പ്രതീകാത്മക ചിത്രം
മുംബൈ: സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവിനെ പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് മർദിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ബിഹാർ സ്വദേശിനി സുനിതാദേവി ഹരേറാം സിംഗ് ആണ് ഭർത്താവ് ഹരേറാം കിഷുൻജി സിംഗിനെ (35) കൊലപ്പെടുത്തിയത്.
താനെയിലെ വാടകവീട്ടിൽ വച്ചാണ് സംഭവം നടക്കുന്നത്. സാരി വാങ്ങിക്കൊടുക്കാത്തതിനെച്ചൊല്ലി ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും സുനിതാദേവി കുക്കറിന്റെ അടപ്പുകൊണ്ട് ഭർത്താവിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം ഹരേറാമിന്റേത് ഹൃദയാഘാതമോ സ്വാഭാവിക മരണമോ ആണെന്ന് വരുത്തിത്തീർക്കാൻ യുവതി ശ്രമിച്ചു. സുനിതാദേവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്.
എന്നാൽ ശ്വാസംമുട്ടൽ മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് കണ്ടെത്തി. തുടർന്ന് ബന്ധുക്കളിൽ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുനിതാദേവിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂലൈ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Tags : Crime Police Arrest Murder