പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഇരുപതു രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മൂന്നു പേർ ചേർന്ന് ക്രൂരമായി മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.മുഹമ്മദ് മുകാറാം ആണു മരിച്ചത്. ഹൈദരാബാദിലെ വട്ടെപ്പള്ളിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
മുകാറാമിന്റെ മകളുടെ പരാതിയിൽ മൂന്നു പ്രതികളിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 രൂപയുടെ യാത്രയ്ക്ക് ഓട്ടോയിലിരുന്ന സ്ത്രീ 200 രൂപ നൽകിയതോടെയാണ് തർക്കത്തിനു തുടക്കം. ചില്ലറയില്ലെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞതോടെ സമീപത്തെ മിഠായിക്കടയിൽ പോയി തിരിച്ചെത്തിയ സ്ത്രീ 100 രൂപ നൽകി.
എങ്കിലും ചില്ലറയില്ലെന്ന് ഡ്രൈവർ പറഞ്ഞതോടെ സ്ത്രീ മകനെ ഫോണിൽ വിളിച്ചു.ഇതിനിടെ ഡ്രൈവറും ഭാര്യയും മകളും പണം വാങ്ങാതെ ഓട്ടോയിൽ മടങ്ങി. പിന്നീട് മറ്റൊരു ഓട്ടോ ഡ്രൈവർ ഫോണിൽ വിളിച്ച് ഡ്രൈവറോട് ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെടുകയും ഇവിടെത്തിയ ഡ്രൈവറെ മൂന്നുപേർ ചേർന്നു മർദിക്കുകയുമായിരുന്നു. മർദനത്തിനിടെ ഡ്രൈവർക്ക് ബോധക്ഷയമുണ്ടായെങ്കിലും അക്രമികൾ മർദനം തുടർന്നതായി മകളുടെ പരാതിയിൽ പറയുന്നു.
Tags : Deepika DeepikaNewspaper BreakingNews auto-rickshaw driver death