പ്രതീകാത്മക ചിത്രം
ഫോർട്ടുകൊച്ചി : കൊച്ചി ഫിഷറീസ് ഹാർബറിൽ പി.എന്‍. വിഭാഗം കയറ്റിറക്ക് തൊഴിലാളികൾക്കുള്ള കൂലിയെ ചൊല്ലി തൊഴിലാളി യൂണിയനും പേഴ്സിൻ നെറ്റ് ബോട്ടുടമ അസോസിയേഷനും തമ്മിലുള്ള തർക്കം പരിഹരിച്ച് ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍. ആകെ മത്സ്യബന്ധനത്തിന്റെ ഒന്നര ശതമാനം കൂലിയായി നല്‍കണമെന്ന് ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ വി.ബി. ബിജു ഉത്തരവിട്ടു.
നേരത്തെ ജില്ലാ ലേബര്‍ ഓഫിസര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ആകെ മത്സ്യബന്ധനത്തിന്റെ ഒരു ശതമാനം തൊഴിലാളികള്‍ക്ക് വേതനമായി നല്‍കണമെന്നായിരുന്നു തീരുമാനം. ഇതിനെതിരെ തൊഴിലാളി യൂണിയനായ സിപിഎല്‍യു ഭാരവാഹികള്‍ നല്കിയ അപ്പീലിലാണ് ഡെപ്യൂട്ടി ലേബര്‍ കമ്മിഷണറുടെ പുതിയ ഉത്തരവ്.
ഒത്തുതീര്‍പ്പിനായി 1.75 ശതമാനമെങ്കിലും കൂലി നിശ്ചയിക്കണമെന്ന് തൊഴിലാളി യൂണിയന് വാദം ഉന്നയിച്ചു. 1.25 ശതമാനം അംഗീകരിക്കാമെന്ന് ബോട്ടുടമകളും വാദിച്ചു. ഇരു കൂട്ടരുടെയും വാദം കേട്ട ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ ഒന്നര ശതമാനം കൂലി നിശ്ചിയിക്കുകയായിരുന്നു. ഡെപ്യൂട്ടി ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ വിയോജിപ്പുണ്ടെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് ഇരു വിഭാഗവും പറയുന്നത്.അതുവരെ നിലവിലെ ഉത്തരവ് അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും ഇരുവിഭാഗവും അറിയിച്ചു.
കൃത്യമായ പഠനമോ പരിശോധനയോ ഇല്ലാതെയാണ് ഉത്തരവ് ഇറക്കിയിട്ടുള്ളതെന്നും അതിനാല്‍ ലേബര്‍ കോടതിയെ സമീപിക്കുമെന്നുമാണ് ബോട്ടുടമകള്‍ പറയുന്നത്.ആകെ മത്സ്യബന്ധനത്തിന്റെ രണ്ട് ശതമാനം കൂലി ലഭിക്കണമെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് തൊഴിലാളി യൂണിയന്.
Tags : Nattuvishesham DistrictNews DeepikaNews