National
ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രി ആരെന്നു കണ്ടെത്താനുള്ള പ്രക്രിയ തിരുവനന്തപുരത്ത് സജീവമായപ്പോഴും ഡൽഹിയിലും നീക്കം തകൃതി. മുഖ്യമന്ത്രിസ്ഥാനത്തേക്കു സാധ്യതയുള്ള മൂന്നു പ്രബലരിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും സോണിയ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ഇന്നലെ നടത്തിയ ചർച്ച നിർണായകമാകും. സംസ്ഥാനത്ത് തുടരുന്ന വി.ഡി. സതീശനുവേണ്ടി ഏതാനും നേതാക്കളും പ്രവർത്തകരും സമ്മർദം ശക്തമാക്കുന്നുമുണ്ട്.
കേന്ദ്രനിരീക്ഷകരായി തിരുവനന്തപുരത്തെത്തിയ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്ന് കോണ്‍ഗ്രസ് എംഎൽഎമാരുടെ അഭിപ്രായം തേടുന്നതിലാണ് വേണുഗോപാലിനു സാധ്യതയേറുന്നത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി നടന്ന ചർച്ചയിൽ ലഭിച്ച സൂചനകൾ കേന്ദ്രനിരീക്ഷകർ ഇന്ന് ഉപയോഗപ്പെടുത്തും. എംഎൽഎമാരുടെ അഭിപ്രായം സംബന്ധിച്ച് ഹൈക്കമാൻഡിന് ഇന്നു രാത്രിയോ നാളെയോ റിപ്പോർട്ട് നൽകും. ഹൈക്കമാൻഡിലെ ധാരണകൾക്കു വിരുദ്ധമല്ലെങ്കിൽ നിയുക്ത മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അധികം വൈകില്ല.
വേണുഗോപാലിനും രമേശിനും സതീശനും ഒരുപോലെ മുഖ്യമന്ത്രിയാകാനുള്ള കഴിവും അർഹതയും പാർട്ടിയോടുള്ള കൂറും ഉണ്ടെന്നാണു മല്ലികാർജുൻ ഖാർഗെ, സോണിയ, രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുടെ വിലയിരുത്തൽ. കേരളത്തിലെ ജനവിധി അറിയുന്നതിനുമുന്‍പും ശേഷവും നേരിട്ടും അല്ലാതെയും അനൗപചാരികമായി ഇവർ പലതവണ കൂടിയാലോചന നടത്തിയിട്ടുണ്ട്. വേണുഗോപാലിന്റെയും ചെന്നിത്തലയുടെയും സതീശന്റെയും വ്യക്തിപരമായ അഭിപ്രായങ്ങളും അർഹതയും താത്പര്യവും ഹൈക്കമാൻഡിനു മുന്നിലുണ്ട്.
ജയിച്ചെത്തിയ 63 പേരിൽ ഭൂരിപക്ഷവും വേണുഗോപാലിനെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സീറ്റ് കിട്ടുന്നതിലും പ്രചാരണത്തിന് ആവശ്യമായ ഫണ്ട് നൽകുന്നതിലും ജയിച്ചെത്തിയവരെ സഹായിച്ചത് വേണുഗോപാലാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
കേരളത്തിലും കേന്ദ്രത്തിലും മന്ത്രി, മൂന്നു തവണ വീതം എംഎൽഎ, എംപി എന്നീ നിലകളിലെ അനുഭവവും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് മുതൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി വരെയുള്ള പാർട്ടിയിലെ മികവും അനുകൂല ഘടകങ്ങളാണ്. ഹൈക്കമാൻഡിന്റെ ഏറ്റവും വിശ്വസ്തനെന്നതാകും വേണുഗോപാലിന്റെ സാധ്യത കൂട്ടുന്നത്. രാഹുൽ ഗാന്ധിയുമായുള്ള ഹൃദയബന്ധം രഹസ്യമല്ല.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനും യുപി അടക്കമുള്ള ഹിന്ദി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും മുന്‍പായി എഐസിസിയിലെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി പദവി ഒരു ഹിന്ദിക്കാരന് കൈമാറണമെന്ന നിർദേശവും വേണുഗോപാലിന് അനുകൂലമായേക്കും.
2017 മുതൽ എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിൽ നേതൃത്വത്തിന് മതിപ്പുമുണ്ട്. 2014 മുതൽ തുടർച്ചയായ പരാജയങ്ങളിൽ തകർന്ന കോണ്‍ഗ്രസ് പാർട്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൂറു സീറ്റുകളിലേക്ക് വളർത്തിയതിലും രാഹുലിനെ പ്രതിപക്ഷ നേതാവാക്കിയതിലും വേണുവിന്റെ തന്ത്രങ്ങളുമുണ്ട്.
എന്നാൽ, മൂവരിലെ ഏറ്റവും സീനിയർ നേതാവെന്നതും പൊതുസ്വീകാര്യതയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും അടക്കമുള്ള മികവുറ്റ പ്രവർത്തനങ്ങളും ചെന്നിത്തലയ്ക്കുണ്ട്. കരുണാകരൻ മന്ത്രിസഭയിലെ പയ്യൻ മന്ത്രി മുതൽ നിയമസഭയിലും പിന്നീട് പലതവണ ലോക്സഭയിലും ചെന്നിത്തല നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് പാർട്ടിക്കുള്ളിൽ മതിപ്പുണ്ട്. വിദ്യാർഥിരാഷ്ട്രീയം മുതൽ എഐസിസിയിലും പ്രവർത്തകസമിതിയിലും ദീർഘകാലമുള്ള പ്രവർത്തനങ്ങളും മുതിർന്ന നേതാക്കളുമായുള്ള ആത്മബന്ധവും കരുത്താണ്. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായിരിക്കെ ഉത്തരേന്ത്യയിൽ പാർട്ടിയെ വളർത്താൻ ചെന്നിത്തല നടത്തിയ പ്രവർത്തനങ്ങൾ നിസാരമല്ല.
പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി സർക്കാരിനെ താഴെയിറക്കി യുഡിഎഫിന് വൻ വിജയം സമ്മാനിച്ചതു സതീശന്റെ നേതൃത്വത്തിലാണെന്നതാണ് അദ്ദേഹത്തിന് ഏറ്റവും അർഹത നേടിക്കൊടുക്കുന്നത്. കേരളത്തിലെ സാധാരണക്കാരിലും പാർട്ടി പ്രവർത്തകരിലും വലിയ പിന്തുണയും അദ്ദേഹത്തിനുണ്ട്.
സതീശന് അർഹതപ്പെട്ട മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് പ്രവർത്തകർ ഹൈക്കമാൻഡിനെ സമീപിക്കുന്നുമുണ്ട്. നിയമസഭയിലെ പ്രകടനത്തിലും സതീശൻ മുന്നിലാണ്. മന്ത്രിയായി മുന്‍പ് പരിചയമില്ലെങ്കിലും പ്രതിപക്ഷനേതാവിന്റെ റോളിൽ മികച്ച സംഭാവനകൾ അദ്ദേഹത്തിനുണ്ട്.
മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ സതീശന് അനുകൂലമായി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. വിവിധ മത, സാമുദായിക സമൂഹങ്ങൾക്കിടയിൽ സതീശന് പിന്തുണ കൂടിയിട്ടുണ്ട്.
International
ലണ്ടൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ ചോഗോസ് ദ്വീപുകൾ മൗറീഷ്യസിനു തിരിച്ചുനല്‍കാനുള്ള തീരുമാനം ബ്രിട്ടൻ പുനഃപരിശോധിക്കുന്നു.
യുഎസ്-ബ്രിട്ടീഷ് സംയുക്ത വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദ്വീപുകൾ ബ്രിട്ടനു നഷ്ടപ്പെടുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിനുള്ള അതൃപ്തിയാണു കാരണം.
ദ്വീപുകൾ മൗറീഷ്യസിനു കൈമാറാനുള്ള തീരുമാനം നീട്ടിവച്ചതായി ബ്രിട്ടീഷ് സർക്കാർ ഇന്നലെ അറിയിച്ചു. കൈമാറ്റ ഉടന്പടി സംബന്ധിച്ച നിയമം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉണ്ടാവില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദ്വീപുകൾ കൈമാറാനുള്ള തീരുമാനം ബ്രിട്ടനു പറ്റിയ എറ്റവും വലിയ അബദ്ധമാണെന്ന് ട്രംപ് ഫെബ്രുവരിയിൽ വിമർശിച്ചിരുന്നു.
ഇറേനിയൻ യുദ്ധത്തിൽ അമേരിക്കൻ സേനയ്ക്ക് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ ആദ്യഘട്ടത്തിൽ അനുമതി ലഭിക്കാതിരുന്നതും ട്രംപിനെ ദേഷ്യം പിടിപ്പിച്ചിരുന്നു.
Kerala
കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.
കരിങ്കല്‍ ക്വാറി ലൈസന്‍സിന് ചെറ്റപ്പാലം മുട്ടത്ത് കുര്യാക്കോസ് പൈലി സമര്‍പ്പിച്ച അപേക്ഷയാണ് 2025 സെപ്റ്റംബര്‍ 22നും 24നും ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗം നിരസിച്ചത്. ഇതില്‍ രണ്ടാമത്തെ യോഗത്തില്‍ ക്വാറിക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് സഹായകമായ നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചത്. ആവശ്യമായ എല്ലാ രേഖകളും അപേക്ഷകന് ഹാജരാക്കിയതിനാല്‍ ലൈസന്‍സ് അനുവദിക്കണമെന്നും പഞ്ചായത്ത് തീരുമാനം നിയമാനുസൃതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീരുമാനം പുനരവലോകനം ചെയ്യണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ മുന്‍ തീരുമാനത്തില്‍ ഭരണസമിതി ഉറച്ചുനിന്നു. ഈ സാഹചര്യത്തില്‍ സെക്രട്ടറി ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിന് കത്ത് നല്കി. ഈ കത്തില്‍ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ അഭിപ്രായം തേടുകയുണ്ടായി. അദ്ദേഹം കഴിഞ്ഞ ജനുവരി 29ന് സര്‍ക്കാരിന് നല്കിയ കത്തില്‍ ലൈസന്‍സ് അനുവദിക്കേണ്ടതാണെന്നാണ് അഭിപ്രായപ്പെട്ടത്.
1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 232 ഉം ചട്ടങ്ങള്‍ പ്രകാരവും ലൈസന്‍സിന് ആവശ്യമായ രേഖകള്‍ എല്ലാം ഹാജരാക്കിയതായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നിരീക്ഷിക്കുകയുമുണ്ടായി. പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കത്ത് വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
Kerala
കൊച്ചി: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രപരിസരത്തെ ഭൂമി നഗരസഭയ്ക്കു കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ.
സാംസ്കാരിക നിലയം സ്ഥാപിക്കാന്‍ 31.8 സെന്റ് ഭൂമി കൊട്ടാരക്കര നഗരസഭയ്ക്ക് മൂന്നു വര്‍ഷത്തേക്കു പാട്ടത്തിന് നല്‍കാനുള്ള ഫെബ്രുവരി 20ലെ റവന്യു വകുപ്പിന്റെ ഉത്തരവാണ് ജസ്റ്റീസുമാരായ വി.രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.
ഹിന്ദു ഐക്യവേദി ഭാരവാഹികളായ വി. സുരേഷ്, ഗോപാലകൃഷ്ണന് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Kerala
കൊച്ചി: പെസഹ, ഈസ്റ്റർ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്താൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നു കത്തോലിക്ക കോൺഗ്രസ്.
സർക്കാർ അനുവാദമില്ലാതെ ഇത് നടക്കില്ല. ഓശാന തിരുനാളിന് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്.
മതസ്വാതന്ത്ര്യം എന്നത് കടലാസിലും വർത്തമാനത്തിലും ഒതുക്കേണ്ടതല്ല. തിരുന്നാൾ ദിനങ്ങളിൽ പല വിധ മാർഗങ്ങളിലൂടെ നടത്തുന്ന ആരാധന നിഷേധം ക്രൈസ്തവ സമൂഹത്തെ മുറിവേല്പിക്കുന്നതാണെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സ്ഥലങ്ങളിൽ എതിർപ്പ്. പലയിടങ്ങളിലും പ്രതിഷേധം അതിരുവിട്ടതിനെത്തുടർന്ന് സ്ഥാനാർഥി പ്പട്ടികയിൽ ഉണ്ടായിരുന്നവർ പാർട്ടി വിടുന്ന സാഹചര്യവുമുണ്ടായി.
ചിറയിൻകീഴിൽ യുഡിഎഫി സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ബി.എസ്. അനൂപ് ബിജെപി സ്ഥാനാർഥിയായി. നേമത്ത് സ്ഥാനാർഥിപ്പട്ടികയിൽ പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു പാർട്ടി വിട്ടു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് എതിരേയാണ് നുസൂർ ആരോപണങ്ങൾ ഉന്നയിച്ചത്.
പാറശാലയിൽ നെയ്യാറ്റിൻകര സനലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു മുൻ കോണ്‍ഗ്രസ് എംഎൽഎ എ.ടി. ജോർജ് പ്രഖ്യാപിച്ചു.
സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ചടയമംഗലത്തെ കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ അരുണ്‍രാജ് ബിജെപിയിൽ ചേർന്നു.
സിപിഎമ്മിൽ നിന്നെത്തി ഒറ്റപ്പാലം സീറ്റ് കൈക്കലാക്കിയ പി.കെ. ശശിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി.
National
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി നിലവിലുള്ള വിഐപി യാത്രാ വിമാനങ്ങൾക്ക് പകരം അത്യാധുനിക സൗകര്യമുള്ള പുതിയ ദീർഘദൂര ചെറുയാത്ര വിമാനം (ലോംഗ് റേഞ്ച് ബിസിനസ് ജെറ്റുകൾ- എൽആർബിജെ) വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വിമാന നിർമാതാക്കളിൽനിന്ന് വ്യോമസേന വിവരങ്ങൾ തേടി.
ഡൽഹിയിലെ പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഹെഡ്ക്വാർട്ടേഴ്സ് കമ്യൂണിക്കേഷൻ സ്ക്വാഡ്രണിനെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.
Kerala
ആലപ്പുഴ: സ്കൂളുകൾ തുറക്കും മുമ്പ് അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠപുസ്തകം നേരത്തെ വിതരണം ചെയ്യുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അടുത്ത ക്ലാസിലേക്കു കുട്ടികൾ ജയിക്കുമോ എന്ന് അറിയായതെയാണോ പുസ്തകം എത്തിക്കുന്നത് എന്നുമാണ് ചെന്നിത്തല ചോദിക്കുന്നത്.
പുസ്തകം നേരത്തെ അടിക്കുന്നത് ഭരണ നേട്ടമാണോയെന്നും കേരളത്തിൽ നേരത്തെയും പുസ്തകങ്ങൾ കൊടുത്തിട്ടില്ലേ? ആദ്യമായിട്ടാണോ പുസ്തകം കൊടുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയാറായെന്നും ഫെബ്രുവരി രണ്ടാം വാരത്തിൽ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ഇതിനെയാണ് ചെന്നിത്തല വിമർശിച്ചത്.
Kerala
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റേഷൻ വ്യാപാരികളുടെ വേതനം 2026 ജനുവരി ഒന്നുമുതൽ പരിഷ്കരിക്കാൻ ധാരണയായതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
പ്രതിമാസം 15 ക്വിന്റൽ വരെയുള്ള വിതരണത്തിന് കമ്മീഷൻ 6800 രൂപയും 15 ക്വിന്റലിനു മുകളിൽ 45 ക്വിന്റൽ വരെയുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷൻ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിലും 45 ക്വിന്റലിനു മുകളിൽ അടിസ്ഥാന കമ്മീഷൻ 21,000 രൂപയും 45 ക്വിന്റലിനു മുകളിൽ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിലും വേതനം പരിഷ്കരിക്കാൻ തീരുമാനമായി.
പരിഷ്കരിച്ച പാക്കേജു പ്രകാരം നിലവിൽ വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18,000 രൂപയിൽ നിന്ന് 21,000 രൂപയായി വർധിപ്പിച്ചു. കൂടാതെ അധിക കമ്മീഷൻ 180 രൂപ എന്നുള്ളത് 270 രൂപയായും വർധിപ്പിച്ചു.
വളരെ കാലമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച വേതന പാക്കേജ് നടപ്പിലാക്കിയ സർക്കാരിന് എല്ലാ സംഘടനകളും അഭിനന്ദനം അറിയിച്ചു. പാക്കേജ് നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി മാസം മുതൽ നടത്താൻ തീരുമാനിച്ച റേഷൻ വ്യാപാരി കൂട്ടായ്മ സമരം പിൻവലിച്ചതായി വ്യാപാരി സംഘടനകൾ അറിയിച്ചതായും മന്ത്രി പറഞ്ഞു.
യോഗത്തിൽ, വിവിധ സംഘടനകളെ പ്രതിനിധികരിച്ച്, അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ, ജി. ശശിധരൻ, അഡ്വ. ജോണി നെല്ലൂർ, ടി മുഹമ്മദാലി, അഡ്വ. ജി. കൃഷ്ണപ്രസാദ്, സുരേഷ് കാരേറ്റ്, കെ.ബി. ബിജു, വി. അജിത് കുമാർ, അഡ്വ. ആർ. സജിലാൽ, പ്രിയൻ കുമാർ തുടങ്ങിയവരും സിവിൽ സപ്ലെസ് കമ്മീഷണർ ഹിമ കെ., റേഷനിംഗ് കൺട്രോളർ മോഹൻ കുമാർ, ഭക്ഷ്യ-ധന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
National
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരേ വിവാദ പരാമർശം നടത്തിയ ബിജെപി മന്ത്രി കുൻവർ വിജയ് ഷായുടെ വിചാരണയ്ക്ക് അനുമതി നൽകുന്നതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ മധ്യപ്രദേശ് സർക്കാരിന് സുപ്രീംകോടതി നിർദേശം.
അദ്ദേഹത്തിനെതിരേ കുറ്റവിചാരണയ്ക്ക് അനുമതി നൽകണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അപേക്ഷയിൽ മധ്യപ്രദേശ് സർക്കാർ കാലതാമസം വരുത്തിയതായി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് കണ്ടെത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 19 മുതൽ എസ്ഐടിയുടെ റിപ്പോർട്ടിൽ മധ്യപ്രദേശ് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
Kerala
തൃശൂർ: കോർപറേഷൻ മേയറെ തീരുമാനിക്കാനുള്ള ഡിസിസി യോഗം ചൊവ്വാഴ്ച. ഇന്ന് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ലാലൂരിൽനിന്ന് വൻഭൂരിപക്ഷത്തിൽ ജയിച്ച ലാലി ജെയിംസ്, ഗാന്ധിനഗറിൽനിന്നു വിജയിച്ച സുബി ബാബു എന്നിവരുടെ പേരുകൾ ഉയർന്നു. ഡിസിസി വൈസ്പ്രസിഡന്റ് എന്ന നിലയിൽ ഡോ. നിജി ജസ്റ്റിനും പരിഗണനയിലുണ്ട്.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കു സിവിൽ സ്റ്റേഷൻ ഡിവിഷനിൽനിന്നു വിജയിച്ച എ. പ്രസാദ്, മിഷൻ ക്വാർട്ടേഴ്സ് ഡിവിഷനിൽനിന്നു വിജയിച്ച ബൈജു വർഗീസ് എന്നിവരുടെ പേരുകളും അവസാന പട്ടികയിലുണ്ട്. ആരെ മേയറാക്കിയാലും തടസമുന്നയിക്കില്ലെന്നു കൗണ്‍സിലർമാർ അറിയിച്ചതോടെ അന്തിമ തീരുമാനമെടുക്കാൻ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
സാമുദായിക സമവാക്യം, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ മുന്നിൽകണ്ടാകും മേയർ ആരെന്നു തീരുമാനിക്കുക. എറണാകുളം കോർപറേഷനിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ളയാളെ മേയറായി പരിഗണിക്കുന്നതിനാൽ തൃശൂരിൽ ഹൈന്ദവിഭാഗത്തിൽനിന്നുള്ളയാൾ വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
കഴിഞ്ഞവട്ടം മേയർ, ഡെപ്യൂട്ടി മേയർ പദവികളിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള എം.കെ. വർഗീസ്, എം.എൽ. റോസി എന്നിവരായിരുന്നതിനാൽ ഈ വാദത്തിനാണു മുൻതൂക്കം. ഐ ഗ്രൂപ്പ് നേതാക്കൾ ക്രിസ്ത്യൻ വിഭാഗത്തിനുവേണ്ടിയും ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണു വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനം ജനുവരിയിൽതന്നെ നടത്തി പ്രചാരണത്തിൽ മുൻതൂക്കം നേടാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം. തൃശൂർ മണ്ഡലത്തിൽ ക്രിസ്ത്യൻ വിഭാഗത്തിലുള്ളയൾക്കു പ്രഥമ പരിഗണന നൽകിയാൽ മേയറായി സുബി ബാബുവിനു നറുക്കു വീഴും.
രണ്ടാം ഘട്ടത്തിൽ ലാലിയെയും പരിഗണിക്കും. എന്നാൽ, കൗണ്‍സിലറെന്ന നിലയിലുള്ള അനുഭവസന്പത്താണു ലാലിയുടെ മേൻമ. സാമുദായിക പരിഗണനയും പാർട്ടിയിലെ സ്ഥാനവും കണക്കാക്കി ഡോ. നിജി ജസ്റ്റിന്റെ പേര് ഉയർന്നെങ്കിലും പരിചയക്കുറവാണ് തടസം. മുക്കാട്ടുകരയിൽനിന്നു വിജയിച്ച ശ്യാമള മുരളീധരൻ, അഡ്വ. വില്ലി ജിജോ എന്നിവരുടെ പേരുകളും ഒരുഘട്ടത്തിൽ മേയർ സ്ഥാനത്തേക്ക് ഉയർന്നിരുന്നു.