പ്രതീകാത്മക ചിത്രം
ദുബായി: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് മലയാളികളും ഉണ്ട്. മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ധിഖിന്റെ ഇരട്ടമക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21) മിസ്നയുടെ മകൻ മുഹമ്മദ് ഫായിസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടാത്.
ഒരു ട്രക്കും നിരവധി വാഹനങ്ങളും തമ്മിലുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ നിരവധി ആളുകൾ സംഭവസ്ഥലത്തുതന്നെ മരിക്കുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഫുജൈറ പൊലിസ് ജനറൽ കമാൻഡ് അറിയിച്ചു.
അപകടത്തെ തുടർന്ന് സ്ഥലത്ത് വൻ ഗതാഗതക്കുരുക്കും രക്ഷാപ്രവർത്തനവും നടന്നു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ തകർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടില്ല.