യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്
വാഷിംഗ്ടൺ ഡിസി: ഇറാനിൽനിന്നു കോടിക്കണക്കിനു ഡോളറിന്റെ പെട്രോളിയം, പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്ത സംഭവത്തിൽ നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇതുസംബന്ധിച്ചുള്ള വാർത്താക്കുറിപ്പ് പുറത്തുവിട്ടത്.
ഇറാന്റെ സാമ്പത്തിക സ്രോതസുകൾ പൂർണമായി അടച്ചുപൂട്ടുകയെന്ന ലക്ഷ്യത്തോടെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് തിങ്കളാഴ്ച പ്രഖ്യാപിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന നടപടിയുടെ ഭാഗമായാണ് ഈ നീക്കം. ഇറാനുമായുള്ള സാമ്പത്തികബന്ധം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം തിരിച്ചടി നേരിടേണ്ടി വരുമെന്നും യുഎസ് വിവിധ രാജ്യങ്ങൾക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പോർട്ട് ഈസ് പാർട്ണേഴ്സ് എൽഎൽപി, സദാശിവ ഓവർസീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇൻഫ്രാ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കാണ് ഉപരോധമേർപ്പെടുത്തിയത്.
ഇറാനിൽനിന്നു പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങൽ, വിപണനം എന്നിവയിൽ ബോധപൂർവം പങ്കാളികളായതിനാണ് ഈ കമ്പനികളെ ഉപരോധപട്ടികയിൽ ഉൾപ്പെടുത്തിയതെന്നു പ്രസ്താവനയിൽ പറയുന്നു.
Tags : Iran OilImporting USSanctions IndianCompanies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash