ന്യൂഡൽഹി: ഒമാനിൽ നടക്കുന്ന എസിസി പുരുഷ അണ്ടർ-19 ഏഷ്യാകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ നായകനും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവേയ് ദ്രാവിഡും മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗും ടീമിൽ ഇടംപിടിച്ചു.
നവംബർ അഞ്ച് മുതൽ 14 വരെ ഒമാനിലെ മസ്കറ്റിലാണ് ടൂർണമെന്റ് നടക്കുന്നത്. ലക്ഷ്യ റായ്ചന്ദാനിയാണ് ടീമിനെ നയിക്കുക. അടുത്തിടെ സമാപിച്ച വിനൂ മങ്കാദ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവരെയും ഇന്ത്യൻ അണ്ടർ-19 ടീമിലെത്തിച്ചത്. 17കാരനായ അൻവേയ് ദ്രാവിഡ് ഒക്ടോബർ ആദ്യം ഗുജറാത്തിനെതിരായ മത്സരത്തിൽ 100 പന്തിൽ 151 റൺസ് നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.
ഈ വർഷം ജൂലൈയിൽ ഹമ്പൻതോട്ടയിൽ ശ്രീലങ്കയ്ക്കെതിരായ യൂത്ത് ഏകദിനത്തിൽ 67 പന്തിൽ 87 റൺസും താരം നേടിയിരുന്നു. 19കാരനായ ആര്യവീർ സെവാഗും വിനൂ മങ്കാദ് ട്രോഫിയിൽ മികച്ച പ്രകടനമാണ് നടത്തിയത്. ചണ്ഡീഗഢിനെതിരായ മത്സരത്തിൽ 143 പന്തിൽ 173 റൺസാണ് ആര്യവീർ അടിച്ചെടുത്തത്.
ടീം: ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റൻ), യഷ് വർധൻ സിംഗ് ചൗഹാൻ (വൈസ് ക്യാപ്റ്റൻ), ആര്യവീർ സെവാഗ്, അൻവേയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), വി.കെ. വിനീത്,കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനൽ ചൗഹാൻ, രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), വി. യശ്വീർ, ആര്യൻ സവ്സാനി, മോഹിത് ഉൽവ, കാവ്യ പട്ടേൽ, ഷാവിൻ വിനോദ്, ഇഷാൻ സൂദ്