ബ്രസൽസ്: യൂറോപ്യൻ രാജ്യങ്ങളിലൂടെയുള്ള ട്രെയിൻ യാത്രകൾ ഇനി വിമാനയാത്ര പോലെ ലളിതമാകുന്നു. വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന നീണ്ട യാത്രകൾക്കായി ഓരോ കമ്പനിയുടെയും സൈറ്റിൽ കയറി ടിക്കറ്റുകൾ എടുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ നിയമവുമായി യൂറോപ്യൻ യൂണിയന്റെ (ഇയു).
യാത്രക്കാർക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ:
1. ഒരൊറ്റ ടിക്കറ്റ്, ഒരു പ്ലാറ്റ്ഫോം: എല്ലാ റെയിൽവേ കമ്പനികളും തങ്ങളുടെ എതിരാളികളുടെ ടിക്കറ്റുകൾ കൂടി സ്വന്തം വെബ്സൈറ്റിലൂടെ വിൽക്കണമെന്ന് പുതിയ നിയമം നിർദേശിക്കുന്നു.
ഇതിലൂടെ യാത്രക്കാർക്ക് വിവിധ ട്രെയിനുകൾ താരതമ്യം ചെയ്യാനും ഒരൊറ്റ പെയ്മെന്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും.
2. കണക്ഷൻ ട്രെയിൻ മിസായാൽ പേടി വേണ്ട: യാത്രക്കിടയിൽ ഏതെങ്കിലും ഒരു ട്രെയിൻ വൈകിയത് കാരണം അടുത്ത ട്രെയിൻ മിസ്സായാൽ, റെയിൽവേ കമ്പനി തന്നെ ടിക്കറ്റ് തുക തിരിച്ചുനൽകുകയോ മറ്റൊരു ട്രെയിനിൽ യാത്ര സൗകര്യപ്പെടുത്തുകയോ വേണം.
ആവശ്യമെങ്കിൽ ഭക്ഷണവും താമസവും നൽകാനും കമ്പനികൾ ബാധ്യസ്ഥരായിരിക്കും.
3. വിമാനത്തേക്കാൾ ലാഭം: ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ട്രെയിൻ യാത്ര കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ വിമാനയാത്രയ്ക്ക് പകരം ട്രെയിൻ യാത്രയെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും.
എന്തുകൊണ്ട് ഈ മാറ്റം?
നിലവിൽ യൂറോപ്പിൽ ഒരു രാജ്യാന്തര ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ 70 ശതമാനം കൂടുതൽ സമയം എടുക്കുന്ന ഒന്നാണ്. ഈ സങ്കീർണത ഒഴിവാക്കിയാൽ കൂടുതൽ ആളുകൾ ട്രെയിനിനെ ആശ്രയിക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ വിശ്വസിക്കുന്നു.
എതിർപ്പുമായി റെയിൽവേ കമ്പനികൾ:
തങ്ങളുടെ ഡാറ്റാ കൈമാറുന്നതും എതിരാളികളുടെ ടിക്കറ്റുകൾ വിൽക്കുന്നതും ബിസിനസിനെ ബാധിക്കുമെന്ന് കാട്ടി പല പ്രമുഖ റെയിൽവേ കമ്പനികളും ഈ നീക്കത്തെ എതിർക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് നിയമം നടപ്പിലാക്കാനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.
അതിർത്തികൾ കടന്നുള്ള യൂറോപ്പ് യാത്രകൾ ഇനിമുതൽ സ്മാർട്ടാകും
യാത്രക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതുമായി മാറും, മാത്രമല്ല കേരളത്തിൽ നിന്ന് ഷെങ്കൻ വിസയിൽ ജർമനി സന്ദർശിക്കാൻ, യൂറോപ്പ് കറങ്ങാൻ, ചുറ്റിയടിക്കാൻ എത്തുന്നവർക്ക് ഈ ടിക്കറ്റ് സംവിധാനം ഏറെ ഗുണം ചെയ്യും.
Tags : EU Rail Journeys Train Single Ticket Travel Rules