International
വാഷിംഗ്ടൺ ഡിസി: നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള ദീര്‍ഘദൂര മടക്കയാത്ര ആരംഭിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10:55ന് യാത്രാ പേടകമായ ഓറിയോണ്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ പരിധിയിൽനിന്നു പുറത്തെത്തി.
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ ഒരു ‘സെലസ്റ്റിയല്‍ സ്ലിംഗ്ഷോട്ട്’ (ജ്വലനം നടത്താതെ മറ്റൊരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണ ബലത്തെ ഉപയോഗിച്ച് കൃത്രിമ ഉപഗ്രഹം ദിശാമാറ്റം നടത്തുകയും വേഗം കൈവരിക്കുകയും ചെയ്യുന്ന തന്ത്രം) പോലെ ഉപയോഗപ്പെടുത്തി തിരികെ വരാനാവശ്യമായ വേഗം നേടിയാണു പേടകം മടക്കയാത്ര ആരംഭിച്ചത്. നിലവിൽ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിനു കീഴിലാണ് പേടകം സഞ്ചരിക്കുന്നത്. ഇന്ത്യൻ സമയം പതിനൊന്നാം തീയതി ശനിയാഴ്ച പുലർച്ചെ 5.37ന് തിരിച്ചെത്തുന്ന വിധമാണ് മടങ്ങിവരവു ക്രമീകരിച്ചിരിക്കുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്
മടക്കയാത്രയിലെ പ്രധാന വെല്ലുവിളി ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനമാണ്. അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ആംഗിൾ കൃത്യമാക്കാൻ നിരവധി കറക്ഷൻ ബേൺ നടത്തേണ്ടതായുണ്ട്. ഇത്തരത്തിൽ യാത്രാ പേടകത്തിന്റെ സഞ്ചാരപഥം മാറ്റുകയെന്നത് വളരെ ശ്രമകരമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ആംഗിൾ കുറഞ്ഞാൽ അന്തരീക്ഷത്തിലേക്കു പ്രവേശിക്കാനാവാതെവരും. അതായത്, ഒരു കല്ല് വെള്ളത്തിന്റെ പ്രതലത്തിൽ തട്ടിത്തെറിച്ചു പോകുന്നതുപോലെ. ഇനി ആംഗിൾ കൂടിയാൽ ഘർഷണം കൂടുകയും തന്മൂലമുണ്ടാവുന്ന ചൂട് നിയന്ത്രിക്കാൻ കഴിയാതെ പോയാൽ പേടകത്തിനു തീ പിടിക്കുകയും ചെയ്യും.
സ്കിപ്പ് റീ എൻട്രി
ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന സമയത്ത് മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിലാണ് ഒറിയോണ്‍. അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം 2,760 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും. ഇത് മറികടക്കാന്‍ ‘സ്കിപ്പ് റീ എന്‍ട്രി’എന്ന സാങ്കേതികവിദ്യയാണ് പേടകം ഉപയോഗിക്കുക. അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ആംഗിളിൽനിന്ന് പ്രവേശിച്ച ശേഷം മാറ്റം വരുത്തി താപത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ.
താഴേക്കു വരുന്ന ആംഗിളിൽ മാറ്റം വരുത്തുന്നതോടെ അന്തരീക്ഷത്തിൽനിന്ന് പേടകം ഒന്നുകൂടി പുറത്തേക്കു പോവുകയും പിന്നീട് ചെറിയ ഉയരത്തിൽനിന്നു വീണ്ടും അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഘർഷണം കുറയുന്നു. അതോടെ താപവും വേഗവും നിയന്ത്രണ വിധേയമാക്കാനാവുന്നു. ഇതിലൂടെ പേടകത്തിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ബലം കുറയ്ക്കാനും ഇറങ്ങുന്ന സ്ഥലം കൃത്യമാക്കാനും സാധിക്കും.
നിയന്ത്രിത ലാൻഡിംഗ്
ഇന്ത്യന്‍ സമയം ശനിയാഴ്ച പുലർച്ചെ 5.37-ന് സാന്‍ ഡിയേഗോ തീരത്ത് പസഫിക് സമുദ്രത്തിലാണ് പേടകം ലാൻഡ് ചെയ്യുക. സമുദ്രത്തിൽ പതിക്കുന്നതിനു മുന്‍പ് പേടകത്തിലെ കൂറ്റൻ പാരച്യൂട്ടുകൾ വിടരുന്നതോടെ വേഗം പരമാവധി കുറയും. യുഎസ് നേവിയുടെ യുഎസ്എസ് ജോണ്‍ പി മൂര്‍ത്ത എന്ന കപ്പലിന്റെ നേതൃത്വത്തിലുള്ള നാവിക സേനാ മുങ്ങൽ വിദഗ്ധരുടെ സംഘം പേടകത്തെ സമുദ്രത്തിൽനിന്നു വീണ്ടെടുക്കും. പേടകത്തെ വീണ്ടെടുക്കാനുള്ള റിഹേഴ്സൽ രണ്ടുതവണ സംഘം നടത്തിക്കഴിഞ്ഞു.
International
ഫ്ലോറിഡ: മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് ചുവടുവെക്കുന്ന നാസയുടെ ആർട്ടെമിസ് 2 ദൗത്യം നിർണായക ഘട്ടത്തിൽ. ഓറിയോൺ പേടകത്തിലുള്ള നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ വലംവെച്ച് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിന് ഉള്ളിലേക്ക് പ്രവേശിച്ചു. ഏഴ് മണിക്കൂർ നീളുന്ന ചാന്ദ്ര നിരീക്ഷണ ദൗത്യമാണ് ഇന്ന് പുലർച്ചെ ആരംഭിച്ചത്. ചാന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 4,067 മൈൽ (6,545 കിലോമീറ്റർ) മാത്രം അടുത്തുകൂടിയാണ് പേടകം സഞ്ചരിക്കുന്നത്.
ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരത്തേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റിക്കാർഡും ഈ സംഘം ഇതോടെ സ്വന്തമാക്കി. ഭൂമിയിൽ നിന്ന് 252,000 മൈലിലധികം ദൂരത്തുകൂടിയാണ് ഇപ്പോൾ പേടകം കടന്നുപോകുന്നത്. 1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റിക്കാർഡ് നേട്ടമാണ് ഇതോടെ പഴങ്കഥയായത്. ചന്ദ്രന്റെ ഭൂമിയിൽ നിന്ന് ദൃശ്യമല്ലാത്ത മറുവശത്തിന്റെ ഇതുവരെ ആരും കാണാത്ത ദൃശ്യങ്ങളും സഞ്ചാരികൾ പകർത്തി.
കഴിഞ്ഞ ബുധനാഴ്ച ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ആർട്ടെമിസ് 2 വിക്ഷേപിച്ചത്. ഭൂമിക്ക് ചുറ്റും ഏകദേശം 25 മണിക്കൂർ ഭ്രമണം ചെയ്ത ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഓറിയോൺ ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ഇന്ന് പുലർച്ചെയാണ് പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രനെ വലംവെച്ച ശേഷമുള്ള മടക്കയാത്ര വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂർത്തിയാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. പസഫിക് സമുദ്രത്തിലാണ് പേടകം തിരിച്ചിറങ്ങുക.
International
വാഷിംഗ്ടൺ ഡിസി: നാസയുടെ ആർട്ടെമിസ് 2 ദൗത്യം ചരിത്രനിമിഷങ്ങളിലൂടെ കടന്നുപോകുന്നു.
ഏപ്രില്‍ ഒന്നിനു വിക്ഷേപിച്ച നാസയുടെ ആര്‍ട്ടമിസ് രണ്ട് ദൗത്യത്തിലെ ഓറിയോണ്‍ പേടകം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ പരിധിയില്‍ പ്രവേശിച്ചു. ഭൂമിയില്‍നിന്ന് ഏകദേശം 2,32,000 മൈല്‍ അകലെവച്ചാണ് പേടകം നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്.
റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരടങ്ങുന്ന സംഘമാണ് ഓറിയോൺ പേടകത്തിലെ യാത്രക്കാർ.
ഇന്നു പുലർച്ചെ 12.15ന് ചാന്ദ്രനിരീക്ഷണം ആരംഭിച്ചു. 4.14ന് പേടകം ചന്ദ്രന്റെ മറുവശത്തേക്ക് നീങ്ങുന്നതിനാൽ ആശയവിനിമയം താത്കാലികമായി വിച്ഛേദിക്കപ്പെടും.
ചന്ദ്രന്റെ മറുവശത്തേക്കു പേടകം കടക്കുമ്പോൾ 40 മിനിറ്റോളം ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. റേഡിയോ തരംഗങ്ങളെ ചന്ദ്രൻ തടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
International
ഹൂസ്റ്റൺ: ചന്ദ്രനെ ചുറ്റാൻ പുറപ്പെട്ട ബഹിരാകാശ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ ആദ്യചിത്രം അമേരിക്കയിലെ നാസ ബഹിരാകാശ ഏജൻസി പുറത്തുവിട്ടു.
ആർട്ടിമിസ് രണ്ടാം ദൗത്യം പാതി ദൂരം പിന്നിട്ട വേളയിൽ മിഷൻ കമാൻഡർ റീഡ് വൈസ്മാനാണ് ചിത്രം പകർത്തിയത്.
അറ്റ്ലാന്റിക് സമുദ്രഭാഗം ദൃശ്യമാകുന്ന ചിത്രത്തിൽ കടും നീല നിറത്തിലാണ് ഭൂമി ദൃശ്യമാകുത്. ഹെല്ലോ, വേൾഡ് എന്നാണ് ചിത്രത്തിന്റെ പേര്.
അർട്ടിമിസ് ദൗത്യം ഇന്നലെ ഉച്ചയോടെ ഭൂമിയിൽനിന്ന് 2,28,500 കിലോമീറ്റർ പിന്നിട്ടു. ചന്ദ്രനിലേക്ക് അവശേഷിക്കുന്നത് 2,11,200 കിലോമീറ്റർ ദൂരം.
ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നീ നാലു ബഹിരാകാശ സഞ്ചാരികളാണ് ഓറിയോൺ പേടകത്തിൽ ചന്ദ്രനിലേക്കു നീങ്ങുന്നത്.
പാതിദൂരം പിന്നിട്ടുവെന്ന അറിയിപ്പു ലഭിച്ചപ്പോൾ സഞ്ചാരികളെല്ലാം വളരെ സന്തോഷത്തിലായെന്ന് ക്രിസ്റ്റീന കോച്ച് പറഞ്ഞതായി നാസ അറിയിച്ചു.
International
വാഷിംഗ്ഡൺ ഡിസി: നാസയുടെ ആർട്ടമിസ് 2 ചന്ദ്രനിലേക്കു യാത്ര തിരിച്ചുകഴിഞ്ഞു. 10 ദിവസം നീളുന്ന ചരിത്ര ദൗത്യത്തിൽ റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സെന് എന്നീ നാലു യാത്രക്കാരാണു പങ്കെടുക്കുന്നത്. ഇതിലെ യാത്രക്കാർക്ക് വലിയ ദൗത്യങ്ങളാണുള്ളത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രോക്സിമിറ്റി ഓപ്പറേഷന്‍സ് ഡെമോണ്‍സ്ട്രേഷനാണ്. അടുത്ത ദൗത്യത്തിൽ ചന്ദ്രനില്‍ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ സാങ്കേതിക സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ പേടകത്തെ നിയന്ത്രിക്കാനുള്ള മനുഷ്യ നിയന്ത്രിത സംവിധാനം (മാനുവൽ പൈലറ്റിംഗ് സിസ്റ്റം) എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന പരീക്ഷണമാണിത്.
»» ആദ്യ ദിവസം ««
വിക്ഷേപിക്കപ്പെട്ട ദിവസം വളരെ നിർണായകമായിരുന്നു. ഭൂമിയുടെ അന്തരീക്ഷം കടന്നു ഭ്രമണപഥത്തിലേക്ക് എത്തുക എന്നതായിരുന്നു അത്. ഏകദേശം എട്ടു മിനിറ്റുകൊണ്ടാണ് എസ്എൽഎസ് റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ചത്. ഈ ഘട്ടത്തിലാണ് ഏറ്റവും ശക്തിയേറിയ ബൂസ്റ്ററുകൾ പ്രവർത്തിപ്പിക്കേണ്ടത്. അത് വിജയകരമായി പൂർത്തിയാക്കി. പിന്നീട്, പേടകം ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കും. ഈ സമയത്ത് ഇന്റെറിം ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജ് (ഐസിപിഎസ്) പേടകത്തിൽനിന്നു വേർപെടും. തുടർന്ന് പ്രോക്സിമിറ്റി ഒാപ്പറേഷൻസ് നടക്കും. അതായത് വേർപെട്ട ഐപിഎസിനു ചുറ്റും പേടകം വലംവയ്ക്കും. അത് മാനുവൽ സംവിധാനം ഉപയോഗിച്ചായിരിക്കും നിയന്ത്രിക്കുക. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളില്‍ ഒരു പേടകത്തെ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പരിശീലനമാണിത്. തുടർന്ന് വിശ്രമം.
»» രണ്ടാം ദിവസം ««
ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ തിരിച്ചുവിടുകയെന്ന പ്രവർത്തനമാണ് ഈ ദിവസത്തെ പ്രധാന ദൗത്യം. അതിനായി ഓറിയോണിന്റെ എൻജിൻ അരമണിക്കൂർ തുടർച്ചയായി ജ്വലിപ്പിക്കും. ഭൂമിയുടെ കാന്തികവലയത്തിന് പുറത്തെത്തുന്പോൾ യാത്രികരുടെ എല്ലുകൾക്കും മസിലുകൾക്കും ബലക്ഷയം ഉണ്ടാവാറുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനായി യാത്രാപേടകമായ ഓറിയോണിൽ സജ്ജമാക്കിയിരിക്കുന്ന ഫ്ലൈവീൽ എന്ന ഉപകരണത്തിന്റെ പ്രവർത്തനവും രണ്ടാം ദിവസം പരീക്ഷിക്കും.
»» മൂന്നാം ദിവസം ««
ഭൂമിയിൽ സിമുലേറ്ററുകളിൽ പരിശീലിച്ച (ഒരു യഥാർഥ സാഹചര്യത്തെ അല്ലെങ്കിൽ പ്രക്രിയയെ എങ്ങനെ നേരിടണമെന്ന് കംപ്യൂട്ടറോ മറ്റു യന്ത്ര സംവിധാനങ്ങളോ ഉപയോഗിച്ചു നടത്തുന്ന പരിശീലനം) കാര്യങ്ങളുടെ റിഹേഴ്സൽ ബഹിരാകാശത്തു (സീറോ ഗ്രാവിറ്റിയിൽ) നടത്തും. യാത്രാ പേടകത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കും. അടിയന്തര മെഡിക്കല്‍ ചികിത്സാ രീതികളും യാത്രക്കാർ പരിശീലിക്കും.
»» നാലാം ദിവസം ««
പേടകത്തിന്റെ സഞ്ചാരത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. പതിയെപ്പതിയെ പേടകത്തെ ഉയർത്തുകയും ചെയ്യും. കറക്ഷൻ ബേൺ നടത്തിയാണു സഞ്ചാര പാത നിയന്ത്രിക്കുക. ചന്ദ്രനോടു കൂടുതൽ അടുക്കുന്ന ദിവസമായതിനാൽ ചന്ദ്രന്റെ വിവിധ ആംഗിളിലുള്ള ചിത്രങ്ങൾ പകർത്തും. കൂടാതെ ഭൂമിയിലെ മിഷൻ കൺട്രോൾ സംവിധാനവുമായി ആശയവിനിമയം നടത്തും. പരീക്ഷണങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടന്നാൽ തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുമായി യാത്രക്കാർക്കു സംസാരിക്കാനാവും.
»» അഞ്ചാം ദിവസം ««
ചന്ദ്രന്റെ ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിക്കുന്ന ദിനം. ചന്ദ്രന്റെ ഗുരുത്വാകർഷണം കൂടുതൽ അനുഭവപ്പെടും. പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതടക്കമുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കും. സ്പേസ് സ്യൂട്ടുകൾ ധരിക്കാനും പരിശീലിക്കും.
»» ആറാം ദിവസം ««
ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് 6437 കിലോമീറ്റർ ഉയരത്തിൽ പേടകമെത്തും. നാസയിലെ ശാസ്ത്രജ്ഞർ ഈ ദിനത്തെ ഡേ ഓഫ് എക്സൈറ്റ്മെന്റ് (ആവേശത്തിന്റെ ദിവസം) എന്നാണു വിശേഷിപ്പിച്ചത്. ചന്ദ്രന്റെ ഡാർക്ക് ഏരിയയിലൂടെ (ഇരുണ്ട വശം) പേടകം സഞ്ചരിക്കും. ആ സമയത്തു മാത്രം നടത്തേണ്ട ചില പരീക്ഷണങ്ങൾ യാത്രക്കാർ നടത്തും. ഏകദേശം മൂന്നു മണിക്കൂറോളം സമയം പേടകം ചന്ദ്രന്റെ ഡാർക്ക് ഏരിയയിലായിരിക്കും. ചന്ദ്രനിലെ പ്രകൃതിയെ അടുത്തറിയാൻ കഴിയുന്നതും ഈ ദിവസമാണ്. ഗർത്തങ്ങളുടെയും കുന്നുകളുടെയും വ്യക്തമായ ചിത്രങ്ങൾ ഈ സയം യാത്രക്കാർ പകർത്തും.
»» ഏഴാം ദിവസം ««
ചന്ദ്രനെ വലംവച്ച ശേഷം മടക്കയാത്ര ആരംഭിക്കുന്ന ദിവസം. നാലു ദിവസം കൊണ്ട് ശേഖരിച്ചവിവരങ്ങളും നടത്തിയതുമായ പരീക്ഷണങ്ങളുടെ ഫലങ്ങളും ഭൂമിയിലെ മിഷൻ കൺട്രോളിലുള്ള വിദഗ്ധർക്കു കൈമാറും. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരുമായി റേഡിയോ ഉപയോഗിച്ച് ആശയവിനിമയം നടത്തും.
»» എട്ടാം ദിവസം ««
ഭൂമിയുടെ കാന്തികവലയത്തിനു പുറത്തെത്തുന്പോൾ ബഹിരാകാശവികിരണങ്ങള്‍ എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്ന പരീക്ഷണം നടത്തും. ഈ പരീക്ഷണം വളരെ നിർണായകമാണ്. പേടകത്തിലെ ജലസംഭരണിയുടെ പ്രവർത്തനവും ഹീറ്റ് ഷീൽഡിന്റെ പ്രവർത്തനവും പരീക്ഷിക്കും. വികിരണങ്ങലിൽനിന്നു സംരക്ഷണം നൽകാൻ തയാറാക്കിയിരിക്കുന്ന സംവിധാനങ്ങളാണിവ. മടക്കയാത്രയിലെ കറക്ഷൻ ബേൺ ആവശ്യമായി വരുന്ന ദിവസം. ഗതി നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്നതും എട്ടാം ദിവസമാണ്.
»» ഒന്‍പതാം ദിവസം ««
ബഹിരാകാശത്തിൽനിന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ദിവസം. ഭൂമിയിൽ ഇറങ്ങുന്പോൾ യാത്രക്കാർക്കുണ്ടാവുന്ന പ്രശ്നങ്ങളെയും മാറ്റങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ പരീക്ഷിക്കും. അതിനായി പ്രത്യേകം തയാറാക്കിയിരികകുന്ന ‘കംപ്രഷന്‍ വസ്ത്രങ്ങ’ളുടെ പ്രവർത്തനം പരീക്ഷിക്കും. പേടകത്തിനുള്ളിലെ ഉപകരണങ്ങൾക്ക് സ്ഥാനചലനം സംഭവിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.
»» പത്താം ദിവസം ««
വിക്ഷേപണ ദിവസംപോലെതന്ന ഏറ്റവും നിർണായകമായ ദിവസം. ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ദിവസം. മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിൽ ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കും. ആ സമയം 2,760 ഡിഗ്രി സെല്‍ഷസ് ചൂടിനെയാണു യാത്രാപേടകത്തിനു പ്രതിരോധിക്കേണ്ടത്. ഇത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളമാണ്. ഈ കടുത്ത ചൂടിനെ പ്രതിരോധിച്ച് നിയന്ത്രിത ലാൻഡിംഗ് നടത്തും. പേടകം പസിഫിക് സമുദ്രത്തിനു മുകളിലെത്തുന്പോൾ പാരഷൂട്ടുകൾ നിവരും. മൂന്നു പാരഷൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. ഇതോടെ വേഗം കുറയുന്ന പേടകം സാന്‍ ഫ്രാന്‍സിസ്കോ തീരത്തിനു സമീപം സമുദ്രത്തില്‍ പതിക്കും. പേടകത്തിനായി കാത്തുനിൽക്കുന്ന യുഎസ് നാവികസേന യാത്രികരെയും പേടകത്തെയും സുരക്ഷിതമായി വീണ്ടെടുത്ത് കരയിലെത്തിക്കും.
International
വാഷിംഗ്ഡൺ ഡിസി: ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്നു പുലർച്ചെ വിക്ഷേപിക്കപ്പെടുന്ന ആർട്ടെമിസ് 2ന്റെ ദൗത്യത്തിന് ചരിത്രപരമായും വലിയ പ്രാധാന്യമുണ്ട്. 53 വർഷത്തിനു ശേഷമുള്ള ചാന്ദ്ര ദൗത്യമാണ് ആർട്ടെമിസ് 2.
1972 ഏപ്രിലിലാണ് അവസാനമായി മനുഷ്യൻ ചന്ദ്രനിലെത്തിയത്. പിന്നീട് ചന്ദ്രന്റെ സമീപത്തേക്ക് ഇതുവരെ മനുഷ്യർ എത്തിയിട്ടേയില്ല. അക്കാരണത്താലാണ് ആർട്ടെമിസ് 2ന്റെ ദൗത്യം ചരിത്രപരമായും പ്രാധാന്യം അർഹിക്കുന്നത്.
എന്നാല്‍, ഈ ദൗത്യത്തില്‍ ഭാഗഭാക്കാകുന്ന സഞ്ചാരികളാരും ചന്ദ്രനിലിറങ്ങില്ല. ചന്ദ്രനെ ചുറ്റിക്കറങ്ങി മടങ്ങും. അപ്പോളോ ചാന്ദ്രദൗത്യത്തിലൂടെ നിരവധിത്തവണ മനുഷ്യനെ ചന്ദ്രനിലിറക്കിയിട്ടുള്ള നാസയെ സംബന്ധിച്ച് ഈ ദൗത്യം എന്തിനാണെന്നു സാധാരണക്കാർ ചോദിക്കുമെന്നത് സ്വാഭാവികം. അതിനു നാസ മറുപടി നൽകുന്നുണ്ട്.
ആര്‍ട്ടെമിസ് ദൗത്യത്തിൽ രണ്ടാം ഘട്ടമാണിത്. ആർട്ടെമിസ് 2ൽ ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെയും വിക്ഷേപണവാഹനത്തിന്റെയും കാര്യക്ഷമത വളരെ സൂക്ഷ്മമായും ഓരോ ഘട്ടത്തിലും പരീക്ഷിക്കേണ്ടതുണ്ട്. ഈ പരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ കാര്യക്ഷമമായ സാങ്കേതിക സംവിധാനങ്ങൾ തയാറക്കുകയെന്നതാണ് ആർട്ടെമിസ് 2ന്റെ ദൗത്യം. രണ്ടു വർഷത്തിനകം ആർട്ടെമിസ് 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. അന്ന് മനുഷ്യർക്ക് സുരക്ഷിതമായ സഞ്ചാരപാതയും സൗകര്യവും ഒരുക്കുക എന്നതാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യം.
ആർട്ടെമിസ് 2 ആയിരിക്കും മനുഷ്യരെയും വഹിച്ചുകൊണ്ട് ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന ദൗത്യവും. 22 ലക്ഷം കിലോമീറ്ററാണ് ആർട്ടെമിസ് 2 ദൗത്യം പൂർത്തിയാക്കാൻ വേണ്ടത്. പത്തു ദിവസത്തെ ഈ പരീക്ഷണ പറക്കലില്‍ യാത്രാസംഘം ഓറിയോണ്‍ എന്ന യാത്രാ പേടകത്തിലെ ജീവൻരക്ഷാ സംവിധാനങ്ങൾ മനുഷ്യര്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കും.
ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റെന്നു കരുതുന്ന നാസ സ്പേസ് ലോഞ്ച് സിസ്റ്റത്തിന്റെ ആദ്യപരീക്ഷണവും കൂടിയാണീ ദൗത്യം. റോക്കറ്റിന്റെ ശേഷിയും ഈ ദൗത്യത്തിലാണ് പരീക്ഷിക്കുന്നത്. ഈ ദൗത്യത്തിലെ ഏറ്റവും നിർണായകമായ ഘട്ടം ഭൂമിയിലേക്കുള്ള മടങ്ങിവരവാണ്. മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിലാകും ഓറിയോൺ എന്ന യാത്രാപേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക.
ആ സമയം 2,760 ഡിഗ്രി സെല്‍ഷസ് ചൂടിനെയാണ് യാത്രാ പേടകത്തിനു പ്രതിരോധിക്കേണ്ടത്. ഇത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളമാണ്. ഈ കടുത്ത ചൂടിനെ പ്രതിരോധിച്ച് നിയന്ത്രിത ലാൻഡിംഗ് നടത്തുകയെന്ന വലിയ പരീക്ഷണ ഘട്ടവും ആർട്ടെമിസ് രണ്ടിനു തരണം ചെയ്യേണ്ടതുണ്ട്.
ഏറ്റവും നൂതനമായ ലേസർ കമ്യൂണിക്കേഷൻ സംവിധാനമാണ് ആർട്ടെമിസ് 2ൽ ഉപയോഗിക്കുന്നത്. ഈ സംവിധാനം ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നും പുതിയ ലേസര്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തിന്റെ പരീക്ഷണമാണ്.
പരമ്പരാഗത റേഡിയോ തരംഗങ്ങള്‍ക്കു പകരം വെളിച്ചം ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറുന്നു എന്നതാണ് പുതിയ ലേസർ സംവിധാനത്തിന്റെ സവിശേഷത. ഈ സംവിധാനത്തിലൂടെ വളരെ ഉയർന്ന റസലൂഷനുള്ള വീഡിയോകളും ചിത്രങ്ങളും എടുക്കാനാകും.
ഇതിലെ യാത്രക്കാർക്കും വലിയ ദൗത്യങ്ങളാണുള്ളത്. ആദ്യ ദിവസംതന്നെ അവർക്ക് "പ്രോക്സിമിറ്റി ഓപ്പറേഷന്‍സ് ഡെമോണ്സ്ട്രേഷന്’ നടത്തേണ്ടതുണ്ട്. അടുത്ത ദൗത്യത്തിൽ ചന്ദ്രനില്‍ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ സാങ്കേതിക സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ പേടകത്തെ നിയന്ത്രിക്കാനുള്ള മനുഷ്യ നിയന്ത്രിത സംവിധാനം (മാനുവൽ പൈലറ്റിംഗ് സിസ്റ്റം) എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന പരീക്ഷണമാണിത്.
ഭൂമിയുടെ കാന്തികവലയത്തിന് പുറത്തെത്തുന്പോൾ ബഹിരാകാശവികിരണങ്ങള്‍ എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്ന പരീക്ഷണം, കൂടാതെ, ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ അടിയന്തര വൈദ്യസഹായം നല്‍കുന്നതിനുള്ള പരീക്ഷണങ്ങൾ എന്നിവയും യാത്രക്കാർ നടത്തേണ്ടതായുണ്ട്.
ആർട്ടെമിസ് 2 ദൗത്യത്തിൽ ആർട്ടെമിസ് 2 ദൗത്യത്തിൽ ശ്രദ്ധേയമായ ചില മാറ്റങ്ങൾ ഇവയാണ്
ലേസർ കമ്യൂണിക്കേഷൻ
റേഡിയോ തരംഗങ്ങൾക്ക് പകരം പ്രകാശം ഉപയോഗിച്ച് അതിവേഗത്തിൽ ഡാറ്റ കൈമാറുന്നു.(High-resolution വീഡിയോകൾ അയക്കാൻ സഹായിക്കും).
മാനുവൽ പൈലറ്റിംഗ്
ഓട്ടോമാറ്റിക് സംവിധാനങ്ങൾ പരാജയപ്പെട്ടാൽ സഞ്ചാരികൾക്ക് പേടകം സ്വയം നിയന്ത്രിക്കാനുള്ള 'പ്രോക്സിമിറ്റി ഓപ്പറേഷൻസ് ഡെമോൺസ്ട്രേഷൻ'.
റേഡിയേഷൻ പഠനം
ഭൂമിയുടെ കാന്തികവലയത്തിനു പുറത്ത് ബഹിരാകാശ വികിരണങ്ങൾ മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനം.
International
വാഷിംഗ്ടണ്‍ ഡിസി: 53 വർഷത്തിനുശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ചരിത്രദൗത്യമായ ആര്‍ട്ടെമിസ് 2 ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.54ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39ല്‍ നിന്നാണു വിക്ഷേപണം.
നാലു ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുക. റീഡ് വൈസ്മാന് കമാന്‍ഡറായും വിക്ടര്‍ ഗ്ലോവര്‍ പൈലറ്റായും സേവനമനുഷ്ഠിക്കും. മിഷന് സ്പെഷലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സന് എന്നിവരും ഈ സംഘത്തിലുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു യാത്ര ചെയ്യുന്ന ആദ്യ വനിതയായിരിക്കും കോച്ച്.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ഓറിയോൺ പേടകം ഒരു തവണ ചന്ദ്രനെ വലംവയ്ക്കും. ഭൂമിയില്‍നിന്ന് 400171. 43 കി.മീ. ദൂരം ദൗത്യസംഘം സഞ്ചരിക്കും. ഭൂമിയില്‍നിന്നു ചന്ദ്രനടുത്തേക്കും തിരിച്ചുമായി ആകെ 11,02400.64 കിമീ ദൂരം പേടകം സഞ്ചരിക്കും. ഏപ്രില്‍ പത്തോടെ പേടകം പസഫിക് സമുദ്രത്തില്‍ തിരികെയെത്തുന്ന വിധത്തിലാണു ദൗത്യം ക്രമീകരിച്ചിരിക്കുന്നത്.
ചന്ദ്രനിലെ മനുഷ്യന്റെ സ്ഥിരസാന്നിധ്യത്തിന് അടിത്തറയിടുക എന്നതാണ് ആർട്ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് ചന്ദ്രനിലിറങ്ങുകയെന്ന ലക്ഷ്യമാണുണ്ടായിരുന്നതെങ്കിൽ ആർട്ടെമിസ് രണ്ട് നിര്‍ണായക പരീക്ഷണ ദൗത്യമാണ്.
പത്തു ദിവസം നീണ്ടുനിൽക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിൽ മനുഷ്യർ ചന്ദ്രനിലിറങ്ങില്ല. പകരം അവര്‍ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും. ഭാവിയിൽ ചന്ദ്രനിലിറങ്ങുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.
1972ലെ അപ്പോളോ 17 ആണ് അവസാന ചാന്ദ്രദൗത്യം. നാസയുടെ സെന്‍ഡ് യുവര്‍ നെയിം ടു ദി മൂണ്‍ ക്യാമ്പയിനിലൂടെ ശേഖരിച്ച ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം ആളുകളുടെ പേരുകള്‍ അടങ്ങിയ ഡിജിറ്റല്‍ ആര്‍ക്കൈവും ദൗത്യ സംഘം കൂടെ കൊണ്ടു പോകുന്നുണ്ട്.
ബഹിരാകാശ പര്യവേക്ഷണത്തില്‍ സാധാരണക്കാരെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു ചെയ്യുന്നത്. നാസയുടെ യുട്യൂബ് ചാനലിലും നാസ പ്ലസ് പ്ലാറ്റ്ഫോമിലും തത്സമയ സംപ്രേഷണമുണ്ടാകും.
Todays Story
മൂന്നു പതിറ്റാണ്ടുകളായി ബഹിരാകാശ ഗവേഷണരംഗത്ത് കൈവരിച്ച വന്‍ മുന്നേറ്റങ്ങളിലൂടെ അമേരിക്കയുടെ ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ത്തുകയാണ് ചൈന. 2030-ഓടെ ചന്ദ്രനില്‍ തങ്ങളുടെ സഞ്ചാരികളെ എത്തിക്കാനും തുടര്‍ന്ന് അവിടെ ഒരു സ്ഥിരം ഗവേഷണകേന്ദ്രം സ്ഥാപിക്കാനുമുള്ള തീവ്രശ്രമത്തിലുമാണ് ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സിഎന്‍എസ്എ.
പ്രോജക്റ്റ് 921 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബഹിരാകാശ സ്വപ്നങ്ങളുടെ ഭാഗമാണെന്ന് ചൈന പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് 2011-ല്‍ അമേരിക്ക വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ചൈന സ്വന്തമായി തിയാന്ഗോംഗ് എന്ന ബഹിരാകാശ നിലയം നിര്‍മിച്ചു.
നിലവില്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ അവിടെ താമസിച്ച് പഠനങ്ങള്‍ നടത്തുന്നുണ്ട്. ബഹിരാകാശ നടത്തം, ഡോക്കിംഗ്, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ ചൈന ആര്‍ജിച്ച പ്രാവീണ്യം ചന്ദ്രനിലേക്കുള്ള യാത്രയില്‍ നിര്‍ണായകമാകും. രാഷ്ട്രീയമായ സ്ഥിരതയും മുടങ്ങാത്ത ഫണ്ടിംഗുമാണ് ചൈനീസ് പദ്ധതികളുടെ വിജയരഹസ്യമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രനിലെത്താനുള്ള പുതിയ സാങ്കേതികവിദ്യ ചൈന ഇപ്പോള്‍ പരീക്ഷിക്കുന്നുണ്ട്. നിലവിലുള്ള ഷെന്‍ഷൗ പേടകത്തിനു പകരമായി മെംഗ്ഷൗ എന്ന പുതിയ ബഹിരാകാശ പേടകം 2026-ല്‍ പരീക്ഷിക്കും.
ഇതോടൊപ്പം ചന്ദ്രനിലേക്കു പേടകത്തെ എത്തിക്കാന്‍ 90 മീറ്റര്‍ നീളമുള്ള അതിശക്തമായ ലോംഗ് മാര്‍ച്ച്-10 റോക്കറ്റും വികസിപ്പിക്കുന്നുണ്ട്. 2028-29 കാലയളവില്‍ ചന്ദ്രനില്‍ ഇറങ്ങാനാവശ്യമായ ലാന്യു ലാന്‍ഡറും പരീക്ഷണ പറക്കലിനു തയാറെടുക്കുകയാണ്.
2035-ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. റഷ്യയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയില്‍ ചന്ദ്രനിലെ മണ്ണ് ഉപയോഗിച്ച് 3ഡി - പ്രിന്റിംഗ് സാങ്കേതിക വിദ്യയലൂടെ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പരീക്ഷണം 2028-ലെ ചാംഗ് ഇ 8 - ദൗത്യത്തില്‍ നടക്കും.
ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുക, വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. അമേരിക്കയുമായി മത്സരത്തിനില്ലെന്ന് ചൈന അവകാശപ്പെടുമ്പോഴും, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പരിമിതമായ സ്ഥലങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നത് വരുംകാലത്ത് വലിയ തര്‍ക്കങ്ങള്‍ക്കു കാരണമായേക്കാം.
ചന്ദ്രനില്‍ താവളം ഉറപ്പിച്ച ശേഷം 2040-ന് ശേഷം ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പരീക്ഷണശാലയായി ഈ ചാന്ദ്രകേന്ദ്രത്തെ മാറ്റാനാണ് ചൈനയുടെ ലക്ഷ്യം.
Special News
അങ്ങനെ വലിയ ആശങ്ക ഒഴിഞ്ഞു..! 2032ല്‍ ചന്ദ്രനുമായി കൂട്ടിയിടിക്കുമെന്ന് ആശങ്ക പരത്തിയ 2024 YR4 എന്ന ഛിന്നഗ്രഹം ചന്ദ്രനെ തൊടുകപോലും ചെയ്യില്ലെന്ന് നാസ അറിയിച്ചു.
ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (ജെഡബ്ല്യുഎസ്ടി) ഉപയോഗിച്ച് നടത്തിയ ഏറ്റവും പുതിയ നിരീക്ഷണങ്ങളിലൂടെയാണ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം നാസയിലെ ശാസ്ത്രജ്ഞര്‍ കൃത്യമായി നിര്‍ണയിച്ചത്.
2024 അവസാനത്തോടെയാണ് നാസ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2032 ഡിസംബര്‍ 22ന് ഇതു ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് നാസയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. 2025 ഫെബ്രുവരിയിലെ ശാസ്ത്രജ്ഞരുടെ ഈ അനുമാനം വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു.
തുടര്‍ന്ന്, വിശദമായ പഠനങ്ങളില്‍ ഏര്‍പ്പെട്ട നാസ, ചിന്നഗ്രഹം ഭൂമിക്കു ഭീഷണിയില്ലെന്നു വിലയിരുത്തി. ഭൂമിയില്‍ ഇടിച്ചില്ലെങ്കിലും ചിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നു പിന്നീട് നാസ സംശയം പ്രകടിപ്പിച്ചു.
ഇതും വലിയ അശങ്കയ്ക്കിടയാക്കി. എന്നാല്‍, ജെയിംസ് വെബ് ഉപയോഗിച്ചു നടത്തിയ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 2024 YR4 ചന്ദ്രനും ഭീഷണിയല്ലെന്ന് ഗവേഷകര്‍ പറഞ്ഞു.
ജെയിംസ് വെബ് ടെലസ്കോപ്പിന്റെ കണ്ടെത്തല്‍
ഭൂമിയില്‍നിന്നും ബഹിരാകാശനിലയത്തില്നിന്നും ദൃശ്യമാകാത്തത്ര അകലെയായിരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്താന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി മാത്രമായിരുന്നു ഏക പോംവഴി. 280 ദശലക്ഷം മൈല്‍ അകലെവച്ചാണ് ഇതിനെ നിരീക്ഷിച്ചത്.
ഇത്രയും കുറഞ്ഞ വെളിച്ചമുള്ള ഒരു സൗരയൂഥ വസ്തുവിനെ നിരീക്ഷിക്കുന്നത് ചരിത്രത്തില്‍തന്നെ ആദ്യമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലാബിലെ പ്ലാനറ്ററി അസ്ട്രോണമര്‍ ആന്‍ഡി റിവ്കിന്‍ പറഞ്ഞു.
ചന്ദ്രനില്‍നിന്ന് 13,200 മൈല്‍ അകലത്തിലൂടെ
ഫെബ്രുവരിയില്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍, ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി സ്ഥിരീകരിച്ചു.
ചന്ദ്രനില്‍നിന്ന് ഏകദേശം 13,200 മൈല്‍ അകലത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നിലവില്‍ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. 174 മുതല്‍ 220 അടി വരെ വലിപ്പമുള്ള ഈ ചിന്നഗ്രഹം ഭൂമിക്കും ചന്ദ്രനും ഭീഷണിയല്ലെന്ന് ഉറപ്പായതോടെ ശാസ്ത്രജ്ഞര്‍ ആശ്വാസത്തിലാണ്.
