പരീക്ഷണഘട്ടത്തിലുള്ള എക്സോബയോളജി എക്സ്റ്റന്റ് ലൈഫ് സര്‍വേയര്‍ റോബോട്ട് (ഇഇഎൽഎസ്).
അമേരിക്കൻ സ്പേസ് ഏജൻസി നാസ ഒരു 'പാമ്പി'നെ നിർമിച്ചിരിക്കുന്നു! കടിക്കുന്ന പാമ്പ് അല്ല; ജീവനുണ്ടോ എന്നു കണ്ടുപിടിക്കും, ഇവിടെയല്ല, അങ്ങകലെ ശനിയുടെ ഉപഗ്രഹത്തിൽ! ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്സെലാഡെസ് പര്യവേക്ഷണത്തിനായി നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയാണ് എക്സോബയോളജി എക്സ്റ്റന്റ് ലൈഫ് സര്‍വേയര്‍ (ഇഇഎല്‍എസ്) എന്നു പേരിട്ടിരിക്കുന്ന പാമ്പിന്റെ രൂപത്തിലുള്ള റോബോട്ടിനെ നിർമിച്ചത്. ഇതിന്റെ പരീക്ഷണങ്ങൾ തുടരുകയാണു ശാസ്ത്രജ്ഞർ. പ്രതലങ്ങളില്‍ പാമ്പ് ഇഴയുന്നതുപോലെ തന്നെയാണ് റോബോട്ടിന്റെയും സഞ്ചാരം. പാമ്പുകള്‍ തലയുയര്‍ത്തി പരിസരം നിരീക്ഷിക്കുന്നതുപോലെ ഈ റോബോട്ടും തലയുയര്‍ത്തി ചുറ്റുപാടുകള്‍ നിരീക്ഷിക്കും.
ജീവൻ തേടി ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസില്‍ വിന്യസിക്കാന്‍ ലക്ഷ്യമിടുന്ന റോബോട്ടിനു ഭൂമിക്കും ചന്ദ്രനുമപ്പുറത്തേക്കുമുള്ള വിവിധ പ്രതലങ്ങളില്‍ സ്വയം സഞ്ചരിക്കാന്‍ കഴിയും. ജീവന്റെ തുടിപ്പുകളുടെ അന്വേഷണവുമായി എന്‍സെലാഡസിലെത്തുന്ന റോബോട്ടിന്റെ ദൗത്യം വിജയകരമായിത്തീര്‍ന്നാല്‍ അതു മനുഷ്യരാശിക്കു വലിയ മുന്നേറ്റമായിരിക്കും.

എന്‍സെലാഡസിലെ ഗെയ്സറുകള്ക്കു സമുദ്രത്തിന്റെ ഉപരിതലവുമായി സാമ്യമുണ്ടെന്നാണു പ്രതീക്ഷിക്കുന്നത്, ഇത് ഒരു റോബോട്ടിന്റെ സഞ്ചാരത്തെ ബാധിക്കുകയില്ല. മറ്റ് റോബോട്ടുകള്‍ക്കു സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ ഇഇഎൽഎസിനു കഴിയും. ചില റോബോട്ടുകള്‍ ഒരു പ്രത്യേകതരം ഭൂപ്രദേശങ്ങളില്‍ മാത്രം അനായാസം പ്രവര്‍ത്തിക്കുന്നതായിരിക്കും. അതേസമയം, ഇഇഎൽഎസിന് അത്തരത്തിലുള്ള പരിധികളുണ്ടായിരിക്കില്ല. ഏത് അപകടസാധ്യതയും മറികടക്കാന്‍ കഴിവിതിനുണ്ട്. എക്സോബയോളജി എക്സ്റ്റന്റ് ലൈഫ് സര്‍വേയറിന് അപകടങ്ങളെ സ്വയം തിരിച്ചറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയും.
റോബോട്ടിന് അഞ്ചു മീറ്റര്‍ നീളവും 100 കിലോഗ്രാം ഭാരവുമുണ്ട്. റോബോട്ടിന്റെ മുന്‍ഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന കാമറയ്ക്കു ദൃശ്യങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയയ്ക്കാന്‍ കഴിയും. മര്‍ദം, വൈദ്യുതചാലകത, മണ്ണിന്റെ താപനില തുടങ്ങിയവ രേഖപ്പെടുത്താനും റോബോട്ടിനു കഴിയും. ഭൂമിയിൽനിന്നു തത്സമയം സിഗ്നലുകൾ അയച്ച് ഇതിനെ നിയന്ത്രിക്കുക സാധ്യമല്ല. അതിനാൽ അത്യാധുനിക ലിഡാർ സാങ്കേതികവിദ്യ ഉപയോഗിച്ച് പാതകൾ സ്വയം കണ്ടെത്താനും, തടസങ്ങൾ ഒഴിവാക്കാനും, അപകടങ്ങളിൽനിന്നു രക്ഷപ്പെടാനും റോബോട്ട് പാമ്പിനു കഴിയും.
വ്യത്യസ്തമായ സ്ഥലരാശികളിൽ ഇഇഎൽഎസിന്റെ പ്രവർത്തനം ഗവേഷകർ പരീക്ഷിച്ചിട്ടുണ്ട്. കാനഡയിലെ മഞ്ഞുമലകളിലും കൃത്രിമ മഞ്ഞുതടാകങ്ങളിലും മരുഭൂമിക്കു സമാനമായ സ്ഥലങ്ങളിലും നടത്തിയ പരീക്ഷണം വൻ വിജയമായിരുന്നു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ തുടരുകയാണ്. ശനിയുടെ അടുത്തേക്കെത്താന്‍ പന്ത്രണ്ടു വര്‍ഷം വരെയെടുക്കും. ഭാവിയിൽ നടക്കുന്ന ഏതെങ്കിലും ബഹിരാകാശ അന്വേഷണങ്ങളിൽ ഇഇഎൽഎസിനെ ഉൾപ്പെടുത്താനാണ് നാസ ലക്ഷ്യമിടുന്നത്.
Tags : ScienceNews SpaceScience NASA EELS Saturn Enceladus