ഭാവിയിൽ മനുഷ്യകുലം നടത്താൻ പദ്ധതിയിടുന്ന ഗ്രഹാന്തര അന്വേഷണങ്ങളിൽ, ചന്ദ്രനെ ഇടത്താവളമാക്കി മാറ്റാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം. ലക്ഷ്യമിടുന്ന ചൊവ്വ പര്യവേഷണങ്ങൾ ഉൾപ്പെടെയുള്ള ബഹിരാകാശ പഠനങ്ങൾക്കു മനുഷ്യന്റെ ഇടത്തവളം ചന്ദ്രനിലുറപ്പിക്കാൻ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ പദ്ധതിയിടുന്നുണ്ട്. മനുഷ്യനെ വരും വർഷങ്ങളിൽ ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ മുന്നോട്ടുപോകുന്പോൾ, അദ്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് നാസ.
ചാന്ദ്രദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾക്കു വഹിക്കേണ്ടിവരുന്ന ഉപകരണങ്ങളുടെ ഭാരം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന പുതിയൊരു "പദാർഥം' വികസിപ്പിച്ചെടുത്തിരിക്കുകയാണ് നാസ. ചന്ദ്രന്റെ ഉപരിതലത്തിൽ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് അവിടെത്തന്നെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും മനുഷ്യവാസം സാധ്യമാക്കാനുമുള്ള നാസയുടെ ശ്രമങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ കരുത്താകും. ചന്ദ്രോപരിതലത്തിൽനിന്നു ലോഹങ്ങളും, ഓക്സിജനും, റോക്കറ്റ് ഇന്ധനവും വേർതിരിച്ചെടുക്കാനുള്ള ഗവേഷണങ്ങളിലാണ് നാസ. ഇതിനു സഹായകമാകുന്ന ചന്ദ്രനിലെ മണ്ണിനെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള "പദാർഥ'മാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.

അപ്രതീക്ഷിതമായി രൂപപ്പെട്ട "പദാർഥം'
നാസയുടെ ക്ലീവ്ലാൻഡിലുള്ള "ഗ്ലെൻ റിസർച്ച് സെന്ററിൽ' നടന്ന ഗവേഷണത്തിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഈ "പദാർഥം' രൂപപ്പെടുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ സാങ്കേതികവിദഗ്ധനായ ഡോ. കെവിൻ യു, ഗ്ലെൻ റിസർച്ച് സെന്ററിലെ മെറ്റീരിയൽസ് റിസർച്ച് എൻജിനീയറായ ഡോ. ജമീസ സ്റ്റോക്സ് എന്നിവരാണു പഠനത്തിനു നേതൃത്വം കൊടുത്തത്.
കൃത്രിമമായി നിർമിച്ച വസ്തു "സ്കാൻഡിയം ഓക്സൈഡ്' (Scandium oxide) എന്ന സംയുക്തവും ചേർത്ത് ഉയർന്ന താപനിലയുള്ള ഫർണസിലിട്ട് ചൂടാക്കിയപ്പോഴാണ് പുതിയ "പദാർഥം' രൂപപ്പെട്ടത്. ശാസ്ത്രലോകത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പത്ത് ലക്ഷത്തിലധികം പദാർഥങ്ങളുടെ എക്സ്-റേ അനാലിസിസ് ഡാറ്റയുമായി ഒത്തുനോക്കിയെങ്കിലും ഇതിനു സമാനമായ മറ്റൊന്ന് കണ്ടെത്താനായില്ല. തുടർന്ന്, ഇതിന്റെ രാസഘടന പഠിക്കുകയാണു ശാസ്ത്രജ്ഞർ.
സവിശേഷതകൾ നിരവധി
അത്യപൂർവ പ്രതിരോധശേഷിയാണ് "പദാർഥ'ത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതിശക്തമായ താപനിലയിലും ചന്ദ്രനിലെ മണ്ണിന്റെ രാസപ്രവർത്തനങ്ങളെയും ദ്രവീകരണത്തെയും പ്രതിരോധിക്കാൻ ഈ "പദാർഥ'ത്തിനു കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
"പദാർഥ'ത്തിൽ അടങ്ങിയിരിക്കുന്ന "സ്കാൻഡിയം ഓക്സൈഡ്' വിലകൂടിയതാണെങ്കിലും, ഉയർന്ന താപനിലയുള്ള ആവശ്യങ്ങൾക്കു സാധാരണയായി ഉപയോഗിക്കാറുള്ള പ്ലാറ്റിനം പോലുള്ള വിലപിടിച്ച ലോഹങ്ങളേക്കാൾ ഇതിനു ചെലവ് വളരെ കുറവാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള അത്യാധുനിക കോട്ടിംഗ് പദാർഥങ്ങളേക്കാൾ ഭാരം കുറഞ്ഞതും മികച്ച താപ പ്രതിരോധം നൽകുന്നതുമാണ് പുതിയ "പദാർഥം'.

ഭാവി ഉപയോഗങ്ങൾ
ചന്ദ്രനിലെ വിഭവങ്ങൾ വേർതിരിച്ചെടുക്കുമ്പോൾ, സൂക്ഷിക്കാനുള്ള പൈപ്പുകളോ പാത്രങ്ങളോ നിർമിക്കാൻ ഈ "പദാർഥം' ഉപയോഗിക്കാം. ചന്ദ്രനിൽ മാത്രമല്ല, ഭൂമിയിലെ ജെറ്റ് എൻജിനുകൾക്കുള്ളിലെ കടുത്ത ചൂടിൽനിന്നു സംരക്ഷണം നൽകുന്ന ആവരണമായും ഉപയോഗിക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. "പദാർഥ'ത്തിന്റെ ഉത്പാദനച്ചെലവ് കുറയ്ക്കാനുള്ള ഗവേഷണങ്ങളിലാണ് നാസ. ബഹിരാകാശ പര്യവേക്ഷണത്തിൽ "മെറ്റീരിയൽസ് സയൻസ്' എത്രത്തോളം നിർണായകമാണെന്ന് തെളിയിക്കുന്നതാണ് നാസയുടെ പുതിയ കണ്ടെത്തൽ.
Tags : NASA Moon Space Science Astronauts