ടെക്സസ്: 2022 ഫിഫ ലോകകപ്പില്‍ ട്രെന്‍ഡിംഗ് ആയത് മെസിക്കൊരു കപ്പ് എന്നായിരുന്നെങ്കില്‍, 2026ല്‍ അതിനു ചെറിയൊരു മാറ്റം; സിആര്‍7ന് ഒരു ലോകകപ്പ്.
ഫുട്ബോള്‍ ലോകം കണ്ട, ഏറ്റവും അധ്വാനശീലവും അച്ചടക്കവുമുള്ള ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഇന്നു കളത്തില്‍. 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെയില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ കോംഗോയ്ക്ക് എതിരേയാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.30നാണ് കിക്കോഫ്. സിആര്‍7ന്റെ തുടര്‍ച്ചയായ ആറാം ഫിഫ ലോകകപ്പ്.
റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ശിക്ഷണത്തില്‍ ഇറങ്ങുന്ന പോര്‍ച്ചുഗല്‍, 2026 ലോകകപ്പിലെ കിരീടസാധ്യതയിൽ ഹോട്ട് ഫേവറിറ്റ് സീറ്റിലുള്ള ടീമുകളില്‍ ഒന്നാണ്. 2022 ലോകകപ്പില്‍ റൊണാള്‍ഡോയെ സൈഡ് ബെഞ്ചില്‍ ഇരുത്തിയ കാഴ്ച അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇന്നും വേദനാജനകം.
ഖത്തര്‍ ലോകകപ്പിനു പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് വിടപറഞ്ഞതും സൗദി പ്രൊലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയില്‍ ചേക്കേറിയതും. അല്‍ നസറില്‍ എത്തിയശേഷം ആദ്യമായി സൂപ്പര്‍ ലീഗ് നേടിയാണ് സിആര്‍7 ലോകകപ്പ് വേദിയിലെത്തുന്നതെന്നതും ശ്രദ്ധേയം.
രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരം, ഏറ്റവും കൂടുതല്‍ ഗോള്‍, പ്രഫഷണല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ തുടങ്ങിയ റിക്കാര്ഡുകാരനായ റൊണാള്‍ഡോയ്ക്ക് ഒരു ലോകകപ്പ് നേട്ടം പറയാനില്ലെങ്കില്‍ കാവ്യനീതിയിലെ വിശ്വാസം ഇല്ലാതാകും...
2026 ഫിഫ ലോകകപ്പിലെ ആദ്യ തീപ്പൊരി പോരാട്ടം, ഗ്രൂപ്പ് ജെയില്‍ ഹാരി കെയ്ന്‍ നയിക്കുന്ന ഇംഗ്ലണ്ടും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും തമ്മില്‍. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1.30നാണ് ഈ സൂപ്പര്‍ ക്ലാഷ്.
ഗ്രൂപ്പ് എയിലെ മറ്റൊരു പോരാട്ടത്തില്‍ ഘാനയും പാനമയും ഏറ്റുമുട്ടും. വ്യാഴം പുലര്‍ച്ചെ 4.30നാണ് ഘാനയും പാനമയും കൊമ്പുകോര്‍ക്കുന്നത്. തുടര്‍ന്ന് വ്യാഴം രാവിലെ 7.30ന് ഉസ്ബക്കിസ്ഥാനും കൊളംബിയയും മുഖാമുഖം ഇറങ്ങും. അതോടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് പൂര്‍ത്തിയാകും. തുടര്‍ന്ന് വ്യാഴം രാത്രി 9.30 മുതല്‍ രണ്ടാം റൗണ്ട് പോരാട്ടാരംഭം.
Tags : Portugal England FIFA World Cup Football Cristiano Ronaldo