പരവൂര്‍: റെയില്‍വേ സ്റ്റേഷനുകളിലെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനും യാത്രക്കാര്‍ക്കു സമാധാനപരമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനുമായി ഇന്ത്യന്‍ റെയില്‍വേ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തമാക്കി.
ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരേയും രാത്രികാലങ്ങളില്‍ സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കുന്നവര്ക്കെതിരേയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
ശുചിത്വ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണു റെയില്‍വേ സ്വീകരിക്കുന്നത്. വെസ്റ്റേണ്‍ റെയില്‍വേയില്‍ മാത്രം കഴിഞ്ഞ ഏപ്രിലില്‍ ട്രെയിനിലും പരിസരത്തും തുപ്പിയതിനും മാലിന്യം തള്ളിയതിനും 2,657 പേരെയാണു പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഇത് വെറും 227 ആയിരുന്നു. പിഴത്തുകയിലും 13 ഇരട്ടി വര്‍ധനയുണ്ടായി. 42,050 രൂപയില്‍നിന്ന് 5.37 ലക്ഷമായാണ് പിഴത്തുക ഉയര്‍ന്നത്.
സിസിടിവി നിരീക്ഷണം ശക്തമാക്കിയതും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചതുമാണു നിയമ ലംഘകരെ പിടികൂടാന്‍ സഹായിച്ചത്. റെയില്‍വേ ആക്ട് സെക്ഷന്‍ 198 പ്രകാരം സീറോ ടോളറന്‍സ് നയമാണ് അധികൃതര്‍ പിന്തുടരുന്നത്. മണ്‍സൂണ്‍ കാലത്ത് മാലിന്യങ്ങള്‍ ഡ്രെയിനേജ് സംവിധാനങ്ങളെ തടസപ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്ന് റെയില്‍വേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാത്രി 10 മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്ത് യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ റെയില്‍വേ വീണ്ടും ഓര്‍മിപ്പിച്ചു. ഫോണിലൂടെ ഉച്ചത്തിലുള്ള സംസാരവും സ്പീക്കറില്‍ പാട്ട് കേള്‍ക്കുന്നതും നിരോധിച്ചു. യാത്രക്കാര്‍ നിര്‍ബന്ധമായും ഇയര്‍ഫോണുകള്‍ ഉപയോഗിക്കണം.
രാത്രി 10നു ശേഷം മിഡില്‍ ബര്‍ത്ത് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്കായി വിട്ടുകൊടുക്കണം. ഉറക്കത്തിനു തടസമാകുന്ന തരത്തിലുള്ള വെളിച്ചം ഒഴിവാക്കി നൈറ്റ് ലൈറ്റുകള്‍ മാത്രം ഉപയോഗിക്കണം. രാത്രി 10നു ശേഷം ട്രെയിനില്‍ കയറുന്നവരൊഴികെ മറ്റുള്ളവരുടെ ടിക്കറ്റ് പരിശോധന ഒഴിവാക്കാന്‍ ടിടിഇമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാത്രിയാത്രയില്‍ ഭക്ഷണത്തിനായി ഇ കാറ്ററിംഗ് വഴി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രത്യേക അടിയന്തര സര്‍ക്കുലര്‍ റെയിൽ മന്ത്രാലയം എല്ലാ സോണല്‍ മേധാവികള്‍ക്കും കൈമാറിയിട്ടുണ്ട്.
Tags : Stricter rules night travel cleanliness railways Train