എം.വി. ജയരാജൻ
കണ്ണൂർ: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിക്ക് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബിജെപിയുമായി ചേർന്ന് നടത്തിയ ഉന്നത ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ.
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. പഞ്ചാബിലും തമിഴ്‌നാട്ടിലും ഇഡി കത്തുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വിസമ്മതിച്ചത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേരളത്തിൽ ഈ അസാധാരണ നീക്കം നടന്നതിന് പിന്നിൽ ഇഡിയും നരേന്ദ്ര മോദിയും യുഡിഎഫ് നേതാക്കളും തമ്മിലുള്ള കൂട്ടുകെട്ടാണെന്നും കുറ്റപ്പെടുത്തി.
സതീശനും ചെന്നിത്തലയും ഇഡിയുടെ ബിനാമികളായി മാറിയെന്നും ബിജെപിയും യുഡിഎഫും തമ്മിലുള്ള 22-ാമത്തെ ഡീലിന്‍റെ ഭാഗമാണ് ഈ കേസെന്നും ജയരാജൻ വ്യക്തമാക്കി. നിലവിലെ രണ്ട് കേരള മന്ത്രിമാർക്കെതിരെയുള്ള അന്വേഷണം മുന്നോട്ടുപോകില്ലെന്ന ഉറപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയിട്ടുണ്ട്.
സതീശൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പിണറായി വിജയനെതിരെയുള്ള അന്വേഷണം പ്രഖ്യാപിച്ചതെന്നത് ഇതിന് തെളിവാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
Tags : Investigation PinarayiVijayan MVJayarajan VDSatheesan RameshChennithala BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth