പ്രതീകാത്മക ചിത്രം
എരുമപ്പെട്ടി: പഞ്ചായത്ത് വഴി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് കൈവശംവയ്ക്കാൻ അനുമതിനൽകിയ എരുമപ്പെട്ടി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരേ മന്ത്രിക്ക് പരാതിനൽകി വാർഡ് മെമ്പർ ഫ്രിജോ വടക്കൂട്ട്.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ ഉൾപ്പെടുന്ന മുട്ടിക്കൽ കർക്കിടകത്തുകാവ് റോഡിന്റെ കിഴക്ക് പുഴയിലേക്കുളള 12 അടിയിലധികം വീതിയുള്ള റോഡാണ് പഞ്ചായത്ത് ഭരണസമിതി സ്റ്റിയറിംഗ് കമ്മറ്റിയുടെ തീരുമാനപ്രകാരം സ്വകാര്യ വ്യക്തി കെെയേറിയിരിക്കുന്നത്.
പ്രദേശത്തുള്ള കർഷകരുടെ സഞ്ചാരസ്വാതന്ത്ര്യവും ഇതുമൂലം നഷ്ടപ്പെട്ടിരിക്കുകയാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, മുൻ വൈസ് പ്രസിഡന്റും നിലവിലെ പ്രസിഡന്റുമായ ബിന്ദു ഗിരീഷ് എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഭൂമി കെെയേറാൻ അനുമതി നൽകിയിട്ടുള്ളതെന്നാണ് ആരോപണം.
സമീപ ഭൂവുടമയായ കർഷകൻ പഞ്ചായത്തിനുനൽകിയ പരാതിയിൽ കോട്ടപ്പുറം വില്ലേജ് ഓഫീസർ കെെയേറ്റം സ്ഥിരീകരിച്ച് വിശദമായ മറുപടി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി കെെയേറ്റം ഒഴിപ്പിച്ച് വഴിതുറന്നുകൊടുക്കാൻ നിലവിലെ വാർഡ് മെമ്പർ ഫ്രിജോ വടക്കൂട്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത് നടപ്പിലാക്കാൻ ഇപ്പോഴത്തെ പ്രസിഡന്റോ, സെക്രട്ടറിയോ തയാറാകുന്നില്ലെന്നും ഇതിനെതിരേ ജില്ലാ പഞ്ചായത്ത് ഡയറക്ടർക്കും തദ്ദേശസ്വയംഭരണ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും വാർഡ് മെമ്പർ ഫ്രിജോ വടക്കൂട്ട് അറിയിച്ചു.
Tags : complaint NattuVishasham DistrictNews