കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്
ന്യൂഡൽഹി: ആർഎസ്എസും വിശ്വഹിന്ദു പരിഷത്തും സനാതന ധർമത്തെ വികൃതമാക്കുകയും 'ഹിന്ദുത്വ' എന്ന ആശയത്തിലൂടെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. മതത്തിന്റെ പേരിലുള്ള ചൂഷണങ്ങൾക്കെതിരെ ഉജ്ജയിനിൽ നിന്ന് അയോധ്യയിലേക്ക് 'സനാതന സ്വാഭിമാൻ യാത്ര' ആരംഭിക്കാനിരിക്കെയാണ് ബിജെപിയെയും സംഘപരിവാർ സംഘടനകളെയും കടുത്ത ഭാഷയിൽ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
വേദങ്ങളിലോ ഉപനിഷത്തുകളിലോ പുരാണങ്ങളിലോ 'ഹിന്ദു' എന്ന വാക്ക് എവിടെയും പരാമർശിക്കുന്നില്ലെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. സവർക്കർ രൂപം നൽകിയ 'ഹിന്ദുത്വ' എന്ന പദം ഉയർത്തിക്കാട്ടി ആർഎസ്എസും വിഎച്ച്പിയും രാജ്യത്ത് ഹിന്ദുക്കളും മുസ്ലിംകളും സിക്കുകളും ക്രിസ്ത്യാനികളും തമ്മിൽ ഭിന്നതയുണ്ടാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ശേഖരിച്ച ഫണ്ട് വകമാറ്റിയെന്നും വിശ്വഹിന്ദു പരിഷത്ത് വഴിയുള്ള സംഭാവനകൾ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും പാർട്ടി ഓഫീസുകളുടെ നിർമ്മാണത്തിനുമായി ഉപയോഗിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ചമ്പത് റായ് ഒരു ആർഎസ്എസ് ഏജന്റ് മാത്രമാണെന്നും അദ്ദേഹത്തിന് സനാതന പാരമ്പര്യങ്ങളുമായി ബന്ധമില്ലെന്നും സിംഗ് കൂട്ടിച്ചേർത്തു. ദിഗ്വിജയ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപിയും സന്യാസി സമൂഹവും രംഗത്തെത്തി. സാമുദായിക ധ്രുവീകരണവും പ്രീണന രാഷ്ട്രീയവുമാണ് ദിഗ്വിജയ് സിംഗ് നടത്തുന്നതെന്നും, ഹിന്ദുക്കളെയും സന്യാസിമാരെയും നിരന്തരം അപമാനിക്കുന്ന അദ്ദേഹത്തിനെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നും മധ്യപ്രദേശ് കാബിനറ്റ് മന്ത്രി വിശ്വാസ് സാരംഗ് ആവശ്യപ്പെട്ടു.
ദിഗ്വിജയ് സിംഗ് മുൻപ് 'കാവി ഭീകരത' എന്ന പദം പ്രചരിപ്പിച്ചയാളാണെന്നും രാമക്ഷേത്ര നിർമാണത്തെ എന്നും എതിർത്ത കോൺഗ്രസിന്റെ നേതാക്കളിൽ നിന്നാണ് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നതെന്നും ബിജെപി എംഎൽഎ റാം കദം വിമർശിച്ചു.
അതേസമയം, പ്രസ്താവന തികച്ചും അപലപനീയവും അടിസ്ഥാനരഹിതവുമാണെന്ന് സന്യാസിവര്യൻ മഹന്ത് സീതാറാം ദാസ് മഹാരാജ് പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ ബ്രിട്ടീഷ് കൊളോണിയൽ മനസ്ഥിതിയിൽ നിന്ന് മുക്തരായിട്ടില്ലെന്നും കാവി ധരിച്ച സന്യാസിമാരെയും രാമഭക്തരെയും ഭീകരവാദികളായി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മഹാമണ്ഡലേശ്വർ വിഷ്ണു ദാസ് മഹാരാജും കുറ്റപ്പെടുത്തി.
Tags : DigvijayaSingh Congress RSS LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash