വാഷിംഗ്ടൺ ഡിസി: നാസയുടെ ആർട്ടെമിസ് 2 ദൗത്യം, ചരിത്രനിമിഷങ്ങളിലൂടെ കടന്നുപോകുന്നു. നാലു ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റിയുള്ള നിർണായകമായ "ഫ്ളൈബൈ' പൂർത്തിയാക്കാൻ മണിക്കൂറുകൾ.
ഭൂമിയിൽനിന്നു മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ ഏറ്റവും കൂടിയ ദൂരമെന്ന റെക്കോർഡ് ഇന്നു തിരുത്തിക്കുറിക്കപ്പെടും. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരടങ്ങുന്ന സംഘമാണ് ഓറിയോൺ പേടകത്തിലെ ചരിത്രസഞ്ചാരികൾ.
ദൗത്യത്തിന്റെ പ്രധാന വിവരങ്ങൾ:
ബഹിരാകാശ സ്യൂട്ടുകളുടെ പരീക്ഷണം
നിലവിൽ സഞ്ചാരികൾ ഓറിയോൺ ക്രൂ സർവൈവൽ സിസ്റ്റം സ്യൂട്ടുകൾ പരിശോധിച്ചുവരികയാണ്. സീറ്റുകളിൽ ഇരിക്കുക, ചലിക്കുക, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള സൗകര്യം തുടങ്ങിയവ ഗവേഷകർ വിലയിരുത്തും. പേടകത്തിനുള്ളിലെ മർദം കുറയുകയോ മറ്റോ ചെയ്താൽ സഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നത് ഈ സ്യൂട്ടുകളാണ്.
ഓറിയന്റൽ ബേസിൻ, ഹെർട്സ്സ്പ്രംഗ് ബേസിൻ
യാത്രയ്ക്കിടയിൽ ചന്ദ്രോപരിതലത്തിലെ മുപ്പതു പ്രധാന സ്ഥലങ്ങളെക്കുറിച്ച് സംഘം പഠനം നടത്തും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓറിയന്റൽ ബേസിൻ ആണ്. ഏകദേശം 600 മൈൽ വീതിയുള്ള ഈ ഗർത്തം ചന്ദ്രന്റെ വശങ്ങളിലായിട്ടാണു സ്ഥിതി ചെയ്യുന്നത്.
കൂടാതെ, ചന്ദ്രന്റെ മറുവശത്തുള്ള ഹെർട്സ്സ്പ്രംഗ് ബേസിൻ എന്ന ഗർത്തവും ഇവർ നിരീക്ഷിക്കും. ഈ രണ്ട് ഗർത്തങ്ങളെയും താരതമ്യം ചെയ്യുന്നത് വഴി ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.
ചന്ദ്രന്റെ മറുവശത്തേക്ക് പേടകം കടക്കുമ്പോൾ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. റേഡിയോ തരംഗങ്ങളെ ചന്ദ്രൻ തടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ചരിത്രയാത്ര തത്സമയം കാണാം.
Tags : Artemis 2 Mission NASA Lunar Mission