ശരദ് പവാറും സുപ്രിയസുലെയും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച
ന്യൂഡൽഹി: എൻസിപി അധ്യക്ഷൻ ശരദ് പവാറും മകൾ സുപ്രിയസുലെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ പങ്കെടുത്ത് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവരും മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ജലസേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ശരദ് പവാർ മോദിക്ക് നിവേദനം നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉചിതമായ പ്രതികരണമുണ്ടാകണമെന്നും ശരദ് പവാർ ആവശ്യപ്പെട്ടതായാണ് വിവരം.
അതേസമയം ഇരുവരുടെയും കൂടിക്കാഴച പുതിയ രാഷ്ട്രീയ മാനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ശരദ് പവാർ പക്ഷം എൻസിപി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലേക്ക് ചേരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
ശരദ് പവാർ പക്ഷം എൻസിപി നേതാവ് ജയന്ത് പാട്ടീൽ നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശരദ് പവാറിന്റെ എൻസിപി എൻഡിഎയിൽ ചേരുകയോ അജിത് പവാർ പക്ഷം എൻസിപിയിൽ ലയിക്കുകയോ ചെയ്തേക്കുമെന്നുള്ള ശക്തമായ അഭ്യൂഹങ്ങളുണ്ടായത്.
Tags : SharadPawar SupriyaSule NCP