പ്രതീകാത്മക ചിത്രം.
ചന്ദ്രനിൽ വൻ കൂട്ടിയിടി സംഭവിച്ചിരിക്കുന്നു, മണിക്കൂറുകൾക്കു മുൻപ്..! ഭൂമിക്കു ദോഷകരമായി മാറുന്നില്ലെങ്കിലും ചന്ദ്രനിൽ ഇടിച്ചിറങ്ങിയ റോക്കറ്റിന്റെ കൂറ്റൻ അവശിഷ്ടം ഭാവിയിലെ ബഹിരാകാശ ഗവേഷണ മേഖലയിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നതായി ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു. ബഹിരാകാശത്ത് മാസങ്ങളായി നിയന്ത്രണമില്ലാതെ ചുറ്റിത്തിരിയുന്ന സ്പേസ് എക്സ് റോക്കറ്റിന്റെ ഭീമാകാരമായ ഭാഗമാണ് ചന്ദ്രന്റെ ഉപരിതലത്തിൽ അതിവേഗത്തിൽ പതിച്ചത്. ഒരു വലിയ സ്കൂൾ ബസിന്റെ വലുപ്പമുള്ളതും 4,000 കിലോഗ്രാമോളം ഭാരവമുള്ള റോക്കറ്റിന്റെ ഭാഗം മണിക്കൂറിൽ 8,690 കിലോമീറ്റർ വേഗത്തിലാണ് ചന്ദ്രന്റെ ഉപരിതലത്തിലേക്കു കൂപ്പുകുത്തിയത്. ചന്ദ്രന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള ഐൻസ്റ്റീൻ ഗർത്തത്തിലാണ് റോക്കറ്റ് അവശിഷ്ടം തകർന്നുവീണത്. കൂട്ടിയിടിക്കുശേഷം ചന്ദ്രനിൽ എന്തൊക്കെ സംഭവിക്കുന്നുവെന്ന് നാസ നിരീക്ഷിക്കുകയാണ്.
2025 ജനുവരിയിലാണ് ഫയർഫ്ലൈ എയറോസ്പേസിന്റെ (Firefly Aerospace) ലൂണാർ ലാൻഡറിനെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 (Falcon 9) റോക്കറ്റ് കുതിച്ചുയർന്നത്. ലാൻഡറിനെ ചന്ദ്രനിലേക്കുള്ള പാതയിൽ എത്തിച്ച ശേഷം, റോക്കറ്റിന്റെ രണ്ടാം ഘട്ടം ബഹിരാകാശത്ത് ഉപേക്ഷിക്കുകയായിരുന്നു. സാധാരണയായി ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ ഉപയോഗിക്കുന്ന റോക്കറ്റ് ഭാഗങ്ങൾ ദൗത്യത്തിനു ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചശേഷം കത്തിയമരുകയോ സമുദ്രത്തിൽ പതിക്കുകയോ ചെയ്യാം. എന്നാൽ, റോക്കറ്റിന്റെ ഭാഗം ഭൂമിയിൽനിന്ന് ഏറെ അകലെ ബഹിരാകാശത്ത് തങ്ങിനിൽക്കാൻ ഇടയായി. ഇന്ധനം പൂർണമായും തീർന്നതോടെ ഈ കൂറ്റൻ ഇരുമ്പുഭാഗം അനിയന്ത്രിത ബഹിരാകാശ മാലിന്യമായി മാറി.
മനുഷ്യന്റെ നിയന്ത്രണങ്ങൾക്കപ്പുറത്തു കിടന്ന റോക്കറ്റ് ഭാഗം ചന്ദ്രനിൽ പതിക്കുന്ന പാതയിലേക്ക് എത്തിയതിനു പിന്നിൽ മറ്റു കാരണങ്ങളുമുണ്ട്. സൗരവാതങ്ങൾ, സൂര്യന്റെയും ഭൂമിയുടെയും ചന്ദ്രന്റെയും സംയുക്ത ഗുരുത്വാകർഷണ ബലങ്ങൾ എന്നിവ ചേർന്ന് റോക്കറ്റിന്റെ ഭ്രമണപഥത്തെ ക്രമേണ ചന്ദ്രന് അഭിമുഖമായി തിരിച്ചുവിടുകയായിരുന്നു.
അതിവേഗത്തിലുള്ള ഈ കൂട്ടിയിടിയിൽ ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് വൻതോതിൽ ധൂളീപടലങ്ങൾ ഉയരും. സൂര്യപ്രകാശം തട്ടുമ്പോൾ പൊടിപടലങ്ങൾ തിളങ്ങുമെങ്കിലും ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ പ്രയാസമാണ്. ആഘാതം കൊണ്ട് ഭൂമിക്കോ മറ്റ് കൃത്രിമ ഉപഗ്രഹങ്ങൾക്കോ യാതൊരുവിധ ഭീഷണിയുമില്ലെന്ന് നാസ വ്യക്തമാക്കുന്നു- ഇത് അപകടമൊന്നും സൃഷ്ടിക്കുന്നില്ല. എങ്കിലും ബഹിരാകാശ പേടകങ്ങളും അവശിഷ്ടങ്ങളും ഉപേക്ഷിക്കുന്നതിലെ അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും ഇതു ചൂണ്ടിക്കാണിക്കുന്നുവെന്ന് ബഹിരാകാശ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ചന്ദ്രനിൽ മനുഷ്യനിർമിത വസ്തുക്കൾ പതിക്കുന്നത് ഇതാദ്യമല്ല. ശാസ്ത്രീയ പഠനങ്ങൾക്കായും സാങ്കേതിക തകരാറുകൾ മൂലവും മുൻപും നിരവധി വസ്തുക്കൾ ചന്ദ്രനിൽ ഇടിച്ചിറങ്ങിയിട്ടുണ്ട്. 1970ൽ നാസയുടെ സാറ്റൺ 5, 2009ൽ നാസയുടെതന്നെ എൽക്രോസ്, 2019ൽ ഇന്ത്യയുടെ ചാന്ദ്രയാൻ (വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ സാങ്കേതിക തകരാറുകൊണ്ടു തകർന്നുവീഴുകയായിരുന്നു) തുടങ്ങിയ നിരവധി ഉപഗ്രഹങ്ങൾ, ഉപഗ്രഹഭാഗങ്ങൾ ചന്ദ്രനിൽ ഇടിച്ചിറക്കിയിട്ടുണ്ട്.
ഭാവി ദൗത്യങ്ങൾ
നാസയുടെ ആർടെമിസ് പദ്ധതിയിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനും, അവിടെ സ്ഥിരമായ ബഹിരാകാശ നിലയം സ്ഥാപിക്കാനുമുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തിൽ, അലഞ്ഞുതിരിയുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ ഭാവിയിലെ ബഹിരാകാശ യാത്രികർക്കും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സാങ്കേതിക സംവിധാനങ്ങൾക്കും വലിയ ഭീഷണിയാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. വരുംകാലങ്ങളിൽ റോക്കറ്റ് ഭാഗങ്ങൾ ദൗത്യത്തിനു ശേഷം സുരക്ഷിതമായി നശിപ്പിക്കാനോ അല്ലെങ്കിൽ കൃത്യമായ പാതയിലേക്ക് മാറ്റിവിടാനോ ഉള്ള കർശനമായ അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ അത്യന്താപേക്ഷിതമാണ്.
Tags : SpaceXRocket Moon SpaceDebris NASA FireflyAerospace FalconNine