KUDAPPANA
വാഴക്കുളം: കൗതുക കാഴ്ചയായി ശിഖരങ്ങളോടുകൂടിയ കുടപ്പന. ആവോലി നടുക്കര ചൂര്യാലയിൽ സി.കെ.സത്യവ്രതന്റെ പുരയിടത്തിലാണ് മൂന്നു ശിഖരങ്ങളോടു കൂടിയ കുടപ്പനയുള്ളത്. ശിഖരങ്ങളായി വളർന്നതിലും വ്യത്യസ്ത വലിപ്പത്തിൽ ഇലകൾ വിരിഞ്ഞ് കുട ചൂടിയിട്ടുണ്ട്.
എഴുപതു വർഷത്തിലേറെ പഴക്കമുള്ള കുടപ്പനയാണിതെന്നും ശിഖരമായി വളർന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നും സത്യവ്രതൻ പറഞ്ഞു. തെങ്ങ്, കമുക് തുടങ്ങിയവ പോലെ പൊതുവേ ഒറ്റത്തടി സസ്യമാണ് പന വർഗത്തിലെ മരങ്ങളും.
വളർച്ചാ ഘട്ടത്തിൽ കൂമ്പിന് മുരടിപ്പുണ്ടായാൽ മരം നശിച്ചു പോകാറാണ് പതിവ്. ഏതെങ്കിലും തരത്തിൽ ക്ഷതമേൽക്കുകയോ ഒടിയുകയോ ഇടിമിന്നൽ ബാധിക്കുകയോ കീടബാധയുണ്ടാകുകയോ ചെയ്താലും അപൂർവമായി ശിഖരങ്ങൾ വളർന്ന് മരങ്ങൾ അതിജീവിക്കാറുണ്ട്. അനുകൂല സാഹചര്യത്തിൽ തായ് മരവും വളർച്ച പ്രാപിക്കും.ജനിതക മാറ്റം സംഭവിച്ചാലും ഇപ്രകാരം വളർച്ചയുണ്ടാകും.
Tags : Nattuvishesham DistrictNews DeepikaNews Kudappana