പിടിയിലായ ആസാം സ്വദേശി അയ്‌നുല്‍ അലി
കൊച്ചി: പോലീസ് കസ്റ്റഡിയില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതി പിടിയിലായി. ആലുവയിലെ മോഷണക്കേസ് പ്രതിയായ ആസാം സ്വദേശി അയ്‌നുല്‍ അലിയെ (24) ആസാമിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് കളമശേരി പോലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച ആലുവ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതി പോലീസുകാരുടെ കണ്ണു വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. കൈവിലങ്ങോടെ ആയിരുന്നു ഇയാള്‍ ഓടിപ്പോയത്. കൈവിലങ്ങ് മുറിച്ചു മാറ്റിയ ശേഷം ട്രെയിനില്‍ കയറിയ ഇയാളെ കളമശേരി പോലീസ് പിടികൂടുകയായിരുന്നു.
കളമശേരി മെട്രോ സ്റ്റേഷന് സമീപത്തെ സ്ഥാപനത്തില്‍ നിന്നും ചെമ്പു കമ്പി മോഷ്ടിച്ച പ്രതിയാണ് അയ്നുല്‍ അലി. ആലുവയിലെ ഒരു വീട്ടില്‍ ആയിരുന്നു ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സ്ഥിരം മോഷണക്കേസ് പ്രതിയായ ഇയാള്‍ക്കെതിരെ ആസാമില്‍ അടക്കം നിരവധി കേസുകളുണ്ട്.