ജങ്കാർ സർവീസ് നിർത്തി ജെട്ടിയിൽ കെട്ടിയിട്ടിരിക്കുന്നു.
റോ റോ സർവീസ് നിർത്തിവച്ചു
വൈപ്പിൻ : അഴിമുഖത്ത് വെള്ളത്തിന്റെ ശക്തമായ കുത്തിയൊഴുക്കിനെ തുടർന്ന് വൈപ്പിൻ ഫോർട്ട് കൊച്ചി റൂട്ടിൽ റോറോ ജങ്കാർ സർവീസ് ഇന്നലെ താൽക്കാലികമായി നിർത്തിവച്ചു. രണ്ട് ജങ്കാറുകളിൽ ഒന്ന് ചൊവ്വാഴ്ച വൈകുന്നേരം സർവീസ് നിർത്തിയിരുന്നു. എൻജിൻ നിലച്ച് ശക്തമായ കുത്തൊഴുക്കിൽ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയ സാഹചര്യത്തിലാണിത്.
ശേഷിക്കുന്ന ഒരു ജങ്കാർ ഇന്നലെ രാവിലെ സർവീസ് ആരംഭിച്ചെങ്കിലും ശാസ്ത്രീയമായ പരിശോധനയിലൂടെ വെള്ളത്തിന്റെ കുത്തൊഴുക്ക് അപകടകരമാം വിധം തുടരുന്നത് കണ്ട സാഹചര്യത്തിലാണ് ഇന്നലെ സർവീസ് പൂർണമായും നിർത്തിവച്ചത് .ഇന്നും സർവീസ് ഉണ്ടാവില്ല എന്നായിരുന്നു അറിയിപ്പെങ്കിലും പിന്നീട് തിരുത്തി ഒരു ജങ്കാർ സർവീസ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ റോപ്പ് കഷണങ്ങൾ ചുറ്റി തകരാറിലായ ജങ്കാറിന്റെ പ്രൊപ്പല്ലർ ഇന്നലെ വിദഗ്ധർ എത്തി ക്ലീൻ ചെയ്തപ്പോൾ മൂന്ന് ബക്കറ്റുകൾ നിറയെ റോപ്പ് കഷണങ്ങളാണ് ഇതിൽ നിന്ന് നീക്കം ചെയ്തത്. അതേസമയം കുത്തൊഴുക്കിന്റെ പേരിൽ സർവീസ് നിർത്തിവച്ചതിനെതിരെ യാത്രക്കാരിൽ പ്രതിഷേധമുയർന്നിരുന്നു. അഴിമുഖത്ത് എല്ലാ കാലത്തും കുത്തൊഴുക്ക് ശക്തമാണ്.
എവിടെ സ്റ്റെപ്പിനി ?
വൈപ്പിൻ : കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മൂന്നാമത്തെ ജങ്കാർ ഇനിയും സർവീസിന് ഇറങ്ങാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം. രണ്ട് ജങ്കാറുകൾ സർവീസ് നടത്തുമ്പോൾ മൂന്നാമത് ഒരു ജങ്കാർ ജെട്ടിയിൽ സ്റ്റെപ്പിനിയായി വേണമെന്ന ആവശ്യം പരിഗണിച്ചാണ് മൂന്നാമത്തെ ജങ്കാർ നിർമിച്ചത്. ഏതെങ്കിലും തരത്തിൽ ഒരു ജങ്കാറിന്റെ സർവീസ് നിർത്തിവെക്കേണ്ടി വന്നാൽ സർവീസ് തടസപ്പെടാതിരിക്കാൻ വേണ്ടിയാണിത്.
എന്നാൽ ഇപ്പോൾ മൂന്നാമത്തെ ജങ്കാർ സർവീസ് ആരംഭിക്കാതെ കൊച്ചിൻ കോർപറേഷൻ ജനത്തിന് പതിവ് ദുരിതം വിതച്ചു കൊണ്ടിരിക്കുകയാണെന്ന് വൈപ്പിൻ ഫോർട്ട് കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഫ്രാൻസിസ് ചമ്മണി, റോ റോ ജങ്കാർ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ കൺവീനർ ജോണി വൈപ്പിൻ എന്നിവർ ആരോപിച്ചു.
അതേസമയം ജങ്കാർ സർവീസ് കിൻകോയിൽ നിന്ന് മാറ്റണമോ എന്ന അനിശ്ചിതത്വം മൂലമാണ് കൊച്ചി കോർപറേഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തത് എന്നാണ് സൂചന. മാത്രമല്ല, മൂന്നാമത്തെ ജങ്കാറിന്റെ ഇൻഷ്വറൻസ് പേപ്പറുകളും ശരിയാകാനുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews