ഗുർമീത് റാം റഹീം സിംഗ്
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ 2017 മുതൽ തടവുശിക്ഷ അനുഭവിച്ചുവരുന്ന സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിംഗ് വീണ്ടും ജയിലിനു പുറത്ത്. 21 ദിവസത്തെ പരോൾ ലഭിച്ച അദ്ദേഹം ഹരിയാനയിലെ റോഹ്തക്കിലുള്ള സുനാരിയ ജയിലിൽനിന്ന് ഇന്നലെ പുലർച്ചയോടെ പുറത്തെത്തി.
രണ്ടു വനിതാ അനുയായികളെ ബലാത്സംഗം ചെയ്തതിന് 20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരുന്ന ഗുർമീത് റാം റഹീമിന് 17-ാം തവണയാണു പരോൾ ലഭിക്കുന്നത്.
കഴിഞ്ഞ മേയിൽ 30 ദിവസത്തെ പരോൾ ലഭിച്ചതിനുശേഷം രണ്ടു മാസത്തിനുള്ളിലാണ് വീണ്ടും പരോൾ ലഭിക്കുന്നത്. അതിനുമുമ്പ് ഈ വർഷം ജനുവരിയിൽ 40 ദിവസത്തെ പരോളും ലഭിച്ചിരുന്നു. 2020ൽ ആദ്യമായി പരോളിലിറങ്ങിയ റാം റഹീം ആറു വർഷത്തിനിടെ ഇതുവരെ 400ലധികം ദിവസമാണ് ശിക്ഷാ കാലാവധിക്കിടെ ജയിലിനുപുറത്ത് കഴിഞ്ഞത്.
രാം ചന്ദർ ഛത്രപതി എന്ന മാധ്യമപ്രവർത്തകൻ 2002ൽ കൊല്ലപ്പെട്ട കേസിൽ പഞ്ചാഹ്-ഹരിയാന ഹൈക്കോടതി ഈ വർഷം മാർച്ചിൽ ഗുർമീതിനെ വെറുതെ വിട്ടിരുന്നു.
ആത്മീയ സംഘടനയായ ദേര സച്ച സൗദയുടെ തലവനായ ഗുർമീത് റാം റഹീം സിംഗ് തന്റെ രണ്ടു വനിതാ അനുയായികളെ ബലാത്സംഗം ചെയ്തതിന്റെ പേരിൽ 2017ലാണ് ശിക്ഷിക്കപ്പെടുന്നത്. ഹരിയാനയിലും പഞ്ചാബിലും വലിയതോതിലുള്ള അക്രമങ്ങൾക്കു വഴിവച്ച ശിക്ഷാവിധിക്കുശേഷം ഗുർമീതിന്റെ അനുയായികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 40ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
ഗുർമീതിന് വീണ്ടും പരോൾ ലഭിച്ചതിനെതിരേ കോൺഗ്രസ് രംഗത്തുവന്നു. വനിതാ സംവരണത്തിനും സ്ത്രീശക്തീകരണത്തിനും വേണ്ടി ബിജെപിക്ക് മുതലക്കണ്ണീർ ഒഴുക്കിക്കൊണ്ടിരിക്കാമെന്നും എന്നാൽ ഇതെല്ലാം വിലകുറഞ്ഞ ദൈനംദിന സീരിയൽ നാടകമാണെന്നും കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേര പറഞ്ഞു. ഈ പാർട്ടി എത്രത്തോളം ബലാത്സംഗ സൗഹൃദപരവും സ്ത്രീവിരുദ്ധവുമാണെന്ന് നമുക്കറിയാമെന്നും ഗുർമീതിന് പരോൾ ലഭിച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര കുറ്റപ്പെടുത്തി.
Tags : RapeConvict RamRahimSingh Parole Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash