പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്ത് പോലീസ്. ബംഗളൂരുവിന് സമീപം ദേവനാഹള്ളിയിലാണ് സംഭവം.
ജൂലൈ 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രദർശനത്തിനെന്ന വ്യാജേന രേണുക എന്ന സ്ത്രീ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് നവീൻ, വെങ്കട്ടരമണ എന്നിവരും ഇവർക്കൊപ്പം ചേർന്നു. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. തുടർന്ന് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച് കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.
പീഡന വിവരം പുറത്തറിയിച്ചാൽ പെൺകുട്ടിയെ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി അമ്മയോട് പീഡനവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.