പരവൂര്‍: ഇന്ത്യന്‍ റെയില്‍വേ നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങളെത്തുടര്ന്ന് സിമന്റ് ചരക്കുനീക്കത്തില്‍ റിക്കാര്‍ഡ് വര്‍ധന. കഴിഞ്ഞ നാല് മാസത്തിനിടെ സിമന്റ് ഗതാഗതത്തില്‍ 170 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. റോഡ് മാര്‍ഗമുള്ള സിമന്റ് കടത്ത് കുറച്ച് പരിസ്ഥിതി സൗഹൃദമായ റെയില്‍വേ പാതയിലേക്ക് മാറ്റുന്നതിനായി കഴിഞ്ഞ നവംബറിലാണ് പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പ്രത്യേകം രൂപകല്‍പ്പന ചെയ്ത ടാങ്ക് കണ്ടെയ്നറുകള്‍ ഉപയോഗിച്ചുള്ള പുതിയ സംവിധാനം സിമന്റ് നേരിട്ട് നിര്‍മാണ മേഖലകളില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇതുവഴി ലോഡിംഗിലും അണ്ലോഡിംഗിലുമുള്ള സമയനഷ്ടവും സിമന്റ് പാഴാകുന്നത് ഒഴിവാക്കാനും സാധിക്കുന്നുണ്ട്. ഇത് നിര്‍മാണ മേഖലയിലെ ചെലവ് കുറയ്ക്കാനും സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും വീട് നിര്‍മാണം കൂടുതല്‍ ആശ്വാസകരമാക്കാനും സഹായിക്കുമെന്ന് റെയില്‍വേ മത്രാലയം അധികൃതര്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മിച്ച ഈ കണ്ടെയ്നറുകള്‍ ട്രെയിനില്‍നിന്ന് ട്രെയിലറുകളിലേക്ക് എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്നവയാണ്.
സിമന്റ് ഗതാഗതത്തിലുണ്ടായ വിജയം ആവര്‍ത്തിക്കാന്‍ ‘ഫ്ലൈ ആഷ്’ വിപണിയിലേക്കും റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. താപനിലയങ്ങളില്‍നിന്ന് പുറന്തള്ളുന്ന ഫ്ലൈ ആഷ് നിലവില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് റെയില്‍വേ വഴി നീക്കം ചെയ്യുന്നത്. രാജ്യത്ത് പ്രതിവര്‍ഷം 300 ദശലക്ഷം മെട്രിക് ടണ്‍ ഫ്ലൈ ആഷ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും 13 ദശലക്ഷം ടണ്‍ മാത്രമാണ് റെയില്‍വേ കൈകാര്യം ചെയ്യുന്നത്.
ഇഷ്ടിക നിര്‍മാണം, റോഡ് പണി, സിമന്റ് നിര്‍മാണം എന്നിവയ്ക്ക് ഫ്ലൈ ആഷ് വലിയ തോതില്‍ ഉപയോഗിക്കാം. ഇത് മാലിന്യത്തെ സമ്പത്താക്കി മാറ്റുന്ന വലിയൊരു അവസരമാണെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഫ്ലൈ ആഷ് ഗതാഗതം വര്‍ധിപ്പിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും നിര്‍മാണ സാമഗ്രികളുടെ വില കുറയ്ക്കാനും സാധിക്കുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഇതിനായി റെയില്‍വേ ബോര്‍ഡ് പ്രത്യേക കര്‍മപദ്ധതികള്‍ക്ക് രൂപം നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Tags : Railways cement moving goods train 170 percent increase