വിജിലൻസ് സിനിമാ ഡയലോഗ് പോസ്റ്റർ
തൃശൂർ: ‘അഴിമതി കണ്ടാൽ മിണ്ടാതിരിക്കരുത്... പറയുന്നതു സംസ്ഥാനത്ത് അഴിമതി തടയാൻ നിയോഗിക്കപ്പെട്ട വിജിലൻസാണ്. എന്നുവച്ച് വായിൽ തോന്നിയപോലെ അഴിമതിയാരോപണങ്ങളുമായി വിജിലൻസിന്റെ നാലയലത്തേക്കു വന്നേക്കരുത്’- ഇങ്ങനെയവർ പറയുന്നില്ലെങ്കിലും പരാതി അറിയിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിജിലൻസ് പുറത്തുവിട്ട സാമൂഹ്യമാധ്യമ പോസ്റ്ററുകളും നിർദേശങ്ങളും വെളിവാക്കുന്നത് അത്തരമൊരു മുന്നറിയിപ്പാണ്. അഴിമതി നടത്തുന്നവർ നാടിന് അപമാനവും തലവേദനയുമാണ്, പരാതി അറിയിക്കുന്നവരും അങ്ങനെയാകരുതേയെന്നാണു നിർദേശത്തിന്റെ സാരം.
സിനിമകളിലെ രംഗങ്ങളും നടന്മാരുടെ ഡയലോഗുകളുമെല്ലാം കടമെടുത്തുള്ള രസകരമായ പോസ്റ്റർ ആവിഷ്കാരത്തിലൂടെയാണ് അഴിമതിപരാതികളിലെ വ്യക്തതക്കുറവും പരാതിക്കാർക്കുള്ള നിർദേശങ്ങളും വിജിലൻസ് അറിയിച്ചത്. ഉള്ളടക്കം സിനിമയിൽ ഭ്രാന്തിനെ ചികിത്സിക്കുന്ന ഡോക്ടറോടു “സാറേ... ഞാനൊരു കുതിരയെ വിഴുങ്ങി” എന്നു പറയുന്ന രംഗത്തിന്റെ എഐ പോസ്റ്ററിലൂടെ, അഴിമതി സംബന്ധിച്ച പരാതികൾ മാത്രം അറിയിക്കണമെന്നു ബോധവത്കരിക്കുന്നു.
“എനിക്കു പറയാനുള്ളത് അതീവ രഹസ്യമാണ്. പക്ഷേ, അതിപ്പോൾ പറയാൻ കഴിയില്ല”-എന്നിങ്ങനെ വ്യക്തതയില്ലാതെ പരാതി പറയുന്നവർ ഉണ്ടെന്ന് മറ്റൊരു സിനിമാ ഡയലോഗ് പോസ്റ്ററിൽ വ്യക്തമാക്കുന്നു.
‘റാംജി റാവു സ്പീക്കിംഗ്’സിനിമയിലെ നടൻ ഇന്നസെന്റിന്റെ ഫോണ് സംഭാഷണം കടമെടുത്ത് “ഞാൻ പരാതി ഒരു തവണ അയച്ചു, വേണമെങ്കിൽ മണിക്കൂർ ഇടവെട്ട് ഒരോന്നുവച്ച് അയയ്ക്കാമെന്ന” പോസ്റ്ററിലൂടെ, ഒരു പരാതി പലതവണ അയയ്ക്കേണ്ടെന്നു വിജിലൻസ് ഓർമിപ്പിക്കുന്നു.
ബിവറേജസിൽ സ്റ്റോക്കില്ലെന്നു പറഞ്ഞ് ക്വാർട്ടർ മാത്രം നല്കി വൻ അഴിമതിയാണു നടക്കുന്നതെന്നു മദ്യലഹരിയിൽ വിളിക്കുന്നവരെയും വ്യക്തിപരമായ വൈരാഗ്യങ്ങൾ തീർക്കാൻ ആരോപണങ്ങൾ ഉന്നയിക്കുന്നവരെയും ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പരാതിയായി നല്കുന്നവരെയും പോസ്റ്ററിൽ കളിയാക്കിക്കൊണ്ടുതന്നെ ബോധവത്കരിക്കുകയാണ്.
പരാതിപ്പെടുന്നവരുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയുള്ള പോസ്റ്ററുകൾ കണ്ടാലറിയാം, പൊള്ളയായ പരാതികൾ വിജിലൻസിനുണ്ടാക്കുന്ന തലവേദന എത്രയെന്ന്.
വിവരങ്ങളിൽ വ്യക്തത വേണമെന്നതാണു പരാതിക്കാർ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്താണു സംഭവിച്ചത്, എവിടെ, എപ്പോൾ, ആരുമായി ബന്ധപ്പെട്ടതാണ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. ഒരേ പരാതി പലതവണ അയയ്ക്കുന്നത് ഒഴിവാക്കണം.
പരാതി നൽകിയശേഷം നിരന്തരം വിളിക്കുന്നതിനു പകരം ആവശ്യമായ വിവരങ്ങൾ മാത്രം കൈമാറുക. ഉൗഹാപോഹങ്ങളും കേട്ടുകേൾവികളും ഒഴിവാക്കി വ്യക്തമായി അറിയാവുന്ന വിവരങ്ങൾ നൽകുക.
പരാതിക്കുതകുന്ന രേഖകൾ, ചിത്രങ്ങൾ, വീഡിയോകൾ, സന്ദേശങ്ങൾ തുടങ്ങിയ പ്രസക്തമായ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കുക.
പരാതി നൽകുന്നത് ഒരാളിനെതിരേ ആരോപണം ഉന്നയിക്കൽ മാത്രമല്ല, അഴിമതിക്കെതിരായ ഇടപെടൽകൂടിയാണെന്നും വിജിലൻസ് ഓർമിപ്പിക്കുന്നു.
ടോൾ ഫ്രീ- 1064, 85929 00900; വാട്സാപ്പ്- 9447789100; ഇ- മെയിൽ vig.vacb @ kerala.gov.in എന്നിവയിലൂ ടെയും വിജിലൻസിനെ പരാതികൾ അറിയിക്കാം.
Tags : Complaint Clarify Vigilance MovieDialoguePoster Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash