മെക്സിക്കോ സിറ്റി: ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് കുതിക്കുന്ന മെഴ്സിഡസ് ഡ്രൈവർ കിമി ആന്റോണെല്ലിക്ക് വൈറൽ പനി. മെക്സിക്കോ ഗ്രാൻപ്രീക്ക് മുമ്പാണ് താരത്തിന് പനിപിടിച്ചത്. ആരോഗ്യപ്രശ്നത്തെത്തുടർന്ന് മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് താരത്തെ ഒഴിവാക്കി. വിശ്രമത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ അവസരം നൽകിയിരിക്കുകയാണെന്നും പരിശീലന സെഷനുകളിൽ താരം പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മെഴ്സിഡസും എഫ്ഐഎയും അറിയിച്ചു.
ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടത്തിന് അരികിലാണ് 20കാരനായ ആന്റോണെല്ലി. കഴിഞ്ഞയാഴ്ച ഓസ്റ്റിനിൽ നടന്ന യുഎസ് ഗ്രാൻപ്രീയിൽ വിജയിച്ച ശേഷമാണ് താരം മെക്സിക്കോയിലെത്തിയത്. സീസണിൽ ഇനി അഞ്ച് റേസുകൾ മാത്രം ശേഷിക്കെ ടീം അംഗവും പ്രധാന എതിരാളിയുമായ ജോർജ് റസലിനെക്കാൾ 123 പോയിന്റിന്റെ വ്യക്തമായ ലീഡാണ് താരത്തിനുള്ളത്.
ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പരമാവധി 125 പോയിന്റ് മാത്രമേ ഒരു താരത്തിന് നേടാനാകൂ. ഞായറാഴ്ച ഓട്ടോഡ്രോമോ ഹെർമാനോസ് റോഡ്രിഗസ് ട്രാക്കിൽ നടക്കുന്ന മെക്സിക്കോ ഗ്രാൻപ്രീയിൽ ഒമ്പതാം സ്ഥാനത്തോ അതിനു മുകളിലോ ഫിനിഷ് ചെയ്യാനായാൽ ലോക കിരീടം ഉറപ്പിക്കാം. റസൽ മത്സരത്തിൽ വിജയിച്ചാലും ഈ നേട്ടം സ്വന്തമാക്കാൻ താരത്തിന് സാധിക്കും.