ന്യൂജേഴ്സിയിലെ ഹിൽസ്ബറോയിലുള്ള വീടിന്റെ മേൽക്കൂര തകർത്ത് മുറിയിൽ പതിച്ച ഉൽക്ക.
2024 ജൂലൈ 16-ന് ആണ്, ലോകമെന്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയ, ആ മഹാസംഭവം അരങ്ങേറിയത്. അമേരിക്ക ന്യൂജേഴ്സിയിലെ ഹിൽസ്ബറോയിലുള്ള വീടിന്റെ മേൽക്കൂര തകർത്ത് പ്രപഞ്ചത്തിന്റെ ഏതോ കോണിൽനിന്നെത്തിയ അതിഥി ബെഡ്റൂമിൽ പ്രവേശിച്ചിരിക്കുന്നു! വീട്ടുകാർ ഭയന്നുവിറച്ചു. പിന്നീട് അതിഥിയെ തിരിച്ചറിഞ്ഞപ്പോൾ, എല്ലാവരും ആവേശത്തിലായി. അന്യഗ്രഹജീവികളെക്കുറിച്ച് നിർണായക വിവരങ്ങളും അപ്രതീക്ഷിത അതിഥി പങ്കുവച്ചു. ആ അതിഥി ആരെന്നല്ലേ..?
ഇതുവരെ ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ശുദ്ധമായ ഉൽക്ക! മണിക്കൂറിൽ ഏകദേശം 32,000 മൈൽ വേഗതയിൽ ന്യൂയോർക്ക് നഗരത്തിന്റെ അന്തരീക്ഷത്തിലേക്കു പാഞ്ഞുകയറിയ ഉൽക്ക, വലിയ ശബ്ദത്തോടെ ന്യൂജേഴ്സിയിലെ ഹിൽസ്ബറോയിലുള്ള വീടിന്റെ മേൽക്കൂരയിലേക്കു പതിക്കുകയായിരുന്നു. ഏകദേശം ഒരു കിലോഗ്രാമോളം തൂക്കമുള്ള ഇതിന്റെ അവശിഷ്ടങ്ങളാണ് വീടിന്റെ മാസ്റ്റർ ബെഡ്റൂം തകർത്ത് അകത്തേക്കു വീണത്.
ആ സമയത്തു ഞാൻ വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദംകേട്ട് ചെന്നു നോക്കിയപ്പോൾ കിടപ്പുമുറിയുടെ സീലിംഗിൽ വലിയൊരു സുഷിരം കണ്ടു. കരിഞ്ഞ ഗന്ധകത്തിന്റെ മണവും മുറിയിലാകെ കറുത്ത അവശിഷ്ടങ്ങളും പൊടിയും പടർന്നിട്ടുണ്ടായിരുന്നു- വീട്ടുടമ പറഞ്ഞു.
എന്നാൽ, വീട്ടുടമയുടെ സമയോചിതമായ ഇടപെടലാണ് ശാസ്ത്രലോകത്തിനു വലിയൊരു വഴിത്തിരിവായത്. ഉൽക്കയുടെ അവശിഷ്ടങ്ങളിൽ നേരിട്ടു സ്പർശിക്കാതെ, ഡിസ്പോസിബിൾ ഗ്ലൗസുകൾ ഉപയോഗിച്ച് അവ ശേഖരിക്കുകയും അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് ഗ്ലാസ് ജാറുകളിൽ അടച്ചു സൂക്ഷിക്കുകയും ചെയ്തു. ഇത് ബാക്ടീരിയകളോ മറ്റ് ഘടകങ്ങളോ ഉൽക്കയിൽ കലരുന്നതും അതിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നതും തടഞ്ഞു. ഇതുവരെ ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ശുദ്ധമായ ഉൽക്കാ സാമ്പിളുകളിൽ ഒന്നാണിത്.

വന്നത് ചൊവ്വയുടെ സമീപത്തുനിന്ന്
വിദഗ്ധ ഫോറൻസിക് പരിശോധനകൾക്കുശേഷം, ഇതു വളരെ അപൂർവമായ CM-ടൈപ്പ് കാർബണേഷ്യസ് കോൺഡ്രൈറ്റ് (CM-type carbonaceous chondrite) വിഭാഗത്തിൽപ്പെട്ട ഉൽക്കയാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഏകദേശം 450 കോടി വർഷങ്ങൾക്കു മുൻപ്, അതായത് സൗരയൂഥ രൂപീകരണത്തിന്റെ ആദ്യനാളുകളിൽ ഉണ്ടായവ! കാർബൺ, ജലാംശമുള്ള ധാതുക്കൾ, ഓർഗാനിക് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഇത്തരം ഉൽക്കകൾ.
ഡോർബെൽ ക്യാമറകളിൽനിന്നും നിരീക്ഷണ കാമറകളിൽനിന്നും ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് ഉൽക്കയുടെ പാത പുനഃസൃഷ്ടിച്ച ശാസ്ത്രജ്ഞർ, ഇത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ആസ്റ്ററോയ്ഡ് ബെൽറ്റിൽനിന്ന് എത്തിയതാണെന്നു കണ്ടെത്താൻ കഴിഞ്ഞു. പ്രാകൃത ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ കട്ടികൂടിയ ലവണാംശമുള്ള ദ്രാവകങ്ങൾ അടിഞ്ഞുകൂടിയ അവസ്ഥയിലായിരുന്നുവെന്നും, ഇത്തരമൊരു പ്രതിഭാസം ഈ വിഭാഗത്തിൽ മുൻപ് കണ്ടെത്തിയിട്ടില്ലാത്തതാണെന്നും നാസയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
അന്യഗ്രഹജീവന്റെ സാന്നിധ്യം
ഉൽക്കയിൽ നടത്തിയ പരിശോധനകളിൽ അതിസങ്കീർണമായ ജൈവ കാർബണും അമിനോ ആസിഡുകളും കണ്ടെത്തി. പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകങ്ങളാണ് അമിനോ ആസിഡുകൾ. ഉൽക്കയിൽ നൂറുകണക്കിന് അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. ഭൂരിഭാഗം അമിനോ ആസിഡുകളും ഭൂമിയിലെ ജീവജാലങ്ങളിൽ പ്രകൃതിദത്തമായി കാണപ്പെടാത്തവയോ വളരെ അപൂർവമായവയോ ആണ്. അതുകൊണ്ടുതന്നെ ഇവ പൂർണമായും അന്യഗ്രഹത്തിൽ ഉത്ഭവിച്ചതാണെന്ന് നാസ വ്യക്തമാക്കി.
പുരാതന ഛിന്നഗ്രഹങ്ങൾ എങ്ങനെയാണു പരിണമിച്ചതെന്നും, കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയിലേക്ക് ജീവന്റെ രാസഘടകങ്ങൾ എത്തിച്ചത് ഇത്തരം ഉൽക്കകളാണോ എന്നുമുള്ള ശാസ്ത്ര ലോകത്തിന്റെ വലിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ. അന്യഗ്രഹ ജീവന്റെ സാന്നിധ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ജൈവ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ. സൗരയൂഥത്തിന്റെ പ്രാരംഭ ഘട്ടത്തെക്കുറിച്ചും ഭൂമിയിൽ ജീവന്റെ ഉത്ഭവം എങ്ങനെ സാധ്യമായി എന്നതിനെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകാൻ കെൽപ്പുള്ളതാണു കണ്ടെത്തൽ!
Tags : Meteorite UFO Aliens NewJersey SpaceRocks NASA CMTypeCarbonaceousChondrite