിയിൽ യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ചുമത്തുന്നതിനുള്ള വിലക്ക് നീക്കിയിരുന്നു.
National
ന്യൂഡൽഹി: ഡിജിറ്റൽ ഇടപടുകൾക്ക് വലിയ ആശ്വാസമായി പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. യുപിഐ ഇടപാടുകൾക്ക് യാതൊരുവിധ നിരക്കുകളും ചുമത്തില്ലെന്നും ഈ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഉപഭോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമായി തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ബിൽ കഴിഞ്ഞ ആഴ്ച ലോക്സഭയും പാസാക്കിയിരുന്നു. യുപിഐ സംവിധാനം നിലവിൽ വന്നത് മുതൽ ഉപഭോക്താക്കൾക്ക് ഇത് തികച്ചും സൗജന്യമാണ്. ഭാവിയിലും ഉപയോക്താക്കൾ യാതൊരുവിധ ചാർജുകളും നൽകേണ്ടി വരില്ലെന്നും ഇടപാടുകൾക്ക് ഫീസ് നൽകാതെ തന്നെ ജനങ്ങൾക്ക് ഡിജിറ്റൽ പേയ്മെന്റ് തുടർന്നും ഉപയോഗിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഏതൊക്കെ ഇലക്ട്രോണിക് പേയ്മെന്റ് രീതികളും ഇടപാടുകളുമാണ് സൗജന്യമായി തുടരേണ്ടതെന്ന് കൃത്യമായി തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് നൽകുന്നതാണ് പുതിയ നിയമഭേദഗതി. നിലവിൽ യുപിഐ, റൂപേ ഡെബിറ്റ് കാർഡുകൾ വഴിയുള്ള പേയ്മെന്റുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നേരിട്ടോ അല്ലാതെയോ ചാർജ് ഈടാക്കാൻ ബാങ്കുകൾക്കോ മറ്റ് പേയ്മെന്റ് സിസ്റ്റം പ്രൊവൈഡർമാർക്കോ അനുവാദമില്ല.
പുതിയ ബില്ലിലെ വ്യവസ്ഥകൾ ഭാവിയിൽ വലിയ തുകയുടെ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്നും മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കുന്നതിനുള്ള നിയമപരമായ സാധ്യതകൾ തുറന്നിടുന്നുണ്ടെങ്കിലും, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നുണ്ട്.
Tech
ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ വഴിയൊരുങ്ങുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ട്.
പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ ഭേദഗതിയിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്.
വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്കോ സാധാരണക്കാരുടെ ദൈനംദിന യുപിഐ ഉപയോഗങ്ങൾക്കോ ഫീസ് ബാധകമാകില്ല. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് തുക ഈടാക്കില്ല.
വർഷത്തിൽ 1.5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വൻകിട വ്യാപാരികൾക്ക് മാത്രമാകും ഈ നിരക്ക് ബാധകം. ₹2,000 രൂപ മുകളിലുള്ള തുകയ്ക്ക് 0.3% മുതൽ 0.5% വരെ ഫീസ് ഈടാക്കാനാണ് നിർദേശം.
പ്രാദേശിക കടകൾ, ചായക്കടകൾ, ചെറിയ റീട്ടെയ്ൽ സ്ഥാപനങ്ങൾ എന്നിവയെ ഈ തീരുമാനം ബാധിക്കില്ല. നിലവിൽ നിയമത്തിൽ വ്യവസ്ഥ ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. സർക്കാരിന് ആവശ്യാനുസരണം ഭാവിയിൽ ഇത് നടപ്പിലാക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
സൗജന്യ യുപിഐ സേവനങ്ങൾ നൽകുന്നത് ബാങ്കുകൾക്കും പേയ്മെന്റ് ആപ്പുകൾക്കും സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കാനും സൈബർ സുരക്ഷ മെച്ചപ്പെടുത്താനും വ്യാപാരികളിൽ നിന്ന് ചെറിയൊരു തുക ഫീസായി ഈടാക്കുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ നടക്കുന്ന ആകെ യുപിഐ ഇടപാടുകളിൽ 5 ശതമാനം മാത്രമാണ് ₹2,000 രൂപയ്ക്ക് മുകളിലുള്ളത്. എന്നാൽ, ആകെ തുകയുടെ 65 ശതമാനവും ഇതിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ക്രെഡിറ്റ് കാർഡുകൾക്ക് 1.5% മുതൽ 3% വരെ മർച്ചന്റ് ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ, യുപിഐക്ക് വരുന്ന ഈ ചെറിയ മാറ്റം വലിയൊരു വിഭാഗം വ്യാപാരികളും സ്വയം വഹിക്കാനാണ് സാധ്യത.
Tech
ന്യൂഡൽഹി: ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുന്നതിനുള്ള പുതിയ ഫീച്ചർ ഉടൻ നടപ്പിലാക്കാൻ യുപിഐ ഒരുങ്ങുന്നു. റേഞ്ചില്ലാത്ത സ്ഥലങ്ങളിലോ, വിമാനത്തിലോ, അണ്ടർഗ്രൗണ്ട് ടണലുകളിലോ ആയിരിക്കുമ്പോൾ പോലും മറ്റൊരു ഉപകരണത്തിലേക്കോ മർച്ചന്റിന്റെ പോയിന്റ് ഓഫ് സെയിൽ ടെർമിനലിലേക്കോ ഇന്റർനെറ്റ് ഇല്ലാതെ പണം കൈമാറാൻ സാധിക്കും.
റിപ്പോർട്ടുകൾ പ്രകാരം, ബ്ലൂടൂത്തിനേക്കാൾ വേഗതയേറിയതും സുരക്ഷിതവുമായ 'നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ' സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഓഫ്ലൈൻ മർച്ചന്റ് ടെർമിനലുകളിൽ ഇടപാടുകൾ നടത്തുക. ഈ സംവിധാനം വഴി പരമാവധി 2,000 രൂപ വരെ ഒറ്റത്തവണയായി കൈമാറാം.