15നില കെട്ടിടത്തിന്റെ വലിപ്പം
2024 ഡിസംബര്‍ അവസാനത്തോടെ ചിലിയിലെ നാസയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റം ആണ് ചിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്.
ഏറ്റവും മങ്ങിയ സൗരയൂഥ വസ്തുക്കളെപ്പോലും നിരീക്ഷിക്കാനുള്ള ശേഷി ജെിംസ് വെബ് ടെലസ്കോപ്പിനുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്ന ചിന്നഗ്രഹത്തിന് ഏകദേശം 174 മുതല്‍ 220 അടി വരെ (53-67 മീറ്റര്‍) വ്യാസമുണ്ട്. അതായത്, ഒരു 15 നില കെട്ടിടത്തിന്റെ വലിപ്പം..!
National
ന്യൂഡൽഹി: വാനനിരീക്ഷകർക്ക് 2026 സമ്മാനിക്കുന്ന ആദ്യത്തെ വലിയ ദൃശ്യവിസ്മയമാണ് മാർച്ച് മൂന്നിനു സംഭവിക്കുന്ന പൂർണചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ്ക്കുന്പോൾ, ചന്ദ്രൻ ചുവപ്പു കലർന്ന ചെമ്പു നിറത്തിൽ ദൃശ്യമാകുന്ന -ബ്ലഡ് മൂൺ- ദർശിക്കാനാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചന്ദ്രഗ്രഹണം ദൃശ്യമാകുമെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണു കൂടുതൽ വ്യക്തതയോടെ കാണാൻ സാധിക്കുകയെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.
എന്താണ് ബ്ലഡ് മൂൺ
സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരികയും ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ്ക്കുകയും ചെയ്യുമ്പോഴാണ് പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.
ചന്ദ്രൻ ഭൂമിയുടെ നിഴലിലാണെങ്കിലും, സൂര്യപ്രകാശത്തിന്റെ ഒരു ചെറിയ ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ റിഫ്രാക്ഷന് വിധേയമാവുകയും ചുവന്ന പ്രകാശം മാത്രം ചന്ദ്രോപരിതലത്തിൽ പതിക്കുകയും ചെയ്യുന്നു. ഇതാണ് ഗ്രഹണസമയത്ത് ചന്ദ്രനെ ചുവപ്പുനിറത്തിൽ കാണുന്നത്.
എപ്പോൾ കാണാം
ഗ്രഹണത്തിന്റെ തുടക്കം വൈകുന്നേരം 4:58ന് ആയിരിക്കും. ഗ്രഹണം പൂർണമായും അവസാനിക്കുന്നത് രാത്രി 7:53ന് ആണ്. രാജ്യത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും ചന്ദ്രൻ ഉദിച്ചു വരുമ്പോൾ ഗ്രഹണത്തിന്റെ അവസാന ഘട്ടത്തിലായിരിക്കും. അതിനാൽ ഏകദേശം 20 മിനിറ്റ് മാത്രമാണ് പലേടങ്ങളിലും ഇതു ദൃശ്യമാകുക.
എന്നാൽ, വടക്കുകിഴക്കൻ ഇന്ത്യയിൽ നൂറു ശതമാനം ദൃശ്യപരതയോടെ പൂർണ ഗ്രഹണം ദർശിക്കാൻ സാധിക്കും. ദിബ്രുഗഡ്, ദിസ്പുർ, ഗുവാഹത്തി (അസം), ഇറ്റാനഗർ (അരുണാചൽ പ്രദേശ്), ഷില്ലോംഗ് (മേഘാലയ) എന്നിവിടങ്ങളിൽ വൈകുന്നേരം 5:10നും 5:25നും ഇടയിലായിരിക്കും ഗ്രഹണം അതിന്റെ പൂർണതയിൽ എത്തുക.
ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഫിൽട്ടറുകളോ കണ്ണടകളോ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി ആസ്വദിക്കാം. ചന്ദ്രൻ ഉദിച്ചുവരുന്ന കിഴക്കൻ ചക്രവാളം വ്യക്തമായി കാണാവുന്ന ഇടം നിരീക്ഷണത്തിനായി തെര്ഞെടുക്കുക. ബൈനോക്കുലറോ ടെലിസ്കോപ്പോ ഉണ്ടെങ്കിൽ ചന്ദ്രന്റെ നിറം മാറുന്നതും ഉപരിതലത്തിലെ മാറ്റങ്ങളും കൂടുതൽ വ്യക്തമായി കാണാം.
International
കലിഫോര്‍ണിയ: മനുഷ്യന് വീണ്ടും ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടി യാത്രയാകുന്നു. ആർട്ടിമിസ് 2 ദൗത്യം മാർച്ച് ആറിനു നടക്കുമെന്ന് നാസ സ്ഥിരീകരിച്ചു.
നാലംഗ ആർട്ടിമിസ് 2 ദൗത്യസംഘത്തിൽ കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ജെറമി ഹാൻസെണ്‍, നാസയുടെ ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗ്ലോവര്‍, റീഡ് വൈസ്മാന് എന്നിവരാണുള്ളത്. പത്തു ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി മടങ്ങാനാണ് ഇവര്‍ പദ്ധതിയിടുന്നത്.
നാസ നിർമിച്ച ഏറ്റവും ശക്തമായ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റായിരിക്കും ഒറിയോൺ പേടകവും വഹിച്ച് കുതിച്ചുയരുക. ഈമാസം നിശ്ചയിച്ചിരുന്ന ദൗത്യം പേടകത്തിലെ ചോർച്ചയെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷമുള്ള മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ ചാന്ദ്ര യാത്രയാണ് ആര്‍ട്ടിമിസ് 2. എന്നാല്‍ അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല് കുത്തിയെങ്കില് ആർട്ടിമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറിയോൺ പേടകം ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരിക മാത്രമേ ചെയ്യുകയുള്ളൂ.
നാസയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയായ ആര്‍ട്ടിമിസിലെ രണ്ടാം ദൗത്യമാണ് നടക്കാന്‍ പോകുന്നത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായിരുന്ന ആര്‍ട്ടിമിസ് 1 ആണ് ആദ്യത്തേത്. അന്ന് ഒറിയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. 2027ലോ 2028ലോ നടക്കാനിരിക്കുന്ന ആര്‍ട്ടിമിസ് 3 ദൗത്യത്തിലായിരിക്കും 1972നുശേഷം ആദ്യമായി മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തുക.
54 വർഷത്തിനുശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.
SUNDAY DEEPIKA
ആയിരം യുഗങ്ങളുടെ ഇടവേളകളിൽ ഭൂമിയിൽ ഉയിർക്കൊള്ളുമത്രേ ഗന്ധർവന്മാർ- ഈ ഭൂമിയെ, ഇവിടത്തെ മനുഷ്യരെ, സമസ്ത ജീവജാലങ്ങളെ സ്വർഗീയ സംഗീതത്തിൽ മതിമയക്കാൻ!
ഫോർട്ട് കൊച്ചിയിലെ ബാസ്റ്റ്യൻ സ്ട്രീറ്റിൽ സ്വപ്നക്കൂടു പോലൊരു ഹോട്ടൽ ഉണ്ട്- "ദി ഹൗസ് ഓഫ് യേശുദാസ് ’
പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമാതാവും മുൻ പ്രവാസിയുമായ സി.എ.നാസർ എന്ന നാസർ ചെറിയിലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ അകത്തളത്തിലേക്കു കയറുമ്പോൾ ഡോ. കെ.ജെ. യേശുദാസിന്റെ മനോഹരമായൊരു ഛായാചിത്രമുണ്ട്. താടിയിൽ കൈചേർത്ത് എന്തോ ആലോചിച്ചിരിക്കുന്ന, കണ്ണുകളിൽ പേരറിയാത്ത ഏതോ രാഗത്തിന്റെ ആഴങ്ങളുള്ള മലയാളത്തിന്റെ സ്വന്തം കാട്ടാശേരി ജോസഫ് യേശുദാസിന്റെ ചിത്രം... ഉള്ളിൽനിന്നെങ്ങോ യേശുദാസിന്റെ ഗാനം ഒഴുകിവരുന്നുണ്ട്.
"ജബ് ദീപ് ജലേ ആനാ...’ എഴുപതുകളുടെ പ്രണയത്തിന്റെ മനോജ്ഞമായ സാന്ദ്രതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന അനശ്വര ഹിന്ദി ഗാനം. കൊറോണ മഹാമാരിക്കുശേഷം അമേരിക്കയിൽനിന്നു നാട്ടിലെത്താൻ പല കാരണങ്ങൾകൊണ്ട് യേശുദാസിന് സാധിച്ചിട്ടില്ല.എങ്കിലും, ഇവിടെ ഫോർട്ട് കൊച്ചിയിലെ ഹൗസ് ഓഫ് യേശുദാസിൽ ഗാനഗന്ധർവനെ തൊട്ടറിയാം... യേശുദാസിന് ഏറ്റവും പ്രിയമേറിയ ഓർമകളെ ഓമനിക്കാം.
ഹോട്ടലിന്റെ ഹൃദയത്തിനുള്ളിൽതന്നെ വേരുകളാഴ്ത്തിനിൽക്കുന്ന വലിയ ബംഗനപ്പള്ളി മാവ് യേശുദാസിന്റെ അമ്മ എലിസബത്ത് ജോസഫ് നട്ടതാണ്. മാവിനെ ഉള്ളിൽ പൂർണമായും സംരക്ഷിച്ചു കൊണ്ടാണ് ഹോട്ടൽ പണിതിരിക്കുന്നത്. രണ്ടാംനിലയ്ക്കുമേലെ മട്ടുപ്പാവിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന മാവിന്റെ ചില്ലകളിൽ കുരുവികൾ തത്തിക്കളിക്കുന്നുണ്ട്... ഡിസംബറിന്റെ തണുപ്പേറ്റ് ശിഖരങ്ങളായ ശിഖരങ്ങൾ മുഴുവൻ തളിർത്തു പൂത്തു നിൽക്കുന്നു.
കേരളത്തിലെന്നല്ല ലോകത്തുതന്നെ ഇങ്ങനെയൊരു മരത്തിന്റെ "സ്നേഹചുറ്റൽ’ കാണുമോയെന്നു സംശയമാണ്! വിലകൊടുത്തു വാങ്ങിയ വീടിന്റെ ആദ്യ ഉടമയുടെ വികാരങ്ങൾക്കും ഓർമകൾക്കുംമേൽ ഒരു ക്ഷതവും ഏൽപ്പിക്കാതെ സ്വന്തം ബിസിനസ് സ്ഥാപനം കെട്ടിയുയർത്തി നിലനിർത്തുന്ന ഒരു വ്യവസായിയെയും മറ്റൊരിടത്തും കാണാൻ സാധിക്കില്ല.
ഇനി "ദി ഹൗസ് ഓഫ് യേശുദാസിന്റെ' കഥ കേൾക്കാം.
1950കളിൽ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഭാര്യ എലിസബത്തിന്റെ പേരിൽ ഫോർട്ടു കൊച്ചിയിൽ കുറച്ചു സ്ഥലവും വീടും വാങ്ങിയിരുന്നു. പിതാവിന്റെ കുടുംബവീടിന്റെ പേരായ കാട്ടാശേരി എന്നു തന്നെയായിരുന്നു വീടിനു നൽകിയ പേര്. നല്ല തടിപ്പണികളുള്ള പ്രൗഢിയേറിയ പഴയ വീടായിരുന്നു അത്. പിൽക്കാലത്ത് യേശുദാസ് ആണ് ആ വീട് മാറ്റിപ്പണിയുന്നത്. ഒറ്റനിലയിൽ ആധുനിക രീതിയിലുള്ള ടെറസ് കെട്ടിടത്തിന് കാട്ടാശേരി എന്നുതന്നെയാണ് യേശുദാസും പേരുനൽകിയത്.
വീടിന്റെ ഗേറ്റിൽ വയലിനും മൃദംഗവും ചെണ്ടയും ഉൾപ്പെടെയുള്ള പക്കവാദ്യമേളങ്ങളുടെ രൂപങ്ങളും ഉണ്ടായിരുന്നു. മുറ്റത്ത് യേശുദാസിന്റെ അമ്മ നട്ട അതീവ രുചിയേറിയ മാമ്പഴം നൽകുന്ന ബംഗനപ്പള്ളി മാവ് ഐശ്വര്യത്തിന്റെ അടയാളംപോലെ നിന്നു...
നിയോഗംപോലെ...
കാലത്തിന്റെ ഒഴുക്കിൽ വീടിന്റെ ഉടമസ്ഥാവകാശം ലഭിച്ച യേശുദാസിന്റെ കുടുംബാംഗങ്ങൾ വീട് വില്പന നടത്തി. ആദ്യം വീടു വാങ്ങിയ ആളിൽനിന്നാണ് ഫോർട്ട് കൊച്ചി സ്വദേശിയായ നാസർ ഈ വീട് വാങ്ങിയത്- രണ്ടായിരാമാണ്ടിൽ. അതൊരു നിയോഗംപോലെ സുന്ദരമാണ്, യാദൃച്ഛികമാണ്. അക്കഥ നാസർ ചെറിയിൽതന്നെ പറയട്ടെ...
""ഫോർട്ടു കൊച്ചിയിൽ എനിക്കുവേണ്ടി എന്റെ വാപ്പിച്ചി (റീയൂണിയൻ അബൂക്ക എന്നറിയപ്പെടുന്ന സി.എ. അബൂ) ഒന്നുരണ്ടു വീടും സ്ഥലവും നോക്കിയിരുന്നു. അക്കാലത്ത് ഞാൻ ഗൾഫിലാണ് ജോലി ചെയ്തിരുന്നത്. അക്കൂട്ടത്തിൽ ദാസേട്ടന്റെ കാട്ടാശേരി വീടും ഉൾപ്പെട്ടിരുന്നു.1991ൽ വാപ്പിച്ചി മരിച്ചു. അതിനുമുന്‍പായിരുന്നു വീട് എനിക്കുവേണ്ടി നോക്കുന്നത്. വാപ്പിച്ചി ആഗ്രഹിച്ചതു കൊണ്ടുതന്നെ പിന്നീട് കാട്ടാശേരി വീട് വാങ്ങുന്നതിനെക്കുറിച്ച് ഞാനും ആലോചിച്ചു. എന്നാൽ എന്റെ അന്വേഷണത്തിൽ ആ വീടിന്റെ വില്പന നടന്നുകഴിഞ്ഞു എന്നാണ് അറിഞ്ഞത്. ആ സംഭവം അവിടെ അവസാനിക്കുകയും ചെയ്തു.
വർഷങ്ങൾക്കുശേഷം ഒരു ദിവസം കാട്ടാശേരി വീട് നിന്നിരുന്ന റോഡിലൂടെ കാറിൽ യാത്ര ചെയ്യുമ്പോൾ, വളരെ യാദൃച്ഛികമായി വില്പനയ്ക്കുവച്ചിരുന്ന വീട് എന്റെ ശ്രദ്ധയിൽപ്പെട്ടു. രണ്ടര കൊല്ലമായി വീട് വിൽക്കാനിട്ടിരിക്കുകയായിരുന്നു. മറ്റാരുടെ കൈയിലും പോവാതെ കാട്ടാശേരി വീട് എന്റെ കൈവശംതന്നെ വന്നത് ദൈവനിശ്ചയമാണെന്ന് എനിക്ക് ഇപ്പോൾ തോന്നാറുണ്ട്. വെറും പത്തു മിനിറ്റ് കൊണ്ടുതന്നെ വീടുവാങ്ങാനുള്ള കരാർ ഉറപ്പിക്കുകയായിരുന്നു.
രണ്ടായിരത്തിൽ വീട് വാങ്ങുന്ന കാലത്ത് എനിക്ക് ദാസേട്ടനോടു വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നില്ല. മുറ്റത്തുനിൽക്കുന്ന വലിയ ബംഗനപ്പള്ളി മാവുമായി ദാസേട്ടനുള്ള ആത്മബന്ധവും അറിയുമായിരുന്നില്ല. വീട് പുതുക്കിപ്പണിത് താമസിക്കുവാനായിരുന്നു ആദ്യം ആലോചിച്ചത്. പണി തുടങ്ങിയപ്പോൾത്തന്നെ മാവിന്റെ പ്രശ്നം വന്നു. എൻജിനീയർമാർ ഉൾപ്പെടെ എല്ലാവരും മാവ് വെട്ടിമാറ്റി സൗകര്യപൂർവം മുറികൾ പണിയാനാണ് ഉപദേശിച്ചത്.
ആ രണ്ടു സംഭവങ്ങൾ...
എന്നാൽ നിനച്ചിരിക്കാതെനടന്ന രണ്ടു സംഭവങ്ങൾ എന്നെ മാറ്റി ചിന്തിപ്പിച്ചു. അന്ന് രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിന്റെ എറണാകുളം സന്ദർശനവുമായി ബന്ധപ്പെട്ട് മറൈൻ ഡ്രൈവിൽ ഹെലികോപ്റ്റർ ഇറങ്ങാനായി കുറച്ചു മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഈ സംഭവമറിഞ്ഞ രാഷ്ട്രപതി അന്നത്തെ കൊച്ചി കളക്ടറെ വിളിച്ചു മരം മുറിച്ചുമാറ്റിയതിൽ അനിഷ്ടം അറിയിക്കുകയും പകരം മരം വച്ചുപിടിപ്പിച്ചാൽ മാത്രമേ എറണാകുളത്തു വരൂ എന്നു പറയുകയും ചെയ്തു.
ഈ സംഭവം എന്റെ മനസിനെ ആഴത്തിൽ സ്പർശിച്ചിരുന്നു. ഇതേ സമയത്താണ്, അടുപ്പമുള്ള ഒരാളോട് ദാസേട്ടൻ "വീട് വാങ്ങിയ ആൾ മാവു വെട്ടാതിരുന്നാൽ നന്നായിരുന്നു’ എന്നുപറഞ്ഞതായി ഞാൻ അറിയുന്നത്. വീടിനു പകരം ഹോട്ടൽ എന്ന ആശയവുമായി അപ്പോഴേക്കും ഞാൻ മുന്നോട്ടു പോയിരുന്നു. മുറ്റത്തെ വലിയ മാവ് നിലനിർത്തിക്കൊണ്ട് ഹോട്ടൽ പണിയുക എന്നതും വലിയ പ്രയാസമായിരുന്നു.
എന്റെ ആശങ്ക പ്രവാസി സുഹൃത്തായ ഒരു ഡോക്ടറോടു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് "ധൈര്യമുണ്ടെങ്കിൽ മാവിനെ നിലനിർത്തിത്തന്നെ ഹോട്ടൽ പണിയൂ' എന്നാണ്. മാവ് നിലനിർത്തുന്നതാണ് ശരിയെന്നും സുഹൃത്ത് പറഞ്ഞു. അങ്ങനെയാണ് ഹോട്ടലിനുള്ളിൽ മാവിനെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ ആലോചിച്ചു നടപ്പാക്കിയത്. എല്ലാം ഒരു നിമിത്തമായി ഇപ്പോൾ അനുഭവപ്പെടുന്നു. മാവ് നിൽക്കുന്നതുകൊണ്ട് ഒരു കേടുപാടും ഇത്രകാലമായി കെട്ടിടത്തിന് സംഭവിച്ചിട്ടുമില്ല- നാസർ ചെറിയിലിന്റെ വാക്കുകൾ.
വീടിന്റെ ആത്മാവു ചോരാതെ...
ദാസേട്ടന്റെ വീടിന്റെ ആത്മാവ് ചോർന്നുപോകാതെതന്നെയാണ് നാസറിന്റെ പുനഃസൃഷ്ടി! സ്വീകരണ മുറി, അടുക്കള, ഊണുമുറി, മൂന്നു കിടപ്പുമുറികൾ തുടങ്ങിയവ അതേരീതിയിൽ നിലനിർത്തിക്കൊണ്ടാണ് പുതുക്കിപ്പണിതിരിക്കുന്നത്. മാവിന് യഥേഷ്ടം വളർന്നുപന്തലിക്കാൻ വഴിയൊരുക്കിയാണ് വീടിനെ ഹോട്ടലാക്കി മാറ്റിയത്.
മാവിന്റെ ചുവട് നിൽക്കുന്ന ഭാഗം ഒരു മുറിയായി തിരിച്ചിട്ടുണ്ട്. പ്രധാന തടിക്കും കൊമ്പുകൾക്കും വളരാനും പന്തലിക്കാനും സ്ഥലംനൽകി. ജാലകങ്ങളിലൂടെ ശിഖരങ്ങൾ പുറത്തേക്കു നീളുന്നതും കാണാം. നാസറിന്റെതന്നെ മേൽനോട്ടത്തിലുള്ള ഹോട്ടലിനൊപ്പം അന്താരാഷ്ട്ര ഹോട്ടൽ ഗ്രൂപ്പിന്റെ കഫേ ഉൾപ്പെടെ മറ്റു ചില സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഫോർട്ട് കൊച്ചിയിലെ അധികാരി വളപ്പിലെ കപ്പേള പള്ളി പെരുന്നാളിന് എത്തിയ സമയത്തെല്ലാം യേശുദാസ് "ഹൗസ് ഓഫ് യേശുദാസി' ൽ എത്തിയിട്ടുണ്ട്. അമ്മ നട്ട മാവിനെ തൊടുമ്പോൾ പെറ്റമ്മയെ തൊടുന്ന അനുഭവം എന്നാണ് യേശുദാസ് പറഞ്ഞിട്ടുള്ളത്. മാവിനു വെള്ളമൊഴിക്കുകയും പഴുത്ത മാങ്ങ ശേഖരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഭാര്യ പ്രഭയും കുടുംബാംഗങ്ങളും ഓർമകൾ പങ്കുവയ്ക്കാൻ എത്തിയിട്ടുണ്ട്.
ബില്ലുകളിൽ സ്നേഹത്തിന്റെ പേര്
വീടിന്റെ വൈദ്യുതി ബിൽ ഇപ്പോഴും യേശുദാസിന്റെ പിതാവും പഴയകാല നാടക-ചലച്ചിത്രനടനും ഗായകനുമായ അഗസ്റ്റിൻ ജോസഫിന്റെ പേരിലാണ്. അമ്മ എലിസബത്ത് ജോസഫിന്റെ പേരിലാണ് ഇപ്പോഴും വെള്ളത്തിന്റെ ബില്ലുവരുന്നത്.ആ പേരുകളിൽ വരുന്ന ബില്ലുകൾ ഏറെ സന്തോഷം നൽകുന്നുവെന്നും, പേരുമാറ്റാൻ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ആവശ്യം വന്നുവെങ്കിലും തന്റെ മനസ് അതിനനുവദിക്കുന്നില്ലെന്നും നാസർ പറയുന്നു.
മലയാള മണ്ണിനുതന്നെ അഭിമാനമായ ഈ സ്നേഹത്തിന്റെ കഥകൾ കേട്ടറിഞ്ഞ് ഫോർട്ടു കൊച്ചിയിലെ ഈ തീരത്ത് എത്തിയവർ നിരവധി.
യേശുദാസിന്റെ ജന്മദിനമായ ജനുവരി പത്തിന് വർഷംതോറും വലിയ ആഘോഷം "ദി ഹൗസ് ഓഫ് യേശുദാസി' ൽ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എൻ. സ്വാമി ഉൾപ്പെടെയുള്ള ചലച്ചിത്ര രംഗത്തെ പ്രമുഖർ ജന്മദിനാഘോഷത്തിൽ പങ്കെടുക്കും. അതിനുള്ള തയാറെടുപ്പുകളിലാണ് സി.എ. നാസർ.