വടക്കഞ്ചേരി ടൗണിൽ മിഷൻ സ്കൂളിനു സമീപം കറങ്ങുന്ന തെരുവ് നായകൾ.
വടക്കഞ്ചേരി: പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് വടക്കഞ്ചേരി ടൗണിലും ബോർഡ് സ്ഥാപിക്കേണ്ട സ്ഥിതിയാണിപ്പോൾ. തെരുവുനായ്ക്കൾ അത്രയേറെ ടൗണിൽ പെരുകിയിരിക്കുകയാണ്. സ്കൂളുകൾക്കു മുന്നിലെല്ലാം നായപ്പടയാണ്.
സമീപ പ്രദേശങ്ങളിൽ നിന്നും നായ്ക്കളുടെ അനധികൃത കുടിയേറ്റവും ടൗണിലേക്ക് ഉണ്ടെന്നാണ് ടൗൺ നിവാസിയായ പി.കെ. ഗുരു പറയുന്നത്.
ഓരോ നായ്ക്കൂട്ടങ്ങൾക്കും ടൗണിൽ പ്രത്യേക കേന്ദ്രങ്ങളുണ്ട്. ഇവിടേക്ക് മറ്റു നായ്ക്കൾ കടന്നുവന്നാൽ പിന്നെ നായ്ക്കലിയാകും അരങ്ങേറുക. ഇതിനിടയിൽ കുട്ടികളോ മറ്റു യാത്രക്കാരോ പെട്ടാൽ അപകടമുണ്ടാകും. രാത്രിയായാൽ വാഹനങ്ങൾക്ക് നേരെയും നായ്ക്കൾ കുരച്ച് പാഞ്ഞെത്തും.
വാഹനം നിർത്തിയാൽ കൂട്ടത്തോടെ ഓടിയെത്തി ആക്രമണസ്വഭാവം കാണിക്കും.
ബസ് സ്റ്റാൻഡിലും കിഴക്കഞ്ചേരി റോഡിലും ഗ്രാമം റോഡിലും റോയൽ ജംഗ്ഷനിലും സ്റ്റാൻഡിനടുത്തെ മെയിൻ റോഡിലും നായ്ക്കൂട്ടങ്ങളുണ്ട്. നായ്ക്കളെ പുനരധിവസിപ്പിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.