ഉപഭോക്താക്കൾ ആദ്യം ഇന്റർനെറ്റ് സൗകര്യമുള്ളപ്പോൾ യുപിഐ ലൈറ്റ്, എന്ന ഡിജിറ്റൽ വാലറ്റിലേക്ക് പണം ലോഡ് ചെയ്യണം. ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ വച്ച് ഈ വാലറ്റ് ബാലൻസ് ഉപയോഗിച്ച് യുപിഐ പിൻ ടൈപ്പ് ചെയ്യാതെ തന്നെ എൻഎഫ്സി വഴി ഇടപാട് നടത്താം.
ഇതിനായി യുപിഐ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ഉപകരണ നിർമ്മാതാക്കൾക്ക് സർട്ടിഫിക്കേഷൻ നൽകാനുള്ള നടപടികൾ ഈ വർഷം ആരംഭിക്കും.
നിലവിൽ ഇന്റർനെറ്റ് ഇല്ലാതെ പണമടയ്ക്കാൻ *99# എന്ന യുഎസ്എസ്ഡി കോഡും, യുപിഐ 123പേ വോയിസ് കോൾ എന്നീ സേവനങ്ങളും ലഭ്യമാണ്. എന്നാൽ ഇവയ്ക്ക് ജിഎസ്എം സിഗ്നലോ മൊബൈൽ നെറ്റ്വർക്കോ ആവശ്യമാണ്.
എന്നാൽ ഉടൻ വരുന്ന എൻഎഫ്സി ഫീച്ചറിന് യാതൊരുവിധ മൊബൈൽ നെറ്റ്വർക്കിന്റെയോ സിം സിഗ്നലിന്റെയോ ആവശ്യമില്ല. നിങ്ങളുടെ ഫോണിൽ എൻഎഫ്സി സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം മതിയാകും.
സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും സാധാരണ ഫീച്ചർ ഫോണുകളിൽ ജിഎസ്എം നെറ്റ്വർക്ക് വഴി *99# യുഎസ്എസ്ഡി സേവനം ഉപയോഗിക്കാം. 13 ഭാഷകളിൽ ലഭ്യമായ ഈ സേവനത്തിലൂടെ പരമാവധി 5,000 രൂപ വരെ അയക്കാം.
യുപിഐ 123പേ ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കായി ഐവിആർ വോയ്സ് കോൾ വഴി പ്രവർത്തിക്കുന്ന സംവിധാനം. 12 ഭാഷകളിൽ ലഭ്യമാണ്. പ്രതിദിനം 1,00,000 രൂപ വരെയും ഒറ്റത്തവണ 5,000 രൂപ വരെയും കൈമാറാം.
നെറ്റ്വർക്ക് സേവനങ്ങൾ പോലും ലഭ്യമല്ലാത്ത മേഖലകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ എൻഎഫ്സി സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.
Business
ഗൂഗിൾ പേയോ ഫോൺ പേയോ ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ഇന്ന് നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. എന്നാൽ ശ്രദ്ധിക്കുക, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ലക്ഷക്കണക്കിന് UPI തട്ടിപ്പുകളാണ് പ്രതിവർഷം നടക്കുന്നത്. സാധാരണക്കാർക്ക് നഷ്ടമാകുന്നത് ആയിരക്കണക്കിന് കോടി രൂപയും.
തട്ടിപ്പുകാർ ഇപ്പോൾ പഴയ രീതികൾ മാറ്റി വളരെ ആധുനികമായ വഴികളിലൂടെയാണ് നമ്മുടെ പണം കവരുന്നത്. ഇതിനെ നേരിടാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI), നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. UPI ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 സുപ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെ കാര്യം: പിൻ നമ്പറും (PIN) ഫിംഗർപ്രിന്റ് സുരക്ഷയും. നിങ്ങളുടെ യുപിഐ പിൻ (UPI PIN) നമ്പർ എപ്പോഴും പണം അയക്കാൻ (Send Money) മാത്രമുള്ളതാണ്. പണം ഇങ്ങോട്ട് ലഭിക്കാൻ ഒരിക്കലും പിൻ നമ്പർ നൽകേണ്ട ആവശ്യമില്ല. കൂടാതെ, ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കാൻ ആർ.ബി.ഐ (RBI) ഇപ്പോൾ ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) കർശനമാക്കിയിരിക്കുകയാണ്. അതായത്, കേവലം ഒരു ഒ.ടി.പി-ക്ക് (OTP) പകരം നിങ്ങളുടെ ഫോണിലെ ഫിംഗർപ്രിന്റ് അല്ലെങ്കിൽ ബയോമെട്രിക് സംവിധാനം ഒരു പ്രധാന സുരക്ഷാ കവചമായി മാറിയിരിക്കുന്നു. അതിനാൽ നിങ്ങളുടെ UPI ആപ്പുകളിൽ ഫിംഗർപ്രിന്റ് ലോക്ക് എപ്പോഴും ഓൺ ചെയ്തു വെക്കാൻ ശ്രദ്ധിക്കുക.
രണ്ടാമത്തെ കാര്യം: 'ഡിജിറ്റൽ അറസ്റ്റും' വ്യാജ കളക്ട് റിക്വസ്റ്റുകളും (Collect Requests). പോലീസ്, സി.ബി.ഐ (CBI), അല്ലെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന 'ഡിജിറ്റൽ അറസ്റ്റ്' രീതി ഇപ്പോൾ വ്യാപകമാണ്. ഇത്തരം കോളുകൾ വന്നാൽ ഒട്ടും ഭയപ്പെടാതിരിക്കുക. അതോടൊപ്പം, ചില സെല്ലിംഗ് പ്ലാറ്റ്ഫോമുകൾ വഴി നിങ്ങൾക്ക് പണം നൽകാനെന്ന വ്യാജേന തട്ടിപ്പുകാർ അയക്കുന്ന 'Collect Request' ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അബദ്ധത്തിൽ 'Pay' ബട്ടൺ അമർത്താതിരിക്കുക. അപരിചിതമായ ഇത്തരം നോട്ടിഫിക്കേഷനുകൾ ഉടൻ തന്നെ 'Decline' ചെയ്യുക.
മൂന്നാമത്തെ കാര്യം: ഗൂഗിളിൽ തിരഞ്ഞു കണ്ടുപിടിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ. UPI ഇടപാടിൽ പണം നഷ്ടപ്പെട്ടാൽ നമ്മൾ പലപ്പോഴും ഗൂഗിളിൽ ബാങ്കിന്റെയോ ആപ്പിന്റെയോ കസ്റ്റമർ കെയർ നമ്പർ തിരയാറുണ്ട്. അവിടെ കാണുന്ന പല നമ്പറുകളും തട്ടിപ്പുകാരുടേതാകാം. അവർ നിങ്ങളെ സഹായിക്കാനെന്ന വ്യാജേന AnyDesk, TeamViewer പോലെയുള്ള സ്ക്രീൻ ഷെയറിങ് (Screen Sharing) ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഇത് ചെയ്താൽ നിങ്ങളുടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം അവർക്ക് ലഭിക്കുകയും, നിങ്ങളറിയാതെ ബാങ്ക് അക്കൗണ്ട് കാലിയാകുകയും ചെയ്യും. ഓർക്കുക, യഥാർത്ഥ ബാങ്ക് അധികൃതർ ഒരിക്കലും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടില്ല.
നാലാമത്തെ കാര്യം: കടകളിലെ ക്യുആർ കോഡ് (QR Code) തട്ടിപ്പുകൾ. പെട്രോൾ പമ്പുകളിലും മറ്റും കടയുടമയുടെ യഥാർത്ഥ ക്യുആർ കോഡിന് മുകളിൽ തട്ടിപ്പുകാർ അവരുടെ വ്യാജ സ്റ്റിക്കർ ഒട്ടിച്ചു വെക്കുന്ന പ്രവണത ഇന്ന് വ്യാപകമാണ്. NPCI-യുടെ നിർദ്ദേശപ്രകാരം, സ്കാൻ ചെയ്യുമ്പോൾ പണം സ്വീകരിക്കുന്ന ആളുടെ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യഥാർത്ഥ പേര് (Banking Name) സ്ക്രീനിൽ വ്യക്തമായി കാണിക്കും. പണം അയക്കുന്നതിന് മുൻപ് ആ പേര് കൃത്യമാണോ എന്ന് കടക്കാരനോട് ചോദിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം നിങ്ങളുടെ പിൻ നമ്പർ എന്റർ ചെയ്യുക.
അഞ്ചാമത്തെ കാര്യം: സിം സ്വാപ്പ് (SIM Swap) തട്ടിപ്പുകൾ. നിങ്ങളുടെ ഫോണിലെ നെറ്റ്വർക്ക് പെട്ടെന്ന് നഷ്ടപ്പെടുകയാണെങ്കിൽ അത് വെറുമൊരു സാങ്കേതിക തകരാർ മാത്രമാകണമെന്നില്ല; തട്ടിപ്പുകാർ നിങ്ങളുടെ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്തതുമാകാം. അത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. സൈബർ തട്ടിപ്പുകൾ തടയാൻ ആർ.ബി.ഐ ഇപ്പോൾ മ്യൂൾ ഹണ്ടർ എഐ എന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. മ്യൂൾ ഹണ്ടർ എഐ എന്ന സംവിധാനത്തിലേക്ക് സാധാരണക്കാർക്ക് പ്രവേശിക്കാൻ അനുമതിയില്ല.
നമ്മൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനോ ലോഗിൻ ചെയ്യാനോ കഴിയുന്ന ഒരു പബ്ലിക് ആപ്ലിക്കേഷനോ വെബ്സൈറ്റോ അല്ല ഇത്. "മറിച്ച്, ബാങ്കുകൾ, പേയ്മെൻ്റ് സിസ്റ്റം ഓപ്പറേറ്റർമാർ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേണ്ടി മാത്രമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പ്രധാന 'ബാക്കെൻഡ് ഇൻഫ്രാസ്ട്രക്ചർ ടൂൾ' (Backend Infrastructure Tool) ആണിത്. അവർക്ക് മാത്രമാണ് ഇത് ഉഫയോഗിക്കാൻ അനുവാദം.
ഇത്തരം സംവിധാനം ഉണ്ടെങ്കിലും , നിങ്ങളുടെ ബാങ്ക് ആപ്പിൽ കയറി ദിവസേന അയക്കാവുന്ന തുകയുടെ പരിധി അഥവാ ട്രാൻസാക്ഷൻ ലിമിറ്റ് (Transaction limit) സെറ്റ് ചെയ്തു വെക്കുന്നത് നിങ്ങളുടെ സാമ്പത്തിക സുരക്ഷ കൂടുതൽ ഉറപ്പാക്കും.അതിനാൽ ഇപ്പറഞ്ഞ അഞ്ച് പ്രധാന കാര്യങ്ങൾ നിങ്ങൾ ഓർത്തിരിക്കുക.
Kerala
പരവൂര്: പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്ക്ക് വലിയ ആശ്വാസമേകുന്ന പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രസര്ക്കാര്. ഇനിമുതല് വരിക്കാര്ക്ക് തങ്ങളുടെ പിഎഫ് തുക യുപിഐ പേമെന്റ് ഗേറ്റ്വേ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്വലിക്കാനാകും.
ഇതിനായുള്ള സാങ്കേതിക പരീക്ഷണങ്ങള് വിജയകരമായി പൂര്ത്തിയായതായി കേന്ദ്ര തൊഴില്മന്ത്രാലയം അറിയിച്ചു.
ഏഴു കോടിയിലധികം വരുന്ന ഇപിഎഫ്ഒ വരിക്കാര്ക്ക് ഡിജിറ്റല് ഇടപാടുകള് കൂടുതല് സുഗമമാക്കാന് ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവയ്പ്.
നിലവില് പിഎഫ് തുക പിന്വലിക്കുന്നതിനുള്ള അപേക്ഷകള് പ്രോസസ് ചെയ്യുന്നതിന് വലിയ കാലതാമസം നേരിടുന്നുണ്ട്. എന്നാല് പുതിയ സംവിധാനത്തില്, വരിക്കാര്ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന് സാധിക്കുന്ന ഇപിഎഫ് ബാലന്സ് തുക കൃത്യമായി കാണാനാകും. തുടര്ന്ന് ലിങ്ക് ചെയ്ത യുപിഐ പിന് ഉപയോഗിച്ച് സുരക്ഷിതമായി തുക ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം.
ഓട്ടോ സെറ്റില്മെന്റ് വഴി നിലവില് മൂന്നു ദിവസത്തിനകം പണം ലഭിക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തില്നിന്ന് അഞ്ചു ലക്ഷം രൂപയായി നേരത്തേ ഉയര്ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യുപിഐ സംവിധാനവും എത്തുന്നത്.
പിഎഫ് വരിക്കാരിലേക്ക് സേവനങ്ങള് വേഗത്തില് എത്തിക്കുന്നതിനായി വാട്സാപ് പ്ലാറ്റ്ഫോം ഉപയോഗിക്കാനും ഇപിഎഫ്ഒ പദ്ധതിയിടുന്നുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില് ഈ സേവനം നിലവില്വരും.
ഇപിഎഫ്ഒയുടെ ഗ്രീന് ടിക് മാര്ക്കുള്ള ഔദ്യോഗിക വാട്സാപ് നമ്പറിലേക്ക് ഹലോ എന്നു ടൈപ്പ് ചെയ്ത് അയച്ച് വരിക്കാര്ക്ക് സംശയനിവാരണം നടത്താം.
വരിക്കാരുടെ സൗകര്യാര്ഥം മലയാളം ഉള്പ്പെടെയുള്ള പ്രാദേശിക ഭാഷകളില് ഈ വാട്സാപ് സേവനം ലഭ്യമാകും. 24 മണിക്കൂറും ഈ സംവിധാനം പ്രവര്ത്തിക്കും.
പിഎഫ് ബാലന്സ്, അവസാനത്തെ അഞ്ച് ഇടപാടുകളുടെ വിവരങ്ങള്, ക്ലെയിം സ്റ്റാറ്റസ് എന്നിവയെല്ലാം വാട്സാപ് വഴി വിരല്ത്തുമ്പില് അറിയാം. കൂടാതെ, ഡിജിറ്റല് തിരിച്ചറിയല് സാങ്കേതികവിദ്യകളായ ഫേസ് ഓഥന്റിക്കേഷന് പോലുള്ളവ പൂര്ത്തിയാക്കാത്തവര്ക്കും ഡിബിടി ആനുകൂല്യങ്ങള് തടസപ്പെട്ടവര്ക്കും ആവശ്യമായ സഹായങ്ങള് വാട്സാപ് വഴി ലഭ്യമാക്കും.
വിവിധ ഉപഭോക്തൃ കോടതികളിലും ട്രൈബ്യൂണലുകളിലുമായി കെട്ടിക്കിടക്കുന്ന കേസുകള് വേഗത്തില് തീര്പ്പാക്കാന് ഇപിഎഫ്ഒ നടത്തിയ പ്രത്യേക കാമ്പയിനുകള് വന് വിജയമായതായും മന്ത്രാലയം അറിയിച്ചു. നിധി ആപ്കെ നികത് പരിപാടിയിലൂടെ ഉപഭോക്തൃ കോടതികളിലെ കേസുകള് ഗണ്യമായി കുറച്ചു. പത്തു വര്ഷത്തിലേറെയായി കെട്ടിക്കിടന്നിരുന്ന ദീര്ഘകാല കേസുകളില് 45.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
Business
പരവൂര്: രാജ്യത്തെ ഡിജിറ്റല് പണമിടപാട് ചരിത്രത്തില് പുതിയ നാഴികക്കല്ല് പിന്നിട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്ഫേസ് (യുപിഐ). 2026 മാര്ച്ചില് എക്കാലത്തെയും ഉയര്ന്ന ഇടപാട് മൂല്യമായ 29.52 ലക്ഷം കോടി രൂപ യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടതായി നാഷണല് പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്പിസിഐ) പുറത്തുവിട്ട കണക്കുകള് വ്യക്തമാക്കുന്നു.
ഫെബ്രുവരിയിലെ 26.84 ലക്ഷം കോടി രൂപയില്നിന്നാണ് ഈ കുതിച്ചുചാട്ടം. ഇടപാടുകളുടെ എണ്ണത്തിലും വലിയ വര്ധനയുണ്ടായി. മാര്ച്ചില് മാത്രം 22.64 ബില്യണ് ഇടപാടുകളാണ് നടന്നത്. മുന് മാസത്തെ അപേക്ഷിച്ച് മൂല്യത്തില് 10 ശതമാനവും എണ്ണത്തില് 11 ശതമാനവും വളര്ച്ചയാണ് രേഖപ്പെടുത്തിയത്. 2016-ല് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്.
2025-26 സാമ്പത്തികവര്ഷം പൂര്ത്തിയാകുമ്പോള് യുപിഐയുടെ ആധിപത്യം കൂടുതല് വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്ഷം ആകെ 314.23 ലക്ഷം കോടിയുടെ ഇടപാടുകളാണ് നടന്നത്.
മുന് വര്ഷത്തെ അപേക്ഷിച്ച് മൂല്യത്തില് 21 ശതമാനവും ഇടപാടുകളുടെ എണ്ണത്തില് 30 ശതമാനവും വാര്ഷികവളര്ച്ച കൈവരിക്കാന് സാധിച്ചു. പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും വന് വര്ധനയാണുണ്ടായിരിക്കുന്നത്. മാര്ച്ചിലെ കണക്കുകള് പ്രകാരം പ്രതിദിനം ശരാശരി 73.03 കോടി ഇടപാടുകള് നടക്കുന്നുണ്ട്.
മുന് വര്ഷം ഇത് 59 കോടിയായിരുന്നു. നഗരപ്രദേശങ്ങളില് മാത്രമല്ല, ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും യുപിഐ പണമിടപാടുകള് സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.
സുരക്ഷിതത്വവും മികച്ച സാങ്കേതിക സൗകര്യങ്ങളും യുപിഐ പ്ലാറ്റ്ഫോമിനോടുള്ള ജനങ്ങളുടെ വിശ്വാസം വര്ധിപ്പിച്ചതാണ് നേട്ടത്തിന് പ്രധാന കാരണം.
Kerala
പരവൂർ: പണം കൈമാറാൻ ഇന്നു രാജ്യമെന്പാടും ഉപയോഗിക്കുന്ന യുപിഐ ഇടപാട് ഇനി അത്ര എളുപ്പത്തിൽ സാധിക്കില്ല. ഇപ്പോഴാണെങ്കിൽ പണം കൈമാറേണ്ട അക്കൗണ്ട് സെലക്ട് ചെയ്താൽ പിന്നെ സുരക്ഷാ പിൻ നന്പർ അടിച്ചാൽ പണം കൈമാറാമായിരുന്നു. നിലവിലെ തീരുമാനം നടപ്പായാൽ ഏപ്രിൽ ഒന്നു മുതൽ അതു സാധിക്കില്ല. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബയോമെട്രിക് പരിശോധനയും ഒടിപിയും നിർബന്ധമാക്കുകയാണ്.
രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾക്കു കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നിയമങ്ങളിൽ വൻ പരിഷ്കാരവുമായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും രംഗത്തുവന്നിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ എല്ലാ യുപിഐ ആപ്പുകൾക്കും പുതിയ നിബന്ധന ബാധകമായിരിക്കും. വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രണ്ട് തല സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നത്.
പരിഷ്കാരം ഇങ്ങനെ
നിലവിൽ പിൻ നമ്പർ മാത്രം ഉപയോഗിച്ച് നടത്തിയിരുന്ന ഇടപാടുകൾക്ക് ഇനി മുതൽ വിരലടയാളം പൊരുത്തപ്പെടുത്തുകയോ ഫോൺ വഴിയുള്ള ഫേസ് സ്കാനോ ആവശ്യമായി വരും. ബയോമെട്രിക് പരിശോധന വിജയകരമായാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആറക്ക ഒടിപി ലഭിക്കും. ഈ ഒടിപിക്ക് 30 സെക്കൻഡ് മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ എന്നതിനാൽ നിശ്ചിത സമയത്തിനുള്ളിൽതന്നെ ഇടപാട് പൂർത്തിയാക്കേണ്ടി വരും. സമയം കഴിഞ്ഞാൽ ഇടപാട് റദ്ദാക്കപ്പെടും.
തട്ടിപ്പ് തടയാം
തട്ടിപ്പുകാർ സ്മാർട്ട് ഫോണുകളിൽ വ്യാജ എപികെ ഫയലുകൾ ഉപയോഗിച്ചു നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ പരിശോധനാ തലങ്ങൾ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. വിദേശ രാജ്യങ്ങളിൽനിന്നുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി അന്താരാഷ്ട്ര യുപിഐ ഇടപാടുകൾക്കു പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം ഇടപാടുകളിൽ അയക്കുന്നയാളുടെയും സ്വീകർത്താവിന്റെയും തത്സമയ ലൊക്കേഷൻ സിസ്റ്റം സ്കാൻ ചെയ്യും. കൂടാതെ അധിക സുരക്ഷയ്ക്കായി കാപ്ച പൂരിപ്പിക്കൽ കൂടി അന്താരാഷ്ട്ര ഇടപാടുകളിൽ നിർബന്ധമാക്കും. പുതിയ മാറ്റങ്ങൾ പേയ്മെന്റ് പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുമെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ ശക്തമായ പ്രതിരോധമായി ഇതു മാറുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ സമയം
സുരക്ഷാ ക്രമീകരണങ്ങൾക്കാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെങ്കിലും ഇടപാടുകൾക്ക് ഇനി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ഒടിപിയാണ് പലർക്കും വെല്ലുവിളിയാകുന്നത്. മൊബൈൽ നെറ്റ്വർക്കുകളിലെ പ്രശ്നങ്ങൾക്ക് അനുസരിച്ച് ഒടിപി ലഭിക്കാൻ താമസിച്ചാൽ അത്രയും സമയം ഇടപാടുകാരൻ അവിടെ ചെലവഴിക്കേണ്ടി വരും. ചിലപ്പോൾ ഒന്നിൽകൂടുതൽ തവണ ഒടിപി അയയ്ക്കേണ്ടതായും വരും. സെക്കൻഡുകൾകൊണ്ട് പൂർത്തിയാക്കിയിരുന്ന യുപിഐ ഇടപാടുകൾക്ക് ഇനി മിനിറ്റുകൾ എടുക്കും. പെട്രോൾ പന്പ് പോലെ തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സമയം ഇടപാടുകൾക്ക് ചെലവഴിക്കേണ്ടി വരുന്നത് അസൗകര്യം സൃഷ്ടിച്ചേക്കാം.
