സി ജോസഫ് വിജയ്, എം.കെ. സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ ജോസഫ് വിജയ്യുടെ ലണ്ടൻ സന്ദർശനത്തെയും സംസ്ഥാനത്തെ ഭരണത്തെയും രൂക്ഷമായി വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ ഡി.എം.കെ ആസ്ഥാനത്ത് നടന്ന മുപ്പെരുംവിഴ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ കമ്പനികളുമായി കരാറുകളിൽ ഒപ്പിടാൻ എന്തിനാണ് മുഖ്യമന്ത്രി ലണ്ടനിലേക്ക് പോയതെന്നും, എന്തൊക്കെ നിക്ഷേപങ്ങളാണ് സംസ്ഥാനത്തേക്ക് കൊണ്ടുവന്നതെന്നും സ്റ്റാലിൻ ചോദിച്ചു. സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ വിജയ് ഇപ്പോൾ പൊതുവേദിയിലാണ് അഭിനയിക്കുന്നതെന്നും, മുൻപ് ലോക്കൽ ഷൂട്ടിംഗ് ആയിരുന്നെങ്കിൽ ഇപ്പോൾ വിദേശത്താണ് ഷൂട്ടിംഗെന്നും അദ്ദേഹം പരിഹസിച്ചു.
ടിവികെ സർക്കാരിന് കീഴിൽ തമിഴ്നാട്ടിൽ ക്രമസമാധാനം പൂർണമായി തകർന്നതായും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നതും അക്രമസംഭവങ്ങളും ഇതിനി തെളിവാണ്. നിയമസഭയുടെ പ്രവർത്തനം സ്ക്രീനുകളിൽ മുഖ്യമന്ത്രിയെ കാണിക്കുന്ന 'റീൽസ് ഭ്രമം' കാരണം തടസപ്പെടുകയാണ്.
ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം വ്യാജ പ്രചാരണങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു. ഡിഎംകെ ഭരണകാലത്ത് ആരംഭിച്ച ക്ഷേമപദ്ധതികൾ പേരുമാറ്റിയും പുതിയ രൂപത്തിലുമാണ് നിലവിലെ സർക്കാർ നടപ്പിലാക്കുന്നത്. നാടിനെ കുറ്റവാളികളുടെ വേട്ടയാടൽ കേന്ദ്രമാക്കി മാറ്റിയ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Tags : DMK Stalin JosephVijay LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash