തേവർകാട് കൺവൻഷൻ സെന്ററിനടുത്തെ കൾവർട്ടിലെ അപായകുഴി.
വടക്കഞ്ചേരി: കൊക്കർണികുളം പോലെയായി അപകടപരമ്പര അരങ്ങേറുന്ന മംഗലം - ഗോവിന്ദാപുരം അന്തർസംസ്ഥാന പാതയിൽ വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനടുത്തെ കുഴി ഒഴിവാക്കാൻ ഇവിടുത്തെ കൾവർട്ടിന്റെ പണി ഇന്ന് തുടങ്ങും.
ഇതിനാൽ വാഹനഗതാഗതം ഭാഗികമാകുമെന്ന് അധികൃതർ അറിയിച്ചു. ഒരു വശത്തുകൂടെയാകും വാഹനങ്ങൾ കടത്തിവിടുക. നിർമാണം പൂർത്തിയാകും വരെ ഇത് തുടരും. റോഡിലെ കുഴിയെക്കുറിച്ച് ഞായറാഴ്ചയിലെ ദീപികയിൽ പടം സഹിതം വാർത്ത നൽകിയിരുന്നു. കുഴിവില്ലനായി ഇവിടെ കാർ മറിഞ്ഞ് കഴിഞ്ഞ ദിവസം അധ്യാപക ദമ്പതികൾക്ക് പരിക്കേറ്റ സംഭവമുണ്ടായി.
കുഴികണ്ട് കാർ നിർത്തിയപ്പോൾ പിറകിൽ വന്നിരുന്ന ലോറി കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ ഇരുഭാഗത്തും റോഡ് കുറച്ചു ദൂരം ഭേദപ്പെട്ടതായതിനാൽ വേഗതയിൽ വന്ന് വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുകയാണ്.കഴിഞ്ഞവർഷം റോഡ് ടാറിംഗിന്റെ മെയിന്റനൻസ് നടന്നപ്പോൾ കൾവർട്ട് പുതുക്കിപണിയുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീടത് നീണ്ടുപോവുകയായിരുന്നു. ഇതിനാൽ മഴവെള്ളം ഇവിടെ കെട്ടി നിൽക്കുന്ന സ്ഥിതിയുണ്ടായി. വർഷത്തിൽ പലതവണ മൂടുന്ന കുഴികൾ പെട്ടെന്ന് കേടുവരാനും വെള്ളക്കെട്ട് കാരണമാണ്.
വഴിയോരത്തെ ഡ്രെയ്നേജുകളെല്ലാം മണ്ണും മാലിന്യങ്ങളും നിറഞ്ഞു മൂടികിടക്കുന്നതിനാൽ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.