Kerala
ചാത്തന്നൂർ: യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് വിതരണം നിലച്ചു. ഇന്റർനെറ്റ് പ്രശ്നം മൂലം യുപിഐ ഇടപാടുകളാകട്ടെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. യാത്രക്കാർക്കും കണ്ടക്ടർമാർക്കും വളരെയേറെ സൗകര്യപ്രദമായിരുന്നു ട്രാവൽ കാർഡ്. വളരെ വേഗം കണ്ടക്ടർക്കു ടിക്കറ്റ് നല്കാനും കഴിഞ്ഞിരുന്നു. മുൻകൂർ പണമടച്ച് ട്രാവൽ കാർഡ് എടുക്കുന്നതിനാൽ യാത്രയ്ക്ക് പണം കൈയിലില്ലെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലായിരുന്നു.
കെഎസ്ആർടിസിയുടെ ട്രാവൽ കാർഡിനെതിരെ പല കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. ബാഹ്യ സമ്മർദം മൂലമാണ് ട്രാവൽ കാർഡ് വിതരണം നിർത്തിവച്ചതെന്ന ആക്ഷേപവും ജീവനക്കാർ ഉയർത്തുന്നുണ്ട്. ബസുകളിൽ ടിക്കറ്റ് എടുക്കുന്നതിനു യുപിഐ വഴിയുള്ള സംവിധാനം നടപ്പിലാക്കിയതുമുതൽ യാത്രക്കാർ ടിക്കറ്റ് തുക കൈവശം കരുതാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.
യുപിഐ ഇടപാടുകൾ പലവിധ കാരണത്താൽ കൃത്യമായും സമയബന്ധിതമായും നടക്കാത്തതിനാൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകുകയും പലരീതിയിലുള്ള പരാതികൾക്ക് ഇടവരുത്തുകയും ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് കിട്ടിയില്ലെങ്കിൽ യുപിഐ ഇടപാട് നടക്കില്ല. പലപ്പോഴും യുപിഐ മുഖേന ബസ്ചാർജ് അടച്ചാലും ടിക്കറ്റ് ഇടിഎം റിലീസ് ചെയ്യാറില്ല. യാത്രക്കാരന്റെ പണം നഷ്ടമാകുമെന്നതിനെക്കാൾ ഇതു യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള വഴക്കിനും ഇടയാക്കുന്നു. മാത്രമല്ല മൂന്ന് മിനിറ്റോളം സമയമെടുക്കുകയും ചെയ്യുന്നു.
തിരക്കുള്ള ബസുകളിൽ ഇത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. യുപി ഐ ഇടപാട് നടത്താമെന്നതിനാൽ ടിക്കറ്റിന്റെ പണം കൈയിൽ കരുതാത്തവർ വലിയ ബുദ്ധിമുട്ടനുഭവിക്കേണ്ടിയും വരുന്നു. ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായും കുറ്റമറ്റ രീതിയിൽ പൊതു ജനങ്ങൾക്ക് സേവനം നൽകുന്നതിനു വേണ്ടിയും ഓഫ് ലൈൻ മുഖേനയും യുപിഐ സ്വീകരിക്കുന്നതിനു വേണ്ട മാറ്റങ്ങൾ ഇടിഎമ്മിൽ നടപ്പിലാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.
വിദ്യാർഥികൾക്കുവേണ്ടി അവതരിപ്പിച്ച സ്റ്റുഡന്റ് കാർഡിൽ വിദ്യാർഥിയുടെ യാതൊരുവിധ വിവരങ്ങളോ (ഫോട്ടോ, പേര്, പഠിക്കുന്ന സ്കൂൾ) എവിടെ മുതൽ എവിടെ വരെയാണ് യാത്ര അനുവദിച്ചിട്ടുള്ളത്, കാലാവധി എന്നിവയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ ഇല്ല എന്നതിനാൽ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയും ജീവനക്കാർ ഉന്നയിക്കുന്നു.
യുപിഐ ഇടപാട് നടക്കാതെ വരികയും ടിക്കറ്റെടുക്കാൻ യാത്രക്കാരന്റെ പക്കൽ പണമില്ലാതെ വരികയും ചെയ്താൽ നിലവിലെ നിയമപ്രകാരം ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്. ടിക്കറ്റ് തുക ഇല്ലാത്ത യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടുകയോ അതിനു തയാറാകാത്തവരെ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയോ ചെയ്യണമെന്നാണ് നിയമം.
അങ്ങനെ ചെയ്തില്ലെങ്കിൽ കണ്ടക്ടർ കുറ്റക്കാരനാകും എന്നാതണ് സ്ഥിതി. ഈ പ്രതിസന്ധി പരിഹരിക്കാൻ ട്രേഡ് യൂണിനുകളുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കണമെന്ന് ഐടിഇഎഫ് പ്രസിഡന്റ് ശ്രീഷാദ് സിഎംഡിക്ക് നിവേദനം നല്കി.
Business
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് നട്ടെല്ലായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), ഒക്ടോബറിൽ പുതിയ എക്കാലത്തെയും ഉയർന്ന നില ഇടപാടുകൾ സൃഷ്ടിച്ചുകൊണ്ട്് വീണ്ടും സ്വന്തം റിക്കാർഡുകൾ തകർത്തു. യുപിഐ നിലവിൽ വന്ന ഏപ്രിൽ 2016ന് ശേഷമുണ്ടായ ഏറ്റവും മികച്ച കണക്കുകളാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്.
നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ യുപിഐയിലൂടെ നടന്നത് റിക്കാർഡ് ഇടാപാടുകളാണ്. 2,070 കോടി ഇടപാടുകളിലൂടെ 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. രാജ്യത്ത് ഉത്സവ സീസണിനൊപ്പം ജിഎസ്ടി ഇളവും വന്നതോടെ ഡിമാൻഡ് വർധിച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
2025 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1963 കോടി ഇടപാടുകളിൽ നിന്ന് ഒക്ടോബറിൽ 3.6 ശതമാനത്തിന്റെ വർധനയുണ്ടായി. മുൻമാസം 24.90 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 2,000 കോടി ഇടപാടുകളാണ് എണ്ണത്തിന്റെ കാര്യത്തിൽ ഇതുവരെയുള്ള റിക്കാർഡ്. ഈ കണക്കും ഒക്ടോബറിൽ മറികടന്നു. മേയിൽ നടന്ന 25.14 ലക്ഷം കോടി രൂപയുടെ ഇടപാടുകളുടെ റിക്കാർഡും തിരുത്തി.
വാർഷികാടിസ്ഥാനത്തിൽ ഇടപാടുകളുടെ എണ്ണം 25 ശതമാനം വർധിച്ചപ്പോൾ മൂല്യം 16 ശതമാനം ഉയർന്നു. ഒക്ടോബർ 18ന് ആദ്യമായി ഒരു ദിവസം 754.37 കോടിയിലധികം ഇടപാടുകൾ നടത്തി യുപിഐ പുതിയ നാഴികക്കല്ല് പിന്നിട്ടു. യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടപാടാണിത്. ഒക്ടോബറിലെ ശരാശരി പ്രതിദിന ഇടപാടുകളുടെ എണ്ണം 66.8 കോടിയാണ് ഇന്ത്യയിൽ നടന്നത്. പ്രതിദിന ഇടപാട് തുക 87,993 കോടി രൂപയായിരുന്നു. സെപ്റ്റംബറിൽ ശരാശരി പ്രതിദിന ഇടപാടുകൾ 65.4 കോടിയും ഇടപാട് തുക 82,991 കോടി രൂപയുമായിരുന്നെന്ന് കണക്കുകൾ കാണിക്കുന്നത്.
മറ്റ് ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോമുകൾ
എൻപിസിഐ പിന്തുണയുള്ള മറ്റ് പ്േമെന്റ് സംവിധാനങ്ങളും ഒക്ടോബറിൽ വളർച്ച രേഖപ്പെടുത്തി. അതിവേഗ ബാങ്ക് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഐഎംപിഎസിലും (ഇമ്മീഡിയറ്റ് പേമെന്റ് സർവീസ്) വർധനയുണ്ട്. സെപ്റ്റംബറിനേക്കാൾ മൂന്ന് ശതമാനം വർധിച്ച് 40.4 കോടി ഐഎംപിഎസ് ഇടപാടുകളാണ് ഒക്ടോബറിൽ നടന്നത്. സെപ്റ്റംബറിൽ 39.4 കോടിയുടെ ഇടപാടുകളാണ് നടന്നത്.
എന്നാൽ, ഓഗസ്റ്റിൽ ഇടപാടുകളുടെ എണ്ണം കൂടുതലായിരുന്നു. 47.7 കോടിയാണ് ഇടപാടുകൾ. മൊത്തം മൂല്യം എട്ട് ശതമാനം ഉയർന്ന് 6.42 ട്രില്യണ് രൂപയായി. സെപ്റ്റംബറിൽ 5.98 കോടി രൂപയുടെ കൈമാറ്റം നടത്തി. ഒക്ടോബറിലെ ഫാസ്റ്റാഗ് ഇടപാടുകളുടെ എണ്ണത്തിലും വർധനയുണ്ട്. തൊട്ടുമുൻ മാസത്തേക്കാൾ എട്ട് ശതമാനം വർധിച്ച് 36.1 കോടി ഇടപാടുകളാണ് ഫാസ്റ്റാഗിൽ നടന്നത്. സെപ്റ്റംബറിൽ 6661 കോടി രൂപയുടെ മൂല്യത്തെക്കാൾ നാലു ശതമാനം ഉയർന്ന് ഒക്ടോബറിൽ 6,686 കോടി രൂപയുടെ ഇടപാടുകളുണ്ടായി. പ്രതിദിനം 216 കോടി രൂപയുടെ ഇടപാടുകളാണ് ഫാസ്റ്റാഗിൽ നടന്നതെന്നും കണക്കുകൾ പറയുന്നു.
ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലെ (ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം) കണക്കുകളിലും വർധനയുണ്ട്. സെപ്റ്റംബറിൽ 10.6 കോടിയായിരുന്ന എഇപിഎസ് ഇടപാടുകൾ ഒക്ടോബറിൽ 6 ശതമാനം വർധിച്ച് 11.2 കോടിയിലെത്തി. ഏതാണ്ട് 30,509 കോടി രൂപ കൈമാറ്റം ചെയ്തതായും കണക്കുകൾ പറയുന്നു. പ്രതിദിനം 984 കോടി രൂപയുടെ ഇടപാടുകളാണ് ഈ രൂപത്തിൽ നടന്നത്.
Business
മുംബൈ: ഇന്ത്യയിലെ പേമെന്റ് വ്യവസ്ഥ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. എണ്ണത്തിന്റെ കാര്യത്തിൽ പേയ്മെന്റ് ഇടപാടുകൾ 2019 കലണ്ടർ വർഷത്തിലെ 3248 കോടിയിൽനിന്ന് 2024 കലണ്ടർ വർഷത്തിൽ 20,849 കോടിയായി ഉയർന്നു. മൂല്യത്തിന്റെ കാര്യത്തിൽ ഈ കാലയളവിൽ 1775 ലക്ഷം കോടി രൂപയിൽനിന്ന് 2830 ലക്ഷം കോടി രൂപയായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേമെന്റ് സിസ്റ്റംസ് റിപ്പോർട്ട് പറയുന്നു.
2019ൽ മൊത്തം പേമെന്റ് ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 96.7 ശതമാനവും മൂല്യത്തിൽ 95.5 ശതമാനവും ഡിജിറ്റൽ പേമെന്റുകളായിരുന്നു. 2024ൽ ഈ കണക്കുകൾ എണ്ണത്തിൽ 99.7 ശതമാനമായും മൂല്യത്തിൽ 97.5 ശതമാനമായും ഉയർന്നു. ഈ വളർച്ച 2025ലും തുടർന്നു.
2025 ലെ ആദ്യ ആറ് മാസങ്ങളിലെ മൊത്തം പേമെന്റ് ഇടപാടുകളുടെ 99.8 ശതമാനം ഡിജിറ്റൽ പേമെന്റുകളാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഡാറ്റ പ്രകാരം, ഈ കാലയളവിലെ മൊത്തം പേയ്മെന്റ് ഇടപാട് മൂല്യത്തിന്റെ 97.7% ഡിജിറ്റൽ പേമെന്റുകളാണ്. 2025 ജൂണ് അവസാനത്തോടെയുള്ള ആറു മാസത്തെ ഇടപാടുകളുടെ എണ്ണം 12,549 കോടിയായിരുന്നു. ഈ കാലയളവിൽ മൊത്തം പേയ്മെന്റുകൾ 1,572 ലക്ഷം കോടി രൂപയുടേതും. അതിൽ ഡിജിറ്റൽ പേമെന്റുകളിലൂടെയുള്ളത് 1536 കോടി ലക്ഷം കോടിയും.
യുപിഐയും ആർടിജിഎസും
2025ലെ ആദ്യ ആറു മാസങ്ങളിൽ ഇടപാടുകളുടെ എണ്ണത്തിൽ 85 ശതമാനം വിഹിതം യുപിഐക്കായിരുന്നു. അതേ സമയം മൂല്യത്തിൽ ഒന്പത് ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എണ്ണത്തിൽ 10,637 കോടിയും മൂല്യത്തിൽ 143.3 ലക്ഷം കോടി രൂപയുടെ ഇടപാടുകളുമാണ് നടന്നത്.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സംവിധാനം മൂല്യത്തിൽ 69 ശതമാനം വിഹിതത്തോടെ ഏറ്റവും വലിയ പങ്ക് രേഖപ്പെടുത്തി. എന്നാൽ ഇടപാടുകളുടെ എണ്ണത്തിൽ ഇതിന് 0.1 ശതമാനമെന്ന ഏറ്റവും കുറഞ്ഞ വിഹിതമേ ഉണ്ടായിരുന്നുള്ളൂ. ആർടിജിഎസ് രേഖപ്പെടുത്തിയ 16.1 കോടി ഇടപാടുകളിൽ കൈമാറിയത് 1079.2 ലക്ഷം കോടി രൂപയും. യുപിഐ ചെറിയ ഇടപാടുകൾ കൈകാര്യം ചെയ്യുന്പോൾ, ആർടിജിഎസിന്റെ കുറഞ്ഞ പരിധി രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ്.
ആർബിഐയുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദശകത്തിൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 38 മടങ്ങും മൂല്യത്തിൽ മൂന്നു മടങ്ങലധികവും വർധനവ് രേഖപ്പെടുത്തി.
2025ലെ ആദ്യ ആറു മാസം എൻഇഎഫ്ടി 490.5 കോടി ഇടപാടുകളിൽ 237 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടത്തിയത്. ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ് (പിപിഐ), നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എൻഎസിഎച്ച്), ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകളിലും വളർച്ചയുണ്ടായി. എന്നാൽ 2019 മുതൽ ഡെബിറ്റ് കാർഡുകളുടെ മൊത്തത്തിലുള്ള ഇടപാടുകളിൽ താഴ്ചയാണുണ്ടായത്.
Business
ന്യൂഡൽഹി: യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) ഇടപാടുകൾ അധിക കാലം സൗജന്യമായി തുടരാനാകില്ലെന്ന് സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.
യുപിഐ സംവിധാനം ഭാവി യിൽ സാന്പത്തികമായി സുസ്ഥിരമാക്കണമെന്ന് അദ്ദേഹം ഊന്നി പ്പറഞ്ഞു. നിലവിൽ ഉപയോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കാതെയാണ് യുപിഐ സേവനം ലഭ്യമാക്കുന്നത്. എന്നാൽ ഇതിനായി ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് സബ്സിഡി നൽകുന്നുണ്ട്. ഈ ചെലവ് കണ്ടെത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പേമെന്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥിരതയോടെ നിലനിൽക്കണമെങ്കിൽ ആരെങ്കിലും ചെലവ് വഹിക്കേണ്ടിവരും. സൗജന്യ യുപിഐ വിനിമയം എല്ലാക്കാലത്തേക്കും തുടർന്നുകൊണ്ടുപോകാൻ സാധിക്കുകയില്ല. ഏതെങ്കിലും ഒരു സേവനം എല്ലാക്കാലത്തും കാര്യക്ഷമമായി നിലനിൽക്കണമെങ്കിൽ ഒന്നുകിൽ എല്ലാവരും ചേർന്ന് ചെലവ് വഹിക്കണം, അല്ലെങ്കിൽ ഉപയോക്താവ് ചാർജ് നൽകണം അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സീറോ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നയം തുടരണമോ എന്ന തീരുമാനം ആത്യന്തികമായി സർക്കാരിന്റേതാണെന്നും മൽഹോത്ര വ്യക്തമാക്കി.