പ്രതീകാത്മക ചിത്രം
കൊച്ചി: അങ്കമാലി-അരൂര്‍ ബൈപ്പാസ് പദ്ധതി ഇനി മുതല്‍ എട്ടുവരി കൊച്ചി ഔട്ടര്‍ റിംഗ് റോഡ്. നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഭൂമിരാശി പോര്‍ട്ടലിലാണ് പദ്ധതിക്ക് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്തിട്ടുള്ളത്. മുമ്പ് എറണാകുളം ബൈപ്പാസ് (അങ്കമാലി-കുണ്ടന്നൂര്‍) എന്നയിരുന്നു പദ്ധതിയുടെ പേര്. അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെയായിരുന്ന പദ്ധതി പിന്നീട് അരൂര്‍ വരെ നീട്ടുകയായിരുന്നു. ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുന്നതിനു മുന്നോടിയായാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭൂമിരാശി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാകുമെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. ഈമാസം തന്നെ 3എ വിജ്ഞാപനമുണ്ടായേക്കും. ജൂണ്‍ 16നാണ് പുതുക്കി നിശ്ചയിച്ച പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.
അങ്കമാലി മുതല്‍ അരൂര്‍ വരെ 49.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എട്ടുവരി ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത് 6935.6 കോടി രൂപയാണ്. ആദ്യം എട്ടുവരിപ്പാതയും പിന്നീട് 10 വരിപ്പാതയുമാക്കും.
പദ്ധതിക്കായി 363.73 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 60 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കുന്നതിനാണ് നേരത്തെ കല്ലിട്ടിരുന്നത്. വീതി കൂട്ടാന്‍ തീരുമാനിച്ചതിനാല്‍ കല്ലിട്ടിരിക്കുന്നതിന്റെ ഇരുവശങ്ങളിലും 12.5 മീറ്റര്‍ കൂടി വീതിയില്‍ സ്ഥലം ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Ring Road