വാഷിംഗ്ടൺ ഡിസി: നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള ദീര്‍ഘദൂര മടക്കയാത്ര ആരംഭിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10:55ന് യാത്രാ പേടകമായ ഓറിയോണ്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ പരിധിയിൽനിന്നു പുറത്തെത്തി.
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ ഒരു ‘സെലസ്റ്റിയല്‍ സ്ലിംഗ്ഷോട്ട്’ (ജ്വലനം നടത്താതെ മറ്റൊരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണ ബലത്തെ ഉപയോഗിച്ച് കൃത്രിമ ഉപഗ്രഹം ദിശാമാറ്റം നടത്തുകയും വേഗം കൈവരിക്കുകയും ചെയ്യുന്ന തന്ത്രം) പോലെ ഉപയോഗപ്പെടുത്തി തിരികെ വരാനാവശ്യമായ വേഗം നേടിയാണു പേടകം മടക്കയാത്ര ആരംഭിച്ചത്. നിലവിൽ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിനു കീഴിലാണ് പേടകം സഞ്ചരിക്കുന്നത്. ഇന്ത്യൻ സമയം പതിനൊന്നാം തീയതി ശനിയാഴ്ച പുലർച്ചെ 5.37ന് തിരിച്ചെത്തുന്ന വിധമാണ് മടങ്ങിവരവു ക്രമീകരിച്ചിരിക്കുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്
മടക്കയാത്രയിലെ പ്രധാന വെല്ലുവിളി ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനമാണ്. അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ആംഗിൾ കൃത്യമാക്കാൻ നിരവധി കറക്ഷൻ ബേൺ നടത്തേണ്ടതായുണ്ട്. ഇത്തരത്തിൽ യാത്രാ പേടകത്തിന്റെ സഞ്ചാരപഥം മാറ്റുകയെന്നത് വളരെ ശ്രമകരമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ആംഗിൾ കുറഞ്ഞാൽ അന്തരീക്ഷത്തിലേക്കു പ്രവേശിക്കാനാവാതെവരും. അതായത്, ഒരു കല്ല് വെള്ളത്തിന്റെ പ്രതലത്തിൽ തട്ടിത്തെറിച്ചു പോകുന്നതുപോലെ. ഇനി ആംഗിൾ കൂടിയാൽ ഘർഷണം കൂടുകയും തന്മൂലമുണ്ടാവുന്ന ചൂട് നിയന്ത്രിക്കാൻ കഴിയാതെ പോയാൽ പേടകത്തിനു തീ പിടിക്കുകയും ചെയ്യും.
സ്കിപ്പ് റീ എൻട്രി
ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന സമയത്ത് മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിലാണ് ഒറിയോണ്‍. അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം 2,760 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും. ഇത് മറികടക്കാന്‍ ‘സ്കിപ്പ് റീ എന്‍ട്രി’എന്ന സാങ്കേതികവിദ്യയാണ് പേടകം ഉപയോഗിക്കുക. അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ആംഗിളിൽനിന്ന് പ്രവേശിച്ച ശേഷം മാറ്റം വരുത്തി താപത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ.
താഴേക്കു വരുന്ന ആംഗിളിൽ മാറ്റം വരുത്തുന്നതോടെ അന്തരീക്ഷത്തിൽനിന്ന് പേടകം ഒന്നുകൂടി പുറത്തേക്കു പോവുകയും പിന്നീട് ചെറിയ ഉയരത്തിൽനിന്നു വീണ്ടും അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഘർഷണം കുറയുന്നു. അതോടെ താപവും വേഗവും നിയന്ത്രണ വിധേയമാക്കാനാവുന്നു. ഇതിലൂടെ പേടകത്തിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ബലം കുറയ്ക്കാനും ഇറങ്ങുന്ന സ്ഥലം കൃത്യമാക്കാനും സാധിക്കും.
നിയന്ത്രിത ലാൻഡിംഗ്
ഇന്ത്യന്‍ സമയം ശനിയാഴ്ച പുലർച്ചെ 5.37-ന് സാന്‍ ഡിയേഗോ തീരത്ത് പസഫിക് സമുദ്രത്തിലാണ് പേടകം ലാൻഡ് ചെയ്യുക. സമുദ്രത്തിൽ പതിക്കുന്നതിനു മുന്‍പ് പേടകത്തിലെ കൂറ്റൻ പാരച്യൂട്ടുകൾ വിടരുന്നതോടെ വേഗം പരമാവധി കുറയും. യുഎസ് നേവിയുടെ യുഎസ്എസ് ജോണ്‍ പി മൂര്‍ത്ത എന്ന കപ്പലിന്റെ നേതൃത്വത്തിലുള്ള നാവിക സേനാ മുങ്ങൽ വിദഗ്ധരുടെ സംഘം പേടകത്തെ സമുദ്രത്തിൽനിന്നു വീണ്ടെടുക്കും. പേടകത്തെ വീണ്ടെടുക്കാനുള്ള റിഹേഴ്സൽ രണ്ടുതവണ സംഘം നടത്തിക്കഴിഞ്ഞു.
Tags : Orion spacecraft return journey NASA Artemis 2 lunar mission moon