ഓസ്ട്രേലിയൻ യുവതി പ്രസവിച്ച നാലു ഡിറ്റോ പെൺകുരുന്നുകൾ.
സിഡ്നി: അപൂർവജന്മമെന്നു കളിയായും അല്ലാതെയും പ്രയോഗിക്കാറുണ്ടെങ്കിലും ഓസ്ട്രേലിയക്കാരി അമ്മയുടെ നാലു മക്കൾക്കാണ് ആ പ്രയോഗം അക്ഷരത്തിലും അർഥത്തിലും ചേരുക. മറുകുകൊണ്ടുപോലും തിരിച്ചറിയാൻ കഴിയാത്തത്ര സാമ്യമുള്ള നാലു കുരുന്നുകൾ. അതും ഒറ്റ പ്രസവത്തിൽ.
മുപ്പത്തിനാലുകാരിയായ ജെനിതാർ നമോണ ഗർഭം ധരിച്ച് 28 ആഴ്ചയും നാല് ദിവസവും (ഏഴ് മാസം) പൂർത്തിയായപ്പോൾ ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്.
നമോണയ്ക്കും ഭർത്താവ് ജോർതാമിനും ഇവരെ കൂടാതെ നാലു മക്കൾകൂടിയുണ്ട്. 15 ദശലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഒരു പ്രസവത്തിൽ ഒരേപോലുള്ളതും ഒരേ ലിംഗത്തിലുള്ളതുമായ നാലു കുട്ടികൾ ജനിക്കുകയെന്ന് ഡോക്ടർമാർ പറയുന്നു.
ഇത്തരം ഗർഭധാരണം വളരെ ഉയർന്ന അപകടസാധ്യതയുള്ളതിനാൽ 25-ാമത്തെ ആഴ്ചയിൽത്തന്നെ നമോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എമിലി, ഹാരിയറ്റ്, കാതറിൻ, അലക്സ എന്നാണു സുന്ദരികൾക്കു പേരിട്ടിരിക്കുന്നത്.
കുഞ്ഞുങ്ങൾ പൂർണ വളർച്ചയെത്തുന്നതുവരെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നമോണയുടെ മറ്റു കുട്ടികൾക്ക് ഒരു വയസിനും 10 വയസിനും ഇടയിലാണു പ്രായം. ഇതിനിടെ 10 സീറ്റുള്ള വാൻ വാങ്ങാൻ യുവതി ഓൺലൈൻ കാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിനകം 19,261 പൗണ്ട് സംഭാവനയായി ലഭിച്ചിട്ടുണ്ട്.
Tags : Australian woman identical daughters NewbornBaby Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash