വീരേന്ദർ സെവാഗും മകൻ ആര്യവീറും
ന്യൂഡൽഹി: സെവാഗ് എന്ന പേര് കേട്ടാൽ ക്രിക്കറ്റ് ആരാധകരുടെ മനസിൽ ആദ്യം തെളിയുന്നത് ബൗണ്ടറികൾ കടന്നുപായുന്ന പന്തുകളാണ്. ആ ഓർമകൾക്ക് വീണ്ടും ജീവൻ നൽകുകയാണ് മകൻ ആര്യവീർ. അണ്ടർ19 ഏഷ്യാ കപ്പിൽ ഈ കൗമാര താരത്തിന്റെ പ്രകടനം ഇതിനു തെളിവായി മാറിയിരിക്കുകയാണ്. യുഎഇക്കെതിരെ കഴിഞ്ഞ ദിവസം 160 റൺസ് അടിച്ചുകൂട്ടിയതോടെ അച്ഛന്റെ പാതയിൽ മകന്റെയും വെടിക്കെട്ട് യാത്ര തുടങ്ങിയിരിക്കുന്നു. യുഎഇക്കെതിരെ 17 ഫോറും ഏഴ് സിക്സറും പറത്തിയ ആര്യവീറിന്റെ ഇന്നിംഗ്സ് വെറുമൊരു സെഞ്ചുറി പ്രകടനമല്ല ക്രിക്കറ്റ് ലോകത്തിന് മുന്നിലുള്ള തന്റെ വരവറിയിക്കൽ കൂടിയാണ്.
അച്ഛന് നൽകിയ വാക്ക് പാലിച്ച ഇന്നിംഗ്സ്
വീരേന്ദർ സെവാഗിന്റെ ക്രിക്കറ്റ് കാഴ്ചപ്പാടും ബാറ്റിംഗ് തത്വങ്ങളും ആര്യവീറിന്റെ വളർച്ചയിലും സ്വാധീനം ചെലുത്തുന്നുണ്ട്. അതിന്റെ മനോഹരമായ ഉദാഹരണമായിരുന്നു യുഎഇക്കെതിരായ തകർപ്പൻ ഇന്നിംഗ്സ്. സെഞ്ചുറി നേടുക എന്നതിൽ മാത്രം ഒതുങ്ങരുതെന്നും ഒരിക്കൽ മൂന്നക്കം കടന്നാൽ സ്കോർ 150 റൺസിന് മുകളിലെത്തിക്കാൻ ശ്രമിക്കണമെന്നുമായിരുന്നു മകനോട് സെവാഗ് നൽകിയ ഉപദേശം. വലിയ സ്കോറുകൾ കണ്ടെത്താനുള്ള മനോഭാവവും ക്രീസിൽ ലഭിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശീലവുമാണ് ഈ ഉപദേശത്തിന് പിന്നിൽ.
അച്ഛന്റെ വാക്കുകൾ മനസിൽ സൂക്ഷിച്ചാണ് ആര്യവീർ യുഎഇക്കെതിരെ ബാറ്റ് വീശിയത്. തുടക്കത്തിൽ വിക്കറ്റുകൾ കാത്തുസൂക്ഷിച്ച് ക്ഷമയോടെ കളിച്ച താരം 131 പന്തുകൾ നേരിട്ടാണ് സെഞ്ചുറി പൂർത്തിയാക്കിയത്. എന്നാൽ മൂന്നക്കം കടന്നതോടെ ബാറ്റിംഗ് ടോപ് ഗിയറിലേക്ക് മാറ്റി. പിന്നീട് ക്രീസിൽ കണ്ടത് ആര്യവീറിന്റെ ആക്രമണോത്സുക മുഖമായിരുന്നു. തുടർന്നുള്ള വെറും 37 പന്തുകളിൽ നിന്ന് 60 റൺസ് കൂടി അടിച്ചെടുത്തതോടെ സ്കോർ 160-ലെത്തി.
ഈ ഘട്ടത്തിൽ പന്ത് അതിർത്തികൾ കടന്നുപായുന്ന ഷോട്ടുകളിലൂടെ ബൗളർമാരുടെ മേൽ ആധിപത്യം സ്ഥാപിക്കാനും താരത്തിനായി. 17 ഫോറുകളും ഏഴ് സിക്സറുകളും ഉൾപ്പെട്ട ഇന്നിംഗ്സ് അച്ഛന് നൽകിയ വാക്ക് പാലിക്കുക മാത്രമല്ല, വലിയ ഇന്നിംഗ്സുകൾ കളിക്കാനുള്ള തന്റെ കഴിവും ആത്മവിശ്വാസവും തെളിയിക്കുന്നതായി. സെവാഗിന്റെ ഉപദേശം വെറുമൊരു വാക്കായി ഒതുങ്ങിയില്ല മകന്റെ ബാറ്റിൽ അത് റൺമഴയായി പെയ്തിറങ്ങുകയായിരുന്നു.
തുടക്കത്തിൽ കരുതൽ, പിന്നെ വെടിക്കെട്ട്
ബാറ്റിങ്ങിൽ അച്ഛൻ വീരേന്ദർ സെവാഗിന്റെ അതേ ആക്രമണോത്സുക ശൈലിയല്ല ആര്യവീറിന്റേത്. ആദ്യ പന്തുമുതൽ ബൗളർമാരെ കടന്നാക്രമിക്കുന്ന സെവാഗിൽനിന്ന് വ്യത്യസ്തമായി ക്രീസിൽ നിലയുറപ്പിക്കാനും ബൗളർമാരുടെ താളവും പന്തിന്റെ സ്വഭാവവും മനസിലാക്കാനും സമയം കണ്ടെത്തുന്ന രീതിയാണ് ആര്യവീർ പിന്തുടരുന്നത്. തുടക്കത്തിൽ റൺസ് കണ്ടെത്തുന്നതിനേക്കാൾ വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റിംഗ് മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് താരം പ്രാധാന്യം നൽകുന്നത്. എന്നാൽ ഒരിക്കൽ ക്രീസിൽ ആത്മവിശ്വാസം കൈവന്നാൽ പിന്നെ ബൗളർമാർക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല.
യുഎഇക്കെതിരായ മത്സരത്തിൽ ആദ്യ റൺ കണ്ടെത്താൻ തന്നെ 14 പന്തുകൾ ആര്യവീറിന് വേണ്ടിവന്നു. തുടക്കത്തിലെ ഈ കരുതൽ കണ്ടപ്പോൾ വലിയൊരു ഇന്നിംഗ്സിലേക്കുള്ള സൂചനയാണെന്ന് ആരും കരുതിയിരിക്കണമെന്നില്ല. എന്നാൽ ക്രീസിൽ നിലയുറപ്പിച്ചശേഷം താരം പതിയെ ബാറ്റിംഗിന്റെ വേഗം കൂട്ടി. ഗ്യാപ്പുകൾ കണ്ടെത്തി സിംഗിളുകളും ഡബിളുകളും നേടിയെടുക്കുന്നതിനൊപ്പം മോശം പന്തുകളെ അതിർത്തി കടത്താനും തുടങ്ങി. പിന്നീട് ബൗളർമാർക്ക് മേൽ സമ്മർദം ചെലുത്തുന്ന രീതിയിലേക്ക് ഇന്നിംഗ്സ് മാറി. തുടക്കത്തിൽ ക്ഷമയോടെ പന്തുകളെ നേരിട്ട അതേ താരം പിന്നീട് അനായാസം സിക്സറുകളും ഫോറുകളും പായിക്കുന്ന കാഴ്ചയായിരുന്നു മൈതാനത്ത്.
ആദ്യ 131 പന്തുകളിൽ സെഞ്ചുറി നേടിയ ആര്യവീർ പിന്നീട് വെറും 37 പന്തുകളിൽ 60 റൺസ് കൂടി അടിച്ചെടുത്തത് ഈ മാറ്റത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. തുടക്കത്തിലെ കരുതലും അവസാനഘട്ടത്തിലെ ആക്രമണവും ചേർന്നപ്പോൾ 160 റൺസിന്റെ തകർപ്പൻ ഇന്നിംഗ്സ് പിറന്നു. അച്ഛന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽനിന്ന് വ്യത്യസ്തമായ ശൈലിയാണെങ്കിലും വലിയ സ്കോറുകൾ കണ്ടെത്താനുള്ള മനോഭാവത്തിൽ ഇരുവരും തമ്മിൽ സാമ്യമുണ്ട്. ക്ഷമയോടെ തുടങ്ങി അവസരം ലഭിക്കുമ്പോൾ എതിരാളികളെ കടന്നാക്രമിക്കുന്ന ആര്യവീറിന്റെ ഈ ബാറ്റിങ് രീതി തന്നെയാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്.
ജൂനിയർ ക്രിക്കറ്റിൽ നേരത്തെ അടയാളപ്പെടുത്തിയ പ്രതിഭ
ജൂനിയർ ക്രിക്കറ്റിൽ ഡൽഹിക്കുവേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് ആര്യവീർ ശ്രദ്ധ നേടിത്തുടങ്ങിയത്. 2024 നവംബറിൽ കൂച്ച് ബെഹാർ ട്രോഫിയിൽ മേഘാലയക്കെതിരെ നേടിയ 297 റൺസായിരുന്നു ആദ്യത്തെ വലിയ നേട്ടങ്ങളിലൊന്ന്. 309 പന്തിൽ 51 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടെയായിരുന്നു ആ ഇന്നിംഗ്സ്. വെറും മൂന്ന് റൺസ് അകലെ ട്രിപ്പിൾ സെഞ്ചുറി നഷ്ടമായെങ്കിലും ആ പ്രകടനം താരത്തിന്റെ മാറ്റ് തെളിയിച്ചു. 2026 ഒക്ടോബറിൽ വിനൂ മങ്കാദ് ട്രോഫിയിൽ ഡൽഹി അണ്ടർ 19 ടീമിനെ നയിച്ച ആര്യവീർ ചണ്ഡീഗഢിനെതിരെ 143 പന്തിൽ 173 റൺസും നേടി. 19 ഫോറുകളും എട്ട് സിക്സറുകളും ഉൾപ്പെട്ട ഇന്നിംഗ്സിൽ 124 റൺസും ബൗണ്ടറികളിലൂടെയാണ് നേടിയത്. സ്ഥിരതയാർന്ന ഈ പ്രകടനങ്ങൾ താരത്തിന്റെ വളർച്ചയ്ക്ക് കരുത്തായി.
ലീഗിലെ സാന്നിധ്യവും ജൂനിയർ ടീമിലെ അരങ്ങേറ്റവും
ജൂനിയർ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്കൊപ്പം പ്രൊഫഷണൽ ക്രിക്കറ്റിന്റെ കൂടുതൽ കടുപ്പമേറിയ വേദികളിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്ആര്യവീർ. ഡൽഹി പ്രീമിയർ ലീഗിലൂടെയാണ് ടി20 ക്രിക്കറ്റിൽ താരം സാന്നിധ്യമറിയിച്ചത്. 2025 സീസണിൽ സെൻട്രൽ ഡൽഹി കിംഗ്സിനായി കളിച്ച ആര്യവീർ, 2026 സീസണിൽ വെസ്റ്റ് ഡൽഹി ലയൺസിന്റെ ഭാഗമായി. ടി20 ക്രിക്കറ്റിന്റെ വേഗതയേറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും വ്യത്യസ്തമായ ബൗളിംഗ് ശൈലികളെ നേരിടാനുമുള്ള അവസരമായിരുന്നു ഈ ലീഗ് മത്സരങ്ങൾ.
ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങൾക്കുള്ള അംഗീകാരമായിരുന്നു ഇന്ത്യൻ അണ്ടർ 19 ടീമിലേക്കുള്ള വിളി. ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് ആര്യവീർ ഇന്ത്യൻ ജൂനിയർ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. രാജ്യത്തിനായി ആദ്യമായി കളിക്കാനിറങ്ങിയ പരമ്പരയിൽ തന്നെ ശ്രദ്ധേയമായ തുടക്കമാണ് താരം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 28, 47, 34 എന്നിങ്ങനെയായിരുന്നു സ്കോറുകൾ.
വലിയ ഇന്നിംഗ്സുകളിലേക്ക് ഉയരാനായില്ലെങ്കിലും മൂന്ന് മത്സരങ്ങളിലും ഭേദപ്പെട്ട സംഭാവന നൽകാൻ സാധിച്ചത് താരത്തിന്റെ സ്ഥിരതയുടെ സൂചനയായി. ഇന്ത്യൻ ജൂനിയർ ടീമിലെ അരങ്ങേറ്റത്തിന് പിന്നാലെ അണ്ടർ 19 ഏഷ്യാ കപ്പിലും മികച്ച പ്രകടനം ആവർത്തിക്കുകയാണ് ആര്യവീർ. അച്ഛന്റെ പേരിന്റെ തണലിൽ മാത്രം ഒതുങ്ങാതെ സ്വന്തം പ്രകടനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ ഇടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ യുവതാരം.
Tags : AryaveerSehwag VirenderSehwag IndianCricket U19AsiaCup Